റെയില്‍വേയില്‍ ഗൂഗ്ള്‍ സൗജന്യ വൈഫൈ ജനുവരി മുതല്‍
text_fieldsന്യുഡല്‍ഹി: രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളില്‍ അടുത്ത വര്‍ഷം അവസാനത്തോടെ സൗജന്യ ഹൈസ്പീഡ് വൈഫൈ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ഗൂഗ്ള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചെ അറിയിച്ചു. ഇതിന്‍െറ ആദ്യ പടിയായി ജനുവരിയില്‍ മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും. മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ മൂന്ന് ലക്ഷം ഗ്രാമങ്ങളെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കാനാവുമെന്നും ദല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയില്‍ സുന്ദര്‍ പിച്ചെ അറിയിച്ചു. കഴിഞ്ഞ സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സിലിക്കണ്‍ വാലിയിലെ ഗൂഗ്ള്‍ ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് ഇതു സംബന്ധമായ തീരുമാനമുണ്ടായത്.
ഗൂഗ്ളിന്‍െറ ഭാവി ഇന്ത്യന്‍ പദ്ധതികള്‍ വിശദീകരിക്കവെയാണ് സുന്ദര്‍ പിച്ചെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യക്കാരനായ സി.ഇ.ഒക്ക് ഒപ്പം ഗൂഗ്ളിന്‍റെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇന്ത്യയിലത്തെിയിട്ടുണ്ട്. ജനുവരിയോടെ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് റെയില്‍വേയുമായും റെയില്‍ ടെല്ലുമായും ഗൂഗ്ള്‍ പ്രവര്‍ത്തിച്ചുവരികയാണ്. തുടക്കത്തില്‍ സൗജന്യമായിരിക്കുമെങ്കിലും മറ്റു സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കുന്നതിന് റെയില്‍ ടെല്ലിനേയും മറ്റു സ്വകാര്യ സേവന ദാതാക്കളേയും സഹകരിപ്പിക്കുമെന്ന് ഗൂഗ്ള്‍ അറിയിച്ചു.
ദേശീയ നൈപുണി വികസന കോര്‍പറേഷനുമായി സഹകരിച്ച് രാജ്യത്തെ 30 യൂനിവേഴ്സിറ്റികളില്‍ 20 ലക്ഷം ആന്‍ഡ്രോയിഡ് ഡെവലപര്‍മാര്‍ക്ക് പരിശീലനം നല്‍കാനും ഗൂഗ്ളിന് പരിപാടിയുണ്ട്. ഗൂഗ്ളിന്‍െറ ഹൈദരാബാദ് കാമ്പസ് വിപുലീകരിക്കാനും പദ്ധതിയുണ്ടെന്ന് സുന്ദര്‍ പിച്ചെ വെളിപ്പടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.