ഗുജറാത്ത് കലാപത്തിൽ മോദിയുെട പങ്ക്: വാദംകേൾക്കൽ 26ലേക്ക് മാറ്റി
text_fieldsന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻ ചിറ്റ് നൽകിയതിനെതിരെ സകിയ ജാഫരി നൽകിയ ഹരജിയിൽ വാദംകേൾക്കുന്നത് സുപ്രീംകോടതി ഇൗ മാസം 26ലേക്ക് മാറ്റി. വിശദ വാദംകേൾക്കലിന് സമയം ആവശ്യമായതിനാലാണ് 26ലേക്ക് മാറ്റുന്നതെന്ന് ജസ്റ്റിസ് എ.എം. ഖാൻവിൽകർ, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ഹരജിയിൽ തന്നെയും കക്ഷിചേർക്കണമെന്ന സാമൂഹിക പ്രവർത്തക ടീസ്റ്റ സെറ്റൽവാദിെൻറ അപേക്ഷയും അന്ന് പരിശോധിക്കും.
2002ൽ ഗുജറാത്തിലെ ഗോധ്രയിലുണ്ടായ കലാപ ഗൂഢാലോചനയിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ നടപടിക്കെതിരെയാണ് സകിയ ജാഫരി സുപ്രീംകോടതിയെ സമീപിച്ചത്. മോദിക്ക് കലാപത്തിൽ പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ കണ്ടെത്തൽ കഴിഞ്ഞവർഷം ഒക്ടോബർ അഞ്ചിന് ഗുജറാത്ത് ഹൈകോടതി ശരിവെച്ചിരുന്നു.
മോദിക്ക് കലാപ ഗൂഢാലോചനയിൽ പങ്കുണ്ടെന്നായിരുന്നു സകിയയുടെ വാദം. കേസിൽ നിരവധി രാഷ്ട്രീയക്കാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടിരുന്നു.
കോൺഗ്രസ് നേതാവും എം.പിയുമായ ഇഹ്സാൻ ജാഫരിയടക്കം 69 പേർ ഗുൽബർഗ കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടിരുന്നു. ഇഹ്സാൻ ജാഫരിയുടെ ഭാര്യയാണ് സകിയ.
കലാപം നടക്കുമ്പോൾ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.