വാഹനാപകട കേസ്: സല്‍മാന് ചെലവായത് 25 കോടിയെന്ന് പിതാവ്
text_fieldsമുംബൈ: വാഹനാപകട കേസില്‍ 13 വര്‍ഷം നടത്തിയ നിയമ പോരാട്ടത്തിനിടെ സല്‍മാന്‍ഖാന് ചിലവായത് 25 കോടി രൂപയെന്ന് പിതാവും തിരക്കഥാകൃത്തുമായ സലിം ഖാന്‍. സല്‍മാന്‍ഖാനെ ബോംബെ ഹൈകോടതി വെറുതെവിട്ടതുമായി ബന്ധപ്പെട്ട വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘സല്‍മാന്‍ സുഖമായി രക്ഷപ്പെട്ടെന്നാണ് എല്ലാവരും പറയുന്നത്. അവന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കേസില്‍ 25 കോടി രൂപയോളം ചെലവഴിച്ചു. മാത്രമല്ല; ഇത്രയും കാലം അനുഭവിച്ച പിരിമുറുക്കം ചെറുതല്ല’’; സലിം ഖാന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സാധാരണ അപകട കേസായി ബാന്ദ്രയിലെ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങിയ കേസാണ് ഹൈകോടതി വരെ എത്തിയത്. ഹൈകോടതി മന:പൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചോദ്യം ചെയ്തെങ്കിലും മജിസ്ട്രേറ്റ് തന്നെ തീരുമാനിക്കട്ടെ എന്നാണ് വിധിച്ചത്. ഇതിനിടെ അപകടത്തില്‍ മരിച്ചയാളുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കുമുള്ള നഷ്ടപരിഹാര തുകയായി 19 ലക്ഷം രൂപ സല്‍മാന്‍ കോടതിയില്‍ കെട്ടിവെച്ചു. ‘വിലപിടിപ്പുള്ള’ അഭിഭാഷകരെയാണ് സല്‍മാന്‍ മൂന്ന് കോടതികളിലും കൊണ്ടുവന്നത്. ഹൈകോടതിയില്‍ ഹരിഷ് സാല്‍വെയാണ് സല്‍മാനുവേണ്ടി വാദിച്ചത്. അമിത് ദേശായിയാണ് അപ്പീലില്‍ ഹൈകോടതിയില്‍ വാദിച്ചത്. ശ്രീകാന്ത് ഷിവ്ഡെയായിരുന്നു സെഷന്‍സ് കോടതിയില്‍.
മേയ് ആറിന് സെഷന്‍സ് കോടതി അഞ്ചുവര്‍ഷം തടവ് വിധിച്ച വിധി പുറപ്പെടുവിച്ച് മണിക്കൂറിനകം ഹരിഷ് സാല്‍വെ ഹൈകോടതിയില്‍ എത്തി സല്‍മാന് താല്‍കാലിക ജാമ്യം നേടിക്കൊടുത്തു. ശിക്ഷിച്ചിട്ടും സല്‍മാന് ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടിവന്നില്ല. മാത്രവുമല്ല; രണ്ട് ദിവസത്തിന് ശേഷം ഹൈകോടതിയെക്കൊണ്ട് സെഷന്‍സ് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. അഞ്ചു മിനിട്ടിന് അഞ്ച് ലക്ഷം രൂപയോളമാണ് ഹരിഷ് സാല്‍വിയുടെ വില. പിന്നീട് അപ്പീലില്‍ സല്‍മാനുവേണ്ടി വദിച്ചത് അമിത് ദേശായിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.