കനത്ത മഴ: ചെന്നൈ വെള്ളപ്പൊക്ക ഭീഷണിയിൽ; വിമാനത്താവളം അടച്ചിട്ടു
text_fieldsചെന്നൈ: കനത്ത മഴ മൂലം തമിഴ്നാട്ടിൽ വെള്ളപ്പൊക്ക ഭീഷണി. ചെന്നൈ വിമാനത്താവളത്തിലെ റൺവെയിൽ വെള്ളം കയറിയതിനാൽ വിമാനത്താവളം അടച്ചിട്ടു. മൂന്നൂറിലേറെ പേര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. രക്ഷാപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. നിരവധി ട്രെയിന്‍ സര്‍വിസുകളും തടസ്സപ്പെട്ടിട്ടുണ്ട്. നഗരത്തില്‍ 50 കരസേനാംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചിട്ടുണ്ട്. നാവികസേനയും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്.
ആഴ്ചകളായി തുടരുന്ന മഴ രണ്ട് ദിവസങ്ങളായി വിട്ടുനിൽക്കുകയായിരുന്നു. ചൊവ്വാഴ്ച മുതല്‍ മഴവീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ചെന്നൈ കലക്ടര്‍ ഇ. സുന്ദരവല്ലി അറിയിച്ചു.
ഇതിനിടെ ചെമ്പരംപക്കം റിസര്‍വോയര്‍ തുറന്നതിനെത്തുടര്‍ന്ന് അഡയാറില്‍ ജലനിരപ്പ് 20,000 ക്യൂബിക് അടിയിലധികമായി. അഡയാര്‍ നദിക്കരയില്‍താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഒറ്റപ്പെട്ടുപോയവരെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇതുവരെ 4000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഹെലികോപ്റ്റർ മാർഗം ആളുകളെ മാറ്റുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. താമ്പരം, ഊര്‍പാക്കംഎന്നിവിടങ്ങളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ചെന്നൈയിലെ മൃഗശാലയും വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടു.
റെയില്‍, റോഡ് ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. ചെന്നൈയില്‍ നിന്നുള്ള 12 ട്രെയിനുകള്‍ റദ്ദാക്കി. റോഡ് വഴിയുള്ള ഗതാഗതം മിക്കയിടങ്ങളിലും തടസപ്പെട്ടിരിക്കുകയാണ്.
മഴ മൂലം 16 ദിവസങ്ങളായി സ്കൂളുകൾ അടഞ്ഞു കിടക്കുകയാണ്. അർധ വാർഷിക പരീക്ഷ മാറ്റിവെച്ചു. ബസിലും കാറിലും കെട്ടിടങ്ങളുടെ മുകളിൽ നിന്നും സോഷ്യൽ മീഡിയയലൂടെ സഹായ അഭ്യർഥനകൾ പ്രവഹിക്കുകയാണ്. മഹീന്ദ്ര വേൾഡ് സിറ്റിയിലെ 500 ജീവനക്കാർ ഗുണ്ടുവഞ്ചേരിയിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
താമസിക്കാനും ഭക്ഷണം കഴിക്കാനും മൊബൈൽ ചാർജ് ചെയ്യാനുമായി പലരും തങ്ങളുടെ വീടുകൾ അപരിചിതർക്കായി തുറന്നുകൊടുത്തു. മഴയിൽ കുടുങ്ങിയവർക്കായി വടക്കൻ ചെന്നൈയിലെ ഒരു മാൾ മുഴുവൻ സമയവും തുറന്നിടുമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.