മഴ തുടരുന്നു; ആശങ്കയുടെ കാര്‍മേഘക്കീഴില്‍ ചെന്നൈ
text_fieldsചെന്നൈ: പ്രളയത്തില്‍ മുങ്ങിയ ചെന്നൈ നഗരത്തെ ആശങ്കയുടെ കാര്‍മേഘത്തിലാഴ്ത്തി മഴ തുടരുന്നു. ജനജീവിതം തീര്‍ത്തും ദുരിതപൂര്‍ണമാണ്. ഭക്ഷണവും മരുന്നും ലഭിക്കാതെ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. നിലയില്ലാക്കയത്തിലാണ്ടുപോയ ബഹുനിലകെട്ടിടങ്ങള്‍ക്കുമുകളില്‍ ഒരു കുപ്പി കുടിവെള്ളത്തിനുപോലും കാത്തിരിക്കുന്നവരുടെ കാഴ്ച ദുരന്തത്തിന്‍െറ ഹൃദയഭേദക അനുഭവമായി മാറുകയാണ്.
ചെന്നൈ നഗരത്തില്‍മാത്രം മരണസംഖ്യ 65 ആയി. വൈദ്യുതാഘാതമേറ്റും വെള്ളക്കെട്ടില്‍വീണുമാണ് ഭൂരിപക്ഷം മരണവും. ജലമൊഴുകിപ്പോകാന്‍ തുറന്നിട്ട മാന്‍ഹോളില്‍വീണും മരിച്ചവരുണ്ട്. സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മരണസംഖ്യ ഉയരുന്നുണ്ട്. സംസ്ഥാനമൊട്ടാകെ മരിച്ചവരുടെ എണ്ണം 300 കവിയും. വെള്ളിയാഴ്ച രാവിലെ നഗരത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് 45 മൃതദേഹങ്ങളത്തെിച്ചതായി സുരക്ഷാസേന അറിയിച്ചു. അഞ്ചുലക്ഷം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലത്തെിച്ചു.
അടച്ചിട്ട ചെന്നൈ വിമാനത്താവളം ശനിയാഴ്ച ഭാഗികമായി തുറക്കും. വിമാനസര്‍വിസും ഭാഗികമായി പുനരാരംഭിക്കും. പ്രളയത്തെതുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനത്താവളം അടച്ചത്. 10,000 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി ദുരന്തരക്ഷാസേന അറിയിച്ചു.
വാര്‍ത്താവിനിമയ സംവിധാനവും വൈദ്യുതിയും പുന$സ്ഥാപിച്ചിട്ടില്ല. ബാങ്കുകളും എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. ആശുപത്രികള്‍ രോഗികളെ ക്കൊണ്ട് നിറഞ്ഞു. ചില പ്രദേശങ്ങളില്‍ ഭക്ഷണവും പാലുല്‍പന്നങ്ങളും വിതരണം ചെയ്യുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചവരെ മഴ മാറിനിന്നെങ്കിലും ചെന്നൈ നഗരത്തിലെ വെള്ളക്കെട്ടിന് ശമനമായില്ല. അശോക്നഗര്‍, അണ്ണാനഗര്‍, ടി നഗര്‍, സെയ്ദാപേട്ട്, കോട്ടുര്‍പുരം, വേളാച്ചേരി, മടിപ്പാക്കം, മീനമ്പാക്കം, ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ തുടങ്ങിയ നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്. ചെന്നൈ-കാഞ്ചീപുരം അതിര്‍ത്തിപ്രദേശമായ താംബരമാണ് ദുരിതം രൂക്ഷമായ പ്രദേശം. വെള്ളം അല്‍പംതാഴ്ന്ന ചില പ്രദേശങ്ങളിലൂടെ ബസ് സര്‍വിസ് നടത്തി. ചെന്നൈ സെന്‍ട്രല്‍, എഗ്മോര്‍ സ്റ്റേഷനുകളില്‍ വെള്ളം കുറഞ്ഞെങ്കിലും കേരളത്തിലേക്കുള്ള ട്രെയിനുകളുള്‍പ്പെടെ പുന$സ്ഥാപിച്ചിട്ടില്ല.
മുടിച്ചൂര്‍, താംബരം തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ ഹെലികോപ്ടറിലും ഫൈബര്‍ വള്ളങ്ങളിലും രക്ഷിച്ചു.
രക്ഷാപ്രവര്‍ത്തകര്‍ വെള്ളക്കുപ്പികളും ഭക്ഷണപ്പൊതികളും ഹെലികോപ്ടറിലും മറ്റും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. മലയാളികളുള്‍പ്പെടെ ധാരാളം പേരെ രക്ഷിച്ച് റെയില്‍വെ സ്റ്റേഷനുകളിലും ബസ്സ്റ്റാന്‍ഡുകളിലും എത്തിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. ഇതരസംസ്ഥാന ബസുകള്‍ പുറപ്പെടുന്ന നഗരത്തിലെ കോയമ്പേട് ബസ്സ്റ്റാന്‍ഡില്‍നിന്ന് ബസ് സര്‍വിസ് തുടങ്ങിയത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസമായി. ചെന്നൈക്ക് പുറത്തുള്ള സ്റ്റേഷനുകളില്‍നിന്ന് പ്രത്യേക ട്രെയിനുകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു തുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.