നല്ലനടപ്പിന് ഇളവ്: സഞ്ജയ് ദത്ത് മാര്‍ച്ചില്‍ ജയില്‍ മോചിതനാകും
text_fieldsമുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് മാര്‍ച്ച് ഏഴിന് പുണെയിലെ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍നിന്നിറങ്ങുമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. സുപ്രീംകോടതി വിധിച്ച അഞ്ചുവര്‍ഷം തടവ് അവസാനിക്കാന്‍ എട്ടു മാസം ബാക്കിനില്‍ക്കെയാണ് മോചനം. ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നത്.
2006ല്‍ പ്രത്യേക ടാഡ കോടതിയാണ് ദത്ത് കുറ്റക്കാരനാണെന്ന് കണ്ടത്തെിയത്. അനധികൃതമായി എ.കെ 56 തോക്കും ഗ്രനേഡും സൂക്ഷിച്ചതിനും തെളിവ് നശിപ്പിച്ചതിനുമായിരുന്നു ആറുവര്‍ഷം കഠിന തടവ് വിധിച്ചത്. സുപ്രീംകോടതി ശിക്ഷ അഞ്ചുവര്‍ഷമായി കുറച്ചു. 1993ല്‍ അറസ്റ്റിലായശേഷം 18 മാസം ദത്ത് ജയിലിലായിരുന്നു. ഇതു കഴിച്ച് 42 മാസമാണ് ശിക്ഷയനുഭവിക്കേണ്ടത്.
സുപ്രീംകോടതി വിധിക്കുശേഷം ജയിലിലായ ദത്തിന് ആവര്‍ത്തിച്ച് പരോളും ശിക്ഷയില്‍നിന്ന് അവധിയും നല്‍കിയത് വിവാദമായിരുന്നു. 2013 ഡിസംബര്‍ 21ന് പരോളിലിറങ്ങിയ ദത്തിന് രണ്ടുതവണ പരോള്‍ അനുവദിക്കുകയും അത് നീട്ടിനല്‍കുകയും ചെയ്തു. 2014 ഡിസംബറില്‍ ശിക്ഷയില്‍നിന്ന് രണ്ടാഴ്ചത്തെ അവധിയും ലഭിച്ചു. മൊത്തം 118 ദിവസം ദത്ത് ജയിലിനു പുറത്തായിരുന്നു. കാല്‍മുട്ടിന് ശസ്ത്രക്രിയ, ക്ഷയം ബാധിച്ച ഭാര്യ മാന്യതയുടെ ചികിത്സ, മകളുടെ മൂക്കിന് ശസ്ത്രക്രിയ എന്നിവയായിരുന്നു കാരണങ്ങള്‍.
ഇതിനിടെ, ശിക്ഷയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു രാഷ്ട്രപതിക്ക് ഹരജി നല്‍കി. കുറ്റകൃത്യം മഹാരാഷ്ട്രയിലാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി തീരുമാനം സംസ്ഥാന ഗവര്‍ണര്‍ക്ക് വിട്ടു. ദത്തിന് ഇളവുനല്‍കുന്നത് സമൂഹത്തിന് വികലസന്ദേശമാണ് നല്‍കുകയെന്ന മഹാരാഷ്ട്ര സര്‍ക്കാറിന്‍െറ അഭിപ്രായം അംഗീകരിച്ച ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു കട്ജുവിന്‍െറ ഹരജി തള്ളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.