പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റമായി ചിത്രീകരിക്കുന്നു: രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: കേന്ദ്രത്തിനെതിരായ പ്രതിഷേധങ്ങളെ രാജ്യദ്രോഹക്കുറ്റത്തിന്‍റെ പരിധിയിൽപ്പെടുത്തുന്നതാണ് മോദി സർക്കാറിന്‍റെ ഇപ്പോഴത്തെ ശൈലിയെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. പാകിസ്താനിൽ നിന്ന് തെറ്റായ പാഠങ്ങൾ സർക്കാർ ഉൾക്കൊള്ളരുത്. പാകിസ്താന്‍റെ എക്കാലത്തെയും വലിയ ദൗർബല്യം അവരുടെ അസഹിഷ്ണുതയാണ്. രാജ്യത്തെ പൗരന്മാരുടെ വാക്കുകൾ ചെവിയോർക്കാൻ പാക് ഭരണാധികാരികൾ ഒരിക്കലും തയാറായിരുന്നില്ലെന്നും ലോക്സഭയിൽ നടന്ന അസഹിഷ്ണുത ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച രാഹുൽ ചൂണ്ടിക്കാട്ടി.
എന്നാൽ, ഇന്ത്യൻ ജനാധിപത്യം വളർന്നത് നമ്മുടെ നേതാക്കൾ ജനഹിതം ഉൾക്കൊള്ളാൻ തയാറായത് കൊണ്ടാണ്. രാജ്യം പുലർത്തുന്ന സഹിഷ്ണുതയാണ് ഇന്ത്യയുടെ ശക്തി. വർത്തമാന കാലത്ത് ഇന്ത്യയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നത് രാജ്യദ്രോഹ കുറ്റമായി മാറിയിരിക്കുന്നു. ദലിത് കുട്ടികളെ പട്ടികളോട് ഉപമിച്ച കേന്ദ്രമന്ത്രി വി.കെ സിങ് ഭരണഘടനാ ലംഘനം നടത്തിയെന്നും രാഹുൽ വ്യക്തമാക്കി.
കേന്ദ്ര സർക്കാറിന് അസഹിഷ്ണുതയുള്ളത് അഴിമതിയോടും തീവ്രവാദത്തോടും ആണെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. സാഹിത്യകാരന്മാർ പുരസ്കാരങ്ങൾ തിരിച്ചു വാങ്ങണം. എല്ലാ കലാകാരന്മാരുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയാറാണെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി.
അസഹിഷ്ണുത വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.