അസഹിഷ്ണുതയെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ്
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് ജുഡീഷ്യറി സ്വതന്ത്രമായി നിലനില്‍ക്കുന്ന കാലത്തോളം ആരും ആശങ്കപ്പെടേണ്ടതില്ളെന്നും വര്‍ധിച്ചുവരുന്ന അസഹിഷ്ണുത സംബന്ധിച്ച ചര്‍ച്ച രാഷ്ട്രീയ പ്രശ്നം മാത്രമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അഭിപ്രായപ്പെട്ടു. ചീഫ് ജസ്റ്റിസായി ഈയിടെ ചുമതലയേറ്റ അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ചയിലാണ് ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് ഒരു നിയമവ്യവസ്ഥയുണ്ട്. നിയമവ്യവസ്ഥ നിലനില്‍ക്കുന്നേടത്തോളം സ്വതന്ത്രമായ ജുഡീഷ്യറി ഉണ്ടാകും. കോടതികള്‍ നിലനില്‍ക്കുന്നേടത്തോളം അവകാശങ്ങളും ചുമതലകളും സംരക്ഷിക്കപ്പെടുകയും ചെയ്യും. അതുകൊണ്ടുതന്നെ ആരും ആശങ്കപ്പെടേണ്ടതില്ല -അദ്ദേഹം വ്യക്തമാക്കി.
അസഹിഷ്ണുതാ പ്രശ്നത്തില്‍ 70ലേറെ കലാ, സാംസ്കാരിക പ്രവര്‍ത്തകര്‍ പുരസ്കാരം തിരികെ നല്‍കുകയും പ്രതിപക്ഷവും പൗരപ്രമുഖരും അതിന് പിന്തുണ നല്‍കുകയും ചെയ്തതോടെ പ്രതിക്കൂട്ടിലായ മോദി സര്‍ക്കാറിന് ചീഫ് ജസ്റ്റിസിന്‍െറ പ്രസ്താവന പിടിവള്ളിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അസഹിഷ്ണുതാ ചര്‍ച്ച രാഷ്ട്രീയമാണെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് പക്ഷേ, അതേക്കുറിച്ച് കൂടുതല്‍ വിശദീകരിച്ചില്ല. അസഹിഷ്ണുതാ ചര്‍ച്ചയെ രാഷ്ട്രീയക്കാര്‍ എങ്ങനെ ഉപയോഗിക്കുന്നുവെന്നതില്‍ എന്തെങ്കിലും പറയാന്‍ ആഗ്രഹിക്കുന്നില്ളെന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി. ആളിക്കത്തുന്ന സ്വഭാവവും മൃഗത്വവും ചെറിയ അളവോളം മനുഷ്യമനസ്സിലുണ്ടായേക്കാം. എന്നാല്‍, ഇതര മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനുമുള്ള അസഹിഷ്ണുതയുടെ ആവേശം കാണിക്കുന്ന മനസ്സാണ് പൊതുസമൂഹത്തിന്‍േറത്. ഇന്ത്യ വലിയ രാജ്യമാണ്. ഇവിടെ പലതരം കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവരുണ്ട്. എല്ലാ മതവിഭാഗങ്ങളെയും സ്വീകരിച്ച ഭൂമിയാണിതെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാര്‍ക്കെതിരായ കൊലപാതകങ്ങളിലും അക്രമങ്ങളിലും എന്തുകൊണ്ട് കോടതി സ്വമേധയാ ഇടപെടുന്നില്ളെന്ന ചോദ്യത്തിന് സുപ്രീംകോടതിയുടെ അല്ളെങ്കില്‍ ഹൈകോടതിയുടെ ഒരു ഉത്തരവുകൊണ്ട് കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ളെന്നായിരുന്നു മറുപടി.
കുറ്റവാസന മനുഷ്യപ്രകൃതത്തിന്‍െറ ഭാഗമാണ്. മനുഷ്യര്‍ ഉള്ള കാലത്തോളം കലഹങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും. ഹിന്ദു, ഇസ്ലാം, സിഖ്, ബുദ്ധ തുടങ്ങിയ മതങ്ങളെല്ലാം ഒരേ ദൈവത്തിലേക്കാണ് മനുഷ്യനെ ക്ഷണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
രാജ്യത്തെ നിയമസംവിധാനവും മുഴുവന്‍ പൗരന്മാരുടെ അവകാശങ്ങളും സംരക്ഷിക്കേണ്ട സ്ഥാപനത്തിന്‍െറ തലപ്പത്തിരിക്കുന്ന ആളാണ് താന്‍. ജാതിക്കും മതത്തിനും അതീതമായി എല്ലാ വിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണ്. അതിന് കഴിയുന്നുണ്ടെന്നാണ് കരുതുന്നത്.
നമ്മുടെ നിയമസംവിധാനത്തില്‍ തീവ്രവാദികള്‍ക്കു പോലും അവകാശങ്ങളുണ്ട്. നിയമനടപടികള്‍ പൂര്‍ത്തിയാക്കാതെ ഒരു തീവ്രവാദിയെ തൂക്കിലേറ്റാനാകില്ല. ഏതെങ്കിലും ഒരു പ്രത്യേക കേസ് ഉദ്ദേശിച്ചല്ല ഇക്കാര്യം പരാമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.