വഡാല കസ്റ്റഡി മരണം: പ്രതികളോട് ഹാജരാവാൻ ഹൈകോടതി
text_fieldsമുംബൈ: വഡാല കേസിലെ പ്രതികളായ പൊലീസുകാരോട് ഹാജരാകാൻ ഹൈകോടതി നിർദേശം. ഇരയുടെ വിശ്വാസത്തെ അവഹേളിച്ചതിന് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്താനും കോടതി ഉത്തരവിട്ടു. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് പ്രതികളായ എട്ട് പൊലീസുകാരോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 21നാണ് കേസിൽ ആദ്യമായി വാദം നടക്കുക. വിചാരണ വേഗത്തിലാക്കണമെന്ന് കൊല്ലപ്പെട്ട ആഗ്നെലോ വാൽഡാരിസിന്‍റെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു.
''എന്റെ മകൻ നിസ്സഹായനായി കരഞ്ഞുകാണും, തന്റെ നിരപരാധിത്വം ഏറ്റുപറഞ്ഞിരിക്കാം, എന്നിട്ടും പൊലീസ് അവനെ അപമാനിച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തി''- ആഗ്നെലോ വാൽഡാരിസിന്‍റെ പിതാവ് പറഞ്ഞു.
2014ൽ ഒരു മോഷണക്കേസിലാണ് പൊലീസ് 21കാരനായ ആഗ്നെലോ വാൽഡാർസിനെ കസ്റ്റഡിയിൽ എടുക്കുന്നത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നെന്നാണ് വഡാല റെയിൽവേ പൊലീസ് പറയുന്നത്. എന്നാൽ, പൊലീസ് ക്രൂരമായി മർദിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ഇരയുടെ വിശ്വാസത്തെ അവഹേളിച്ച് സംസാരിക്കുകയും ചെയ്തെന്ന് കേസിലെ കൂട്ടുപ്രതികൾ മൊഴിനൽകി. അദ്ദേഹത്തിന്റെ ശരീരത്തിൽ 40ലധികം മുറിവുകൾ മൊഴികളെ ബലപ്പെടുന്നതാണ്.
പ്രതികളായ എട്ട് പൊലീസുകാർക്കെതിരെ കൊലപാതകം, മതവിശ്വാസത്തെ അപമാനിക്കൽ, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
ജയിലിൽ നടക്കുന്ന പീഡനങ്ങളെകുറിച്ച് പ്രത്യേകം പരാമർശിച്ച കോടതി ഇന്ത്യയിൽ കസ്റ്റഡി മരണങ്ങൾ വർധിച്ചതായും നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.