ചെന്നൈ നഗരം ഒറ്റപ്പെട്ടു; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമിറങ്ങി
text_fieldsചെന്നൈ: നൂറ്റാണ്ടിനിടെ പെയ്ത കൊടുംപേമാരിയില്‍ ചെന്നൈ നഗരവും സമീപ ജില്ലകളും മുങ്ങി. തിങ്കളാഴ്ച തുടങ്ങിയ മഴയാണ് മൂന്നാം ദിനവും കൊടുംനാശം വിതച്ച് തുടരുന്നത്. നഗരത്തില്‍ മാത്രം എട്ടു പേര്‍ ഷോക്കേറ്റും വെള്ളക്കെട്ടില്‍ വീണും മരിച്ചു. രണ്ടാഴ്ചക്കിടെ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. രണ്ടു ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. റോഡ്, റെയില്‍, വ്യോമ ഗതാഗതം പൂര്‍ണമായി നിലച്ചു. നദീതീരങ്ങളിലെ കോളനികള്‍ വെള്ളത്തിലാണ്. നഗരത്തിലെ കെട്ടിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ സൈന്യമിറങ്ങി.
ചെന്നൈ വിമാനത്താവളവും ചെന്നൈ- ബംഗളൂരു ദേശീയപാതയും അടച്ചു. ചെന്നൈ വിമാനത്താവളം ഡിസംബര്‍ ആറുവരെയാണ് അടച്ചത്. തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
ചെന്നൈ സെന്‍ട്രല്‍, ചെന്നൈ എഗ്മൂര്‍ സ്റ്റേഷനുകളില്‍നിന്ന് പുറപ്പെടേണ്ട 19 ട്രെയിനുകള്‍ റദ്ദാക്കി. ഇതില്‍ 12 എണ്ണം ദീര്‍ഘദൂര ട്രെയിനുകളാണ്. പുതുച്ചേരിയില്‍ നിന്നുള്ള ട്രെയിനുകളും റദ്ദാക്കി. റോഡുകള്‍ ഇടിഞ്ഞുതാണു, ചിലയിടങ്ങളില്‍ ഒലിച്ചുപോയി. ഐ.എന്‍.എസ് ഐരാവത് ഉള്‍പ്പെടെ കപ്പലുകളും നിരവധി ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. സംസ്ഥാന, കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അപ്രഖ്യാപിത അവധി നല്‍കി. ഐ.ടി കമ്പനികള്‍ ജീവനക്കാരെ തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ചെന്നൈയില്‍നിന്ന് ഇറങ്ങുന്ന പ്രമുഖ പത്രങ്ങളുടെ അച്ചടി മുടങ്ങി.
വൈദ്യുതിക്കമ്പി പൊട്ടിവീണും മറ്റും വ്യാപക അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെങ്ങും വൈദ്യുതി വിച്ഛേദിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം തടസ്സപ്പെട്ടിട്ടില്ല. നൂറ്റാണ്ടിനിടയിലെ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്- 119.73 സെന്‍റീമീറ്റര്‍. 1918ല്‍ 108.8 സെന്‍റീമീറ്ററും 1985 നവംബറില്‍ 97 സെന്‍റീമീറ്ററുമാണ് മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന കണക്ക്. ഇതേ രൂപത്തില്‍ മണ്‍സൂണ്‍ തുടര്‍ന്നാല്‍ തമിഴ്നാട് കണ്ടതില്‍ വെച്ചേറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യംവഹിക്കേണ്ടിവരുമെന്നാണ് ആശങ്ക. രണ്ടാഴ്ച മുമ്പ് പെയ്ത മഴയില്‍ ചെന്നൈ, കാഞ്ചിപുരം ജില്ലകളിലെ തടാകങ്ങള്‍ നിറഞ്ഞതിനാല്‍ നഗരപ്രദേശങ്ങളില്‍നിന്ന് വെള്ളം ഒഴുകിപ്പോകാന്‍ തടസ്സം നേരിടുന്നുണ്ട്. പ്രളയ ബാധിത ജില്ലകളില്‍ പച്ചക്കറിക്കും അവശ്യവസ്തുക്കള്‍ക്കും വില കുതിച്ചുയര്‍ന്നു. ഹോട്ടലുകളും കടകളും വെള്ളത്തില്‍ മുങ്ങിയതോടെ ഭക്ഷ്യക്ഷാമവുമുണ്ട്. രക്ഷാ, ദുരിതാശ്വാസ സേനാംഗങ്ങളും ദേശീയ ദുരന്തനിവാരണ സേനയും സന്നദ്ധ സംഘടനകളും രംഗത്തുണ്ട്.
സര്‍ക്കാറിന്‍െറയും സംഘടനകളുടെയും നേതൃത്വത്തില്‍ ലക്ഷക്കണക്കിന് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തുവരുന്നു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭായോഗം സ്ഥിതിഗതി വിലയിരുത്തി. ചെന്നൈ നഗരത്തിനു പുറമെ സമീപ ജില്ലകളായ കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലും വ്യാപക നാശമുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് കടലൂര്‍, നാഗപട്ടണം, രാമനാഥപുരം തുടങ്ങിയ തീരദേശ ജില്ലകളിലും മഴ ശക്തമാണ്.
കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും ആന്ധ്ര തീരത്തും മണ്‍സൂണ്‍ തിമിര്‍ത്തുപെയ്യുകയാണ്. കടലില്‍ പോകുന്നതില്‍നിന്ന് മത്സ്യബന്ധന തൊഴിലാളികളെ വിലക്കിയിട്ടുണ്ട്. ലക്ഷക്കണക്കിന് കൃഷിഭൂമി വെള്ളത്തിലായി. പരിസരങ്ങളിലെ അണക്കെട്ടുകള്‍ തുറന്നിട്ടതും മഴതുടരുന്നതുംമൂലം ചെന്നൈ നഗരത്തിനുസമീപത്തുകൂടെ ഒഴുകുന്ന കൂവം, അടയാര്‍ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.