മാലേഗാവ് സ്ഫോടനക്കേസ് പ്രതി കേണല്‍ പുരോഹിതിന് ജാമ്യം
text_fieldsന്യൂഡൽഹി: 2008ലെ മാലേഗാവ് സ്ഫോടനക്കേസിൽ മുഖ്യപ്രതികളിൽ ഒരാളായ ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിതിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് പരമോന്നത കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ഒമ്പതു വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയായിരുന്നു പുരോഹിത്.
പുരോഹിതിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീശ് സാൽവെയാണ് സുപ്രീംകോടതിയിൽ ഹാജരായത്. പുരോഹിതിനെതിരെ ചുമത്തിയിരുന്ന മക്കോക നിയമം മഹാരാഷ്ട്ര ഹൈകോടതി പിൻവലിച്ചിരുന്നു. അതിനാൽ ഇടക്കാല ജാമ്യത്തിന് പുരോഹിത് അർഹനാണ്. ഒമ്പതു വർഷമായിട്ടും പുരോഹിതിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡ്വ. സാൽവെ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ജാമ്യാപേക്ഷയെ എൻ.ഐ.എ ശക്തമായി എതിർത്തു.
മഹരാഷ്ട്ര ഹൈകോടതി പുരോഹിതിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ജഡ്ജിമാരായ ആർ.കെ. അഗർവാൾ, എ.എം സാപ്രെ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ആഗസ്റ്റ് 17ന് പരിഗണിച്ച ജാമ്യാപേക്ഷ വിധി പറയാനായി മാറ്റുകയായിരുന്നു.
2008 സെപ്തംബർ 29ന് നാസിക്കിലെ മാലേഗാവിനടുത്തുള്ള ഹമിദിയ പള്ളിക്കടുത്താണ് സ്ഫോടനം നടന്നത്. സ്ഫോടന പരമ്പരയിൽ ആറ് പേർ കൊല്ലപ്പെടുകയും 79 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേസിലെ മുഖ്യപ്രതികളിലൊരാളായ പ്രജ്ഞാസിങ് താക്കൂറിന് ബോംബെ ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പ്രജ്ഞാ സിങ് പ്രഥമദൃഷ്ട്യാ കുറ്റക്കാരിയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യം.
ഇന്ത്യന്‍ ഭീകരവാദവുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ ആഴ്ന്നിറങ്ങിയ കാഴ്ചപാട് തിരുത്തിയ ഒന്നായിരുന്നു മാലേഗാവ് സ്ഫോടന കേസ്. ഹേമന്ത് കര്‍ക്കരെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്ര എ.ടി.എസ് അന്വേഷിച്ച ഈ കേസിലൂടെയാണ് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനത്തനങ്ങളില്‍ സംഘ് പരിവാര്‍ സംഘടനകള്‍ക്കുള്ള പങ്ക് വെളിപ്പെടുന്നത്. തീവ്ര ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള രാജ്യത്തെ രാഷ്ട്രീയ, സൈനിക, പൊലീസ്, ഇന്‍റലിജന്‍സ് മേഖലകളിലെ ഉന്നതരും സന്യാസിമാരും അടങ്ങിയ വലിയൊരു ശൃംഖലയിലേക്കാണ് അത് വെളിച്ചം വീശിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.