ചെന്നൈ നഗരത്തെ വെള്ളത്തില്‍ മുക്കിയത് അനധികൃത നിര്‍മാണവും ജലാശയങ്ങളുടെ കയ്യേറ്റവും
text_fieldsചെന്നൈ: ചെന്നൈ നഗരത്തില്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന്‍റെ കാരണങ്ങള്‍ ചികയുമ്പോള്‍ സമാനമായ ഓരോ നഗരത്തെയും കാത്തിരിക്കുന്ന വന്‍ ദുരന്തത്തിന്‍റെ സൂചനകള്‍ കൂടിയായി അതു മാറുന്നു.
നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന കൂവം,അഡയാര്‍ നദികള്‍ കരകവിഞ്ഞു. നദികളുടെ ഇരു കരകളിലും കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി നടന്നുവരുന്ന കയ്യേറ്റങ്ങള്‍ ആണ് പ്രളയം ഇത്ര രൂക്ഷമാക്കിയതെന്നാണ് അവിടെ നിന്നുള്ള റിപോര്‍ട്ടുകള്‍.
കടുത്ത പേമാരിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമായി മുഖ്യമന്ത്രി അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ചെന്നൈയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി പൊടിപൊടിക്കുന്ന അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആണ് അതിന്‍റെ യഥാര്‍ത്ഥ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചെന്നൈയില്‍ ഉടനീളം അനധികൃത നിര്‍മിതികള്‍ കാണാനാവും. 20 വര്‍ഷങ്ങള്‍ക്കു മുമ്പ് അങ്ങിങ്ങായി കാണുന്ന ടാങ്കുകള്‍, തടാകം, കനാല്‍, നദികള്‍ എന്നിവയായിരുന്നു ചെന്നൈയുടെ മുഖഛായയെങ്കില്‍ ഇന്ന് എവിടെ നോക്കിയാലും കൂറ്റന്‍ കെട്ടിടങ്ങളും താമസ സമുഛയങ്ങളും ആണ്. ഒന്നര ലക്ഷത്തോളം അനധികൃത കെട്ടിടങ്ങള്‍ നഗരത്തില്‍ മാത്രം ഉണ്ടെന്നാണ് ചെന്നൈ മെട്രോ പൊളിറ്റന്‍ ഡെവലപ്മെന്‍റ് അതോറിറ്റി മദ്രാസ് ഹൈകോടതിയില്‍ സമര്‍പിച്ച റിപോര്‍ട്ടില്‍ പറയുന്നത്.
നൂറുകണക്കിന് കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാന്‍ ഹൈകോടതി ഉത്തരവിട്ടുവെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയതിനാല്‍ ഇവയൊക്കെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. അനധികൃതമായ നിര്‍മിതികള്‍ മൂലം നഗര പ്രാന്തത്തിലെ 300 റോളം ജലാശയങ്ങള്‍ ആണ് അപ്രത്യക്ഷമായത്.
താഴ്ന്ന പ്രദേശങ്ങള്‍ അനിയന്ത്രിതമായി മണ്ണിട്ടു നികത്തുകയും വെള്ളം ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങാത്ത വിധത്തില്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഓരോ മണ്‍സൂണ്‍ കടന്നുവരുമ്പോഴും താളം തെറ്റിയ നഗര വികസനത്തിന്‍റെ ഇരകളായി ചെന്നൈയിലുള്ളവര്‍ മാറുന്നു. ശതകോടികളുടെ അഴുക്കുചാല്‍ പദ്ധതികള്‍ അവഗണിക്കപ്പെട്ടു കിടന്നതും നഗരത്തെ പ്രളയത്തില്‍ മുക്കി. ഭൂമിയുടെ കൃത്യമായ കിടപ്പു മനസ്സിലാക്കാതെയാണ് മഴവെള്ളം ഒഴുക്കിവിടുന്നതിനുള്ള ചാലുകള്‍ പോലും നിര്‍മിച്ചത്. വെള്ളപ്പൊക്കം ഉണ്ടായാല്‍ എങ്ങനെ ബാധിക്കുമെന്ന യാതൊരു ആസൂത്രണവും പഠനവും നടത്താതെയാണ് കോണ്‍ട്രാക്ടര്‍മാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഫണ്ട് കിട്ടാന്‍ ഏറ്റവും തിടുക്കത്തില്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ട് അവര്‍ ഇത്തരം കാര്യങ്ങളില്‍ യാതൊരു ശ്രദ്ധയും ചെലുത്തുന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.