പ്രണബ് പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുമായിരുന്നില്ല –സല്‍മാന്‍ ഖുര്‍ഷിദ്
text_fieldsന്യൂഡല്‍ഹി: മന്‍മോഹന്‍സിങ്ങിന് പകരം 2004ല്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയായിരുന്നുവെങ്കില്‍ 2014ല്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുമായിരുന്നില്ളെന്ന് മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. ‘ദ അദര്‍ സൈഡ് ഓഫ് ദ മൗണ്ടെയ്ന്‍’ എന്ന പുസ്തകത്തിലാണ് ഖുര്‍ഷിദിന്‍െറ അഭിപ്രായപ്രകടനം. 2004ല്‍ യു.പി.എ സര്‍ക്കാറിനെ നയിക്കാന്‍ പ്രണബിനെ മറികടന്ന് മന്‍മോഹനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടിയിലും പുറത്തുമുള്ളവരെ അത് വിസ്മയിപ്പിച്ചു. നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായി മന്‍മോഹന്‍സിങ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം എല്ലാവരുടെയും കൈയടി നേടിയതാണ്.
1999ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും സുരക്ഷിത സീറ്റായ സൗത് ഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് മന്‍മോഹന്‍ സിങ് മത്സരിച്ചത്. എന്നാല്‍, പലര്‍ക്കും ഓര്‍ത്തെടുക്കാന്‍ പോലും കഴിയാത്ത ഒരാളോട് (ബി.ജെ.പിയുടെ പ്രഫ. വിജയകുമാര്‍ മല്‍ഹോത്ര) അദ്ദേഹം പരാജയപ്പെടുകയായിരുന്നു. തുടക്കത്തില്‍ ചില എതിര്‍പ്പുകളുണ്ടായിരുന്നുവെങ്കിലും സോണിയയുടെ താല്‍പര്യപ്രകാരം ഭൂരിപക്ഷാഭിപ്രായം അനുസരിച്ചാണ് മന്‍മോഹനെ പ്രധാനമന്ത്രിയാക്കിയത്. ഈ തീരുമാനം ശരിയായിരുന്നുവെന്ന് രണ്ടാം തവണത്തെ മികച്ച വിജയം തെളിയിക്കുകയും ചെയ്തു. കോമണ്‍വെല്‍ത്ത്, ടു.ജി, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിവാദങ്ങളാണ് യു.പി.എ സര്‍ക്കാറിന്‍െറ തോല്‍വിക്ക് കാരണമെന്നും ഈ ആരോപണങ്ങള്‍ ഏത് പ്രധാനമന്ത്രിയായാലും ഉണ്ടാവുമായിരുന്നുവെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് ഖുര്‍ഷിദ് വ്യക്തമാക്കുന്നു. നേതൃത്വം പ്രതിസന്ധിയിലാണെന്നും താഴെക്കിടയിലുള്ള അണികളുമായി ബന്ധം നഷ്ടപ്പെട്ടുവെന്നുമൊക്കെ ചിലര്‍ കരുതുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, സോണിയക്കും രാഹുലിനും പകരം വെക്കാന്‍ ഇന്ന് പാര്‍ട്ടിയില്‍ മറ്റൊരു നേതൃത്വമില്ളെന്നും അദ്ദേഹം സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.