പ്രളയക്കെടുതി: യഥാർഥ മരണസംഖ്യ സർക്കാർ മൂടിവെക്കുന്നതായി ആക്ഷേപം
text_fieldsചെന്നൈ: പ്രളയക്കെടുതിയിലെ മരണസംഖ്യ സംസ്ഥാനസർക്കാർ മൂടിവെക്കുന്നു. മുന്നറിയിപ്പ് സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന ആരോപണത്തിെൻറ മൂർച്ച കുറക്കാനാണ് മരണസംഖ്യ മൂടിവെക്കുന്നതെന്ന് സംശയമുണ്ട്. ഒക്ടോബർ ഒന്നുമുതൽ ഡിസംബർ 10വരെ 347 പേർ മരിച്ചെന്നാണ് സർക്കാർ കഴിഞ്ഞദിവസം പുറത്തുവിട്ട കണക്ക്. ഡിസംബറിലെ പ്രളയത്തിൽ 79 പേർ മാത്രമാണ് മരിച്ചത്. അതേസമയം, പൊലീസിെൻറ കണക്കെടുപ്പിൽ കഴിഞ്ഞ വ്യാഴാഴ്ചവരെ 517 പേർ മരിച്ചു. റോയപ്പേട്ട, രാജീവ് ഗാന്ധി, കിൽപോക്ക്, സ്റ്റാൻലി സർക്കാർ ആശുപത്രികളിലെ മോർച്ചറികളിൽ തിരിച്ചറിയപ്പെടാതെ 20ഓളം മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്.
മാൻഹോളിലും ചതുപ്പിലും അടിഞ്ഞനിലയിൽ ദിവസവും മൃതദേഹങ്ങൾ കണ്ടുകിട്ടുന്നുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാനം നാലുലക്ഷം രൂപവീതം പ്രഖ്യാപിച്ചിരുന്നു. മരണസംഖ്യ ഔദ്യോഗിക കണക്കിൽപെടുത്തിയാൽ ഇത്തരത്തിൽമാത്രം കോടികൾ സർക്കാർ നൽകേണ്ടിവരും. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലാണ് കൂടുതൽപേർ മരിച്ചത്. സേനാവിഭാഗങ്ങൾ നൽകിയ കണക്കാണ് പൊലീസ് പരിഗണിച്ചത്. റവന്യൂവകുപ്പ് ശേഖരിച്ച കണക്കാണ് സർക്കാർ ആധാരമാക്കിയത്.
കേന്ദ്ര ആഭ്യന്തരമന്ത്രി ഡിസംബർ മൂന്നിന് ലോക്സഭയിൽ പ്രഖ്യാപിച്ചത് 269 പേരുടെ മരണമാണ്. ഡിസംബർ ആദ്യയാഴ്ച 79 പേർ മരിച്ചെന്ന് സർക്കാർ പറയുമ്പോൾ ചെന്നൈ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽമാത്രം മഴക്കെടുതി മരണമായി രേഖപ്പെടുത്തിയത് 50 ആണ്. ശ്വാസംകിട്ടാതെ കൂട്ടമരണം സംഭവിച്ച മിയോട്ട് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽനിന്ന് 18 മൃതദേഹങ്ങളാണ് ആശുപത്രിയിലെത്തിച്ചത്. കിൽപോക്ക് മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 മഴക്കെടുതിമരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ മറ്റ് നിരവധി സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കണക്കും സർക്കാർ അവഗണിച്ചു. നഗരത്തിലെ തൊറൈപാക്കം, നീലൻ കരൈ, അഡയാർ, പള്ളിക്കരണി, സെമ്മൻചേരി, ടി നഗർ, താംബരം, മുടിച്ചൂർ, അഡയാർ–കൂവം നദികളുടെ തീരങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ നിരവധിപേർ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
മുന്നറിയിപ്പില്ലാതെ ചെമ്പരപ്പാക്കം തടാകം തുറന്നുവിട്ടതിലൂടെ താംബരം, മുടിച്ചൂർ ഉൾപ്പെടെ മേഖലകളിൽ ഇനിയും കണ്ടുകിട്ടാനുള്ളവരുണ്ട്.
പ്രളയം കൊടും നാശംവിതച്ച കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലെ മരണസംഖ്യയുടെ വ്യക്തമായ കണക്ക് സർക്കാർ എടുത്തിട്ടില്ല. ഈ മേഖലകളിൽ ഇപ്പോഴും കണ്ടുകിട്ടാനുള്ളവരുണ്ട്. പൊതു നാശനഷ്ടക്കണക്കും കുറച്ചുകാണിക്കാൻ ശ്രമമുണ്ട്. 3889 കന്നുകാലികൾ ചത്തതായ സർക്കാർകണക്കിലും അവ്യക്തതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.