ഡൽഹി കൂട്ടമാനഭംഗം: കുട്ടി തടവുകാരനെ എൻ.ജി.ഒ ‘കസ്റ്റഡി’യിൽ വിടും
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ബസിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട കുട്ടിത്തടവുകാരനെ പൂർണമായും സ്വതന്ത്രനാക്കില്ല. ജുവനൈൽ ഹോമിൽ കഴിയുന്ന ഇയാളുടെ ശിക്ഷാകാലാവധി ഡിസംബർ 15ന് അവസാനിക്കും. ഇവിടെനിന്ന് മോചിപ്പിച്ചശേഷം സന്നദ്ധസംഘടനയുടെ സംരക്ഷണത്തിൽ സൂക്ഷ്മനിരീക്ഷണത്തിൽ ഒരു വർഷം പാർപ്പിക്കും. ശേഷമുള്ള കാര്യം പിന്നീട് തീരുമാനിക്കും.
മറ്റ് പ്രതികൾക്ക് വധശിക്ഷ ലഭിച്ചപ്പോൾ പ്രായപൂർത്തി ആകാത്തതിനാൽ മൂന്നു വർഷത്തെ ജുവനൈൽ ഹോം വാസമാണ് ഇയാൾക്ക് ലഭിച്ചത്. കുറ്റകൃത്യം നടക്കുമ്പോൾ 18 തികയാൻ മൂന്നു മാസം ബാക്കിയുണ്ടായിരുന്നു. ഇപ്പോൾ 21 വയസ്സായി. ജുവനൈൽ കോടതി വിധിച്ച മൂന്നു വർഷ കാലാവധി പൂർത്തിയാകുന്നതോടെ സ്വതന്ത്രനാക്കേണ്ടതാണ്. എന്നാൽ, കേസിെൻറ ഗൗരവം പരിഗണിച്ച് തൽകാലം പൂർണമായും സ്വതന്ത്രമാക്കേണ്ടതില്ലെന്നാണ് തീരുമാനം. രാജ്യവ്യാപകമായി ജനരോഷം ഉയർത്തിയ സംഭവമാണ് 2012ലെ കൂട്ടബലാത്സംഗ കേസ്.
അന്ന് പ്രക്ഷോഭവുമായി നിരത്തിലിറങ്ങിയ സംഘങ്ങളിൽ പലരും പ്രതിക്ക് ജുവനൈൽ നിയമത്തിെൻറ ആനുകൂല്യം നൽകിയതിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാൽ ഇയാളുടെ സുരക്ഷയിൽ പൊലീസിന് ആശങ്കയുണ്ട്. ഇയാളെ മോചിപ്പിക്കുന്നതിനെതിരെ കൊല്ലപ്പെട്ട യുവതിയുടെ മാതാവ് ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ചെയ്തു. ഇവകൂടി പരിഗണിച്ചാണ് ജുവനൈൽ ഹോം വാസത്തിന് ശേഷം പ്രത്യേക നിരീക്ഷണത്തിൽ വിടാൻ തീരുമാനിച്ചത്. പ്രതിയുടെ സ്വദേശം ശ്രീനഗറാണ്. അവിടേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ചുവെങ്കിലും അനുവദിക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. കേസിലെ മറ്റ് മൂന്നു പ്രതികൾ വധശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുകയാണ്. ഒരു പ്രതി വിചാരണക്കിടെ ജയിലിൽ ജീവനൊടുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.