ചെന്നൈയിൽ മഴക്ക് ശമനം; ഗതാഗതം ഭാഗികമായി പുന: സ്ഥാപിച്ചു
text_fieldsചെന്നൈ: വെള്ളപ്പൊക്കത്തെ തുടർന്ന് താറുമാറായ റോഡ് ഗതാഗതസംവിധാനങ്ങൾ ഭാഗികമായി പുനരാരംഭിച്ചു. ചെന്നൈ കോയമ്പേട് ബസ് സ്റ്റാൻഡിൽ നിന്നും148 യാത്രക്കാരുമായി കേരളത്തിലേക്ക് മൂന്ന് ബസുകൾ പുറപ്പെട്ടു. കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് ബസ് പുറപ്പെട്ടത്. എഗ്മോറിലെ കേരള ഹൗസില്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക കൗണ്ടര്‍ തുറന്നിട്ടുണ്ട്. കേരളത്തിലേക്ക് ഇന്ന് ആറക്കോണത്ത് നിന്ന് രണ്ട് സ്‌പെഷല്‍ ട്രെയിനുകള്‍ പുറപ്പെടും. കോട്ടയം വഴി തിരുവനന്തപുരത്തേക്കും ഷൊര്‍ണൂര്‍ വഴി മംഗലാപുരത്തേക്കുമാണ് സര്‍വീസുകള്‍ പുറപ്പെടുന്നത്. അതിനിടെ, ചെന്നൈയിൽ കുടുങ്ങിയ 19 മലയാളികളെ വ്യോമസേനാ വിമാനത്തിൽ കൊച്ചിയിലെത്തിച്ചു.
അടച്ചിട്ട ചൈന്നൈ വിമാനത്താവളം ഭാഗികമായി തുറന്നു. എന്നാല്‍ യാത്രാവിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തില്ല. ടെക്നിക്കൽ വിമാനങ്ങൾമാത്രമായിരിക്കും ഇവിടെനിന്നും പറന്നുയരുക. ഇതിന് മുന്നോടിയായി റണ്‍വേയുടെ സുരക്ഷാ പരിശോധന തുടങ്ങി. വെള്ളിയാഴ്ച രാജാലി താൽക്കാലിക വിമാനത്താവളത്തിൽ നിന്നും എയര്‍ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ തുടങ്ങിയ കമ്പനികൾ ഏഴ് സര്‍വീസുകള്‍ നടത്തി. അതേസമയം, ചെന്നൈയില്‍ നിന്നുള്ള വിമാനക്കൂലി കുത്തനെ കൂട്ടി കമ്പനികള്‍ യാത്രാക്കാരെ ചൂഷണം ചെയ്യുന്നതായി ആരോപണമുണ്ട്. എയർ ഇന്ത്യയും സ്പൈസ് ജെറ്റും ബംഗ്ലുരുവിലേക്ക് 50,000ത്തോളം രൂപയാണ് യാത്രാക്കാരിൽ നിന്നും ഈടാക്കുന്നത്.
മഴയ്ക്ക് ശമനം വന്നതോടെ രക്ഷാപ്രവര്‍ത്തനവും സഹായവിതരണവും ഊര്‍ജിതമായി. ചെന്നൈ നഗരത്തില്‍ ബസ് യാത്ര സൗജന്യമാക്കിയതായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബസ് യാത്ര സൗജന്യമായിരിക്കും. 65 ശതമാനത്തോളം ബസ് സർവീസുകളും 80 സതമാനത്തോളം വൈദ്യുതിയും പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
നഗരത്തിൽ ദുരന്ത നിവാരണ സേനയുടേയും സൈന്യത്തിന്‍റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു. മഴ ശമിച്ചതിനാൽ ചെന്നൈയില്‍ ഇന്നലെ രാത്രി മുതല്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആയിരങ്ങളാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. പാലിനും പച്ചക്കറിക്കും മറ്റു നിത്യോപയോഗ സാധനങ്ങൾക്കും വലിയ വിലയാണ് ഈടാക്കുന്നത്. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതാണ് ഇപ്പോൾ സർക്കാരിന്‍റെ മുന്നിലുള്ള വലിയ വെല്ലുവിളി. ഒരു ലിറ്റർ പാലിന് 100 രൂപയും 20 രൂപ വിലയുള്ള വെള്ളത്തിന്‍റെ ബോട്ടിലിന് 150 രൂപ വരെയും ഈടക്കുന്നുണ്ട്.
അഡയാർ, കൂവം എന്നീ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ഇതുവരെ 269 പേർ വെള്ളപ്പൊക്കത്തിൽ മരിച്ചതായും 10,000പേരെ ദേശീയ ദുരന്ത നിരാവരണ സേനയും സൈന്യവും ചേർന്ന് രക്ഷപ്പെടുത്തിയതായും ആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെട്രോൾ പമ്പുകൾക്ക് മുന്നിലും എ.ടി.എം കൗണ്ടറിന് മുന്നിലും നീണ്ട ക്യൂവാണ് കാണപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.