ഭീകരവാദത്തിന് അന്ത്യംകുറിക്കാന്‍ അയല്‍പക്ക സഹകരണം അനിവാര്യം –പ്രധാനമന്ത്രി
text_fieldsകൊച്ചി: രാജ്യം നേരിടുന്ന ഭീകരവാദ ഭീഷണി ഇല്ലാതാക്കാന്‍ അയല്‍പക്ക സഹകരണം അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന് പാകിസ്താന്‍, ചൈന തുടങ്ങി മുഴുവന്‍ അയല്‍രാജ്യങ്ങളുമായി സഹകരണം ശക്തിപ്പെടുത്താനാണ് ആഗ്രഹം. ലോകത്ത് വളര്‍ന്നുവരുന്ന ഭീകരവാദ ഭീഷണി നേരിടുന്നതിന് ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇന്ത്യയുടെ സഹകരണം ആഗ്രഹിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചിയുടെ പുറംകടലില്‍ നങ്കൂരമിട്ട നാവികസേനാ വിമാനവാഹിനി കപ്പലായ വിക്രമാദിത്യയില്‍ രാജ്യത്തെ മൂന്ന് സൈനിക തലവന്മാരുടെയും വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.
കരയിലും കടലിലും ആകാശത്തിലും ഇന്ത്യ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. തീവ്രവാദം മുതല്‍ ആണവ വെല്ലുവിളികള്‍വരെ അതില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ഇന്ത്യയുടെ അതിര്‍ത്തികളില്‍ ഒതുങ്ങുന്നതല്ല. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷിതത്വവും അതില്‍പെടും. പഴയ ശത്രുതക്കൊപ്പം ബഹിരാകാശത്തിലും സൈബര്‍ ലോകത്തുമുള്ള ശത്രുതയുടെ സ്വഭാവവും മാറുകയാണ്. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചുവരുന്നു. അതിര്‍ത്തിക്കപ്പുറത്ത് ഭീകരവാദവും വെടിനില്‍ത്തല്‍ കരാര്‍ ലംഘനവും ആണവായുധ ശേഖരം വര്‍ധിപ്പിക്കാനുള്ള വ്യഗ്രതയും ശക്തമാകുന്നു. ഇത് കണ്ടില്ളെന്ന് നടിക്കാനാവില്ല. ഭീകരവാദത്തിന് അന്ത്യംകുറിക്കാനും സമാധാനപരമായ ബന്ധം വളര്‍ത്താനും പാകിസ്താനുമായി ബന്ധപ്പെട്ട് വരുകയാണ്. മേഖലയില്‍ സ്ഥിരത നിലനിര്‍ത്താന്‍ ഇത് ആവശ്യവുമാണ്. ഈ മാര്‍ഗത്തില്‍ തടസ്സങ്ങള്‍ ഏറെയുണ്ട്. പക്ഷേ, നമ്മുടെ ഭാവിതലമുറയുടെ സുരക്ഷക്കും നന്മക്കും ഈ രംഗത്ത് വിജയിക്കേണ്ടത് ആവശ്യമാണ്.
അഫ്ഗാനിസ്താനില്‍ ഐക്യവും സമാധാനവും പുരോഗതിയും ജനാധിപത്യവും കെട്ടിപ്പടുക്കാന്‍ ആ രാജ്യത്തെ ജനങ്ങളുമായി സഹകരിക്കും. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തികള്‍ എന്ന നിലക്ക് ഇന്ത്യയും ചൈനയും തമ്മില്‍ നിര്‍മാണാത്മകമായ ബന്ധം ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ബംഗ്ളാദേശുമായുള്ള അതിര്‍ത്തി കരാര്‍ ആ രാജ്യവുമായുള്ള ബന്ധവും സുരക്ഷാ സഹകരണവും ശക്തിപ്പെടുത്താന്‍ സഹായകമായിട്ടുണ്ട്. ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന പ്രമുഖ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞു. വിദേശ നിക്ഷേപവും അതിവേഗം വര്‍ധിക്കുകയാണ്. ഇന്ത്യയുടെ ശക്തിസ്രോതസ്സില്‍ ഒന്ന് റഷ്യയാണ്. പ്രതിരോധത്തിലടക്കം അമേരിക്കയുമായി ബന്ധം ശക്തിപ്പെടുത്തി. ആഭ്യന്തര ശക്തി സുസ്ഥിരമാക്കിയില്ളെങ്കില്‍ ഇന്ത്യയെ സുരക്ഷിത രാജ്യമെന്നോ സൈനിക ശക്തിയെന്നോ വിളിക്കാനാവില്ല. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ സൈനിക വിഭാഗങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. സേനകള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ പ്രാദേശികമായി നിര്‍മിക്കുന്നതിന് മുന്‍ഗണന നല്‍കിവരുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍, വായുസേന മേധാവി അറൂബ് റാഹ, കരസേന മേധാവി ദല്‍ബീര്‍ സിങ് സുഹാദ്, പ്രതിരോധ സെക്രട്ടറി ഡോ.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.