നാഷനല്‍ ഹെറാള്‍ഡ്: രണ്ടാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിച്ചു
text_fieldsന്യൂഡല്‍ഹി: പ്രതിപക്ഷത്തെ അനുനയിപ്പിച്ച് ചരക്കുസേവന നികുതി ബില്‍ അടക്കം സുപ്രധാന ബില്ലുകള്‍ പ്രതിപക്ഷത്തെ അനുനയിപ്പിച്ച് പാസാക്കിയെടുക്കാനുള്ള മോദിസര്‍ക്കാറിന്‍െറ ശ്രമം സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ ഉള്‍പ്പെട്ട നാഷനല്‍ ഹെറാള്‍ഡ് കേസില്‍ തട്ടി പാളം തെറ്റി. കോണ്‍ഗ്രസ് രോഷം തുടര്‍ച്ചയായ രണ്ടാം ദിവസവും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചപ്പോള്‍ അനുനയത്തിന്‍െറ വഴിവിട്ട് മന്ത്രിമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടന്ന കൂടിക്കാഴ്ചയോടെ ഉണ്ടായ സൗഹാര്‍ദ അന്തരീക്ഷം ഇതോടെ കലങ്ങി.
പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള രാഷ്ട്രീയ പ്രതികാരമാണ് നാഷനല്‍ ഹെറാള്‍ഡ് കേസെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. ബി.ജെ.പിയും സര്‍ക്കാറും രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന രീതി ഇതാണ്. തനിക്ക് നീതിപീഠത്തില്‍ പൂര്‍ണ വിശ്വാസമുണ്ട്. ആരാണ് കോടതിയെ ഭയപ്പെടുത്തുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്ന്, കോടതിയെ ഭീഷണിപ്പെടുത്താന്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍റിനെ ഉപയോഗിക്കുകയാണെന്ന ബി.ജെ.പി ആരോപണം തള്ളി രാഹുല്‍ വ്യക്തമാക്കി.
ശക്തമായ ഭാഷയിലായിരുന്നു സര്‍ക്കാര്‍ പ്രതികരണം. പാര്‍ലമെന്‍റിന്‍െറ സമയം കളയുന്നതിനു പകരം സര്‍ക്കാറിനും പ്രധാനമന്ത്രിയുടെ ഓഫിസിനുമെതിരായ ആരോപണങ്ങളെക്കുറിച്ച് തെളിവു ഹാജരാക്കാന്‍ രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍ററികാര്യ സഹമന്ത്രി രാജീവ് പ്രതാപ് റൂഡി വെല്ലുവിളിച്ചു. ഈ വിഷയത്തില്‍ പാര്‍ലമെന്‍റില്‍ സംസാരിക്കാനുള്ള ധൈര്യം രാഹുലിനില്ളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് സ്തംഭിപ്പിക്കാന്‍ കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണ്. അദ്ദേഹത്തിനും സോണിയ ഗാന്ധിക്കുമെതിരായ കേസില്‍ കോടതി നടപടി സ്വീകരിച്ചിരിക്കുന്നു. അതേക്കുറിച്ച് സഭയില്‍ വിശദീകരിക്കാന്‍ ധൈര്യമില്ലാത്തപ്പോള്‍ ഹീറോ ആകാന്‍ ശ്രമിക്കുകയാണ് അവര്‍.
സര്‍ക്കാറിനും പാര്‍ലമെന്‍റിനും ബന്ധമില്ലാത്ത വിഷയം കോടതിയില്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യമെടുക്കണമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കോടതി തീരുമാനം തിരുത്താന്‍ സര്‍ക്കാറിന് കഴിയില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ച്ചയായ രണ്ടാം ദിവസവും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭയും ലോക്സഭയും സ്തംഭിപ്പിച്ചതിനു പിന്നാലെയായിരുന്നു ഈ കടന്നാക്രമണം. അതേസമയം, നാഷനല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയേയും രാഹുലിനെയും കോടതി വിളിപ്പിച്ചതിന്‍െറ പേരിലല്ല പ്രതിഷേധമെന്ന് സമര്‍ഥിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആവുന്നത്ര ശ്രമിച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരായ പ്രതികാര നടപടികള്‍ക്കെതിരെയാണ് പ്രതിഷേധമെന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനുമായി രണ്ടു നിയമമാണ് മോദിസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഖാര്‍ഗെ കുറ്റപ്പെടുത്തി. ക്രമക്കേട് കാട്ടിയ മധ്യപ്രദേശ്, രാജസ്ഥാന്‍ മുഖ്യമന്ത്രിമാര്‍ക്കും വിദേശകാര്യ മന്ത്രിക്കുമെതിരെ നടപടിയില്ല. അതേസമയം, ശങ്കര്‍സിങ് വഗേല, വീരഭദ്ര സിങ്, പി. ചിദംബരം തുടങ്ങി കോണ്‍ഗ്രസ് നേതാക്കളെ നിയമക്കുരുക്കിലാക്കാന്‍ ശ്രമിക്കുകയാണ്. മോദിയേയും അമിത്ഷായേയും വരെ യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് വേട്ടയാടിയവരാണ് ഇരയുടെ വേഷം കെട്ടുന്നതെന്നായിരുന്നു പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യ നായിഡുവിന്‍െറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.