തെരുവിലല്ല, മനസ്സിലാണ് മാലിന്യമെന്ന് രാഷ്ട്രപതി
text_fieldsസബർമതി (ഗുജറാത്ത്): രാജ്യത്തെ ഭിന്നിപ്പിക്കുന്ന ചിന്തയിൽനിന്ന് നമ്മുടെ കാഴ്ചപ്പാടുകളെ മുക്തമാക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖർജി. തെരുവിലല്ല, മനസ്സുകളിലാണ് മാലിന്യം നിറഞ്ഞിരിക്കുന്നതെന്നും മുമ്പില്ലാത്തവിധം രാജ്യത്ത് അക്രമം ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സബർമതി ആശ്രമത്തിൽ മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗവേഷണകേന്ദ്രം രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് പദ്ധതിയെ പരാമർശിച്ചാണ് രാഷ്ട്രപതി ഈ പരാമർശം നടത്തിയത്. സ്വച്ഛ് ഭാരത് പദ്ധതിയെ സ്വാഗതംചെയ്ത അദ്ദേഹം, മനസ്സിനെ ശുചീകരിക്കാനുള്ള കഠിനശ്രമമാണ് വേണ്ടതെന്നും അല്ലാതെ സ്വച്ഛഭാരതം നിർമിക്കാനാകില്ലെന്നും കൂട്ടിച്ചേർത്തു.
തൊട്ടുകൂടായ്മയും അമേദ്യം ചുമക്കുക എന്ന മനുഷ്യത്വരഹിതമായ പ്രവൃത്തിയും നിലനിൽക്കുന്നിടത്തോളം നമുക്ക് സ്വച്ഛഭാരതം സാക്ഷാത്കരിക്കാനാകില്ല എന്ന കാര്യം ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്, അംബേദ്കർ ഇത് അംഗീകരിച്ചിട്ടുമുണ്ട് –രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഞങ്ങൾ–നിങ്ങൾ, ശുദ്ധം–അശുദ്ധം തുടങ്ങിയ കാഴ്ചപ്പാടും വേർതിരിവും ഒഴിവാക്കണം. ദിവസവും അപ്രതീക്ഷിത അക്രമങ്ങൾ അരങ്ങേറുന്നു. അവിശ്വാസവും ഭയവും മനസ്സിലെ ഇരുട്ടുമാണ് ഇതിനു കാരണം.
അക്രമം നേരിടാൻ നാം പുതിയ മാർഗങ്ങൾ കണ്ടുപിടിക്കുമ്പോൾതന്നെ അക്രമരാഹിത്യത്തിെൻറയും സംവാദത്തിെൻറയും യുക്തിയുടെയും കരുത്തിനെ മറക്കരുത്.
വാക്കുകൊണ്ടും കായികബലംകൊണ്ടുമുള്ള അക്രമത്തിൽനിന്ന് സമൂഹത്തെ മോചിപ്പിക്കണം. അഹിംസയിൽ അധിഷ്ഠിതമായ സമൂഹത്തിനുമാത്രമേ പാർശ്വവത്കരിക്കപ്പെട്ടവരും നിസ്വരുമടക്കമുള്ള എല്ലാ വിഭാഗത്തിെൻറയും പങ്കാളിത്തം ജനാധിപത്യപ്രക്രിയയിൽ ഉറപ്പാക്കാനാകൂ. അഹിംസ എന്നത് ഒരു പ്രതികൂല ഈർജമല്ല. ഇരുട്ടിനെ അകറ്റാൻ കഴിവുള്ള ധാർമികസാധ്യതയാണത്. അനുകമ്പയും സഹനവുമാണ് നമ്മുടെ സംസ്കാരത്തിെൻറ അടിസ്ഥാനം.
ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് മറ്റൊരാളുടെ ജീവൻ എടുക്കാൻ കഴിയില്ല.
എല്ലാ വിഭാഗവും തുല്യതയോടെ അവകാശങ്ങൾ അനുഭവിച്ച് ജീവിക്കണമെന്ന ഗാന്ധിയൻ സന്ദേശം പ്രാവർത്തികമാക്കേണ്ട കാലമാണിത്. പരസ്പര വിശ്വാസമാണ് ഇതിന് ആധാരം. ജനാധിപത്യജീവിതത്തിെൻറയും പൗരന്മാരും സർക്കാറുകളും തമ്മിലുള്ള ബന്ധത്തിെൻറയും ഏറ്റവും മികച്ച മാതൃക മുന്നോട്ടുവെച്ചയാളാണ് മഹാത്മാ ഗാന്ധിയെന്നും രാഷ്ട്രപതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.