ജെയ്റ്റ്ലിക്കെതിരെ ആക്രമണം ശക്തമാക്കി എ.എ.പി
text_fieldsന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫിസില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആം ആദ്മി പാര്‍ട്ടി ആക്രമണം ശക്തമാക്കി. 1999നും 2015നും ഇടക്ക് വ്യാജകമ്പനികളുണ്ടാക്കി പണം തട്ടിയ കേസാണിതെന്ന് എ.എ.പി നേതാവ് കുമാര്‍ വിശ്വാസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ആന്‍റി കറപ്ഷന്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് ഈ വിഷയം ഉയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ രേഖകള്‍ കടത്തിക്കൊണ്ടു പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഡയറി പോലും സി.ബി.ഐ കൊണ്ടുപോയി. മാധ്യമ വാര്‍ത്തകളെ തുടര്‍ന്നാണ് മുഴുവന്‍ രേഖകളും കൊണ്ടുപോകാന്‍ കഴിയാഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കു പങ്കുള്ള ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്‍ (ഡി.ഡി.സി.എ) ഫയലുകള്‍ക്കുവേണ്ടിയാണ് സി.ബി.ഐ തന്‍െറ ഓഫിസില്‍ തിരച്ചില്‍ നടത്തിയതെന്ന ആരോപണം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്നലെയും ആവര്‍ത്തിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഫയലുകളുടെ പട്ടിക പുറത്തുവിട്ട കെജ്രിവാള്‍ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി അന്വേഷണത്തെ ജെയ്റ്റ്ലി ഭയപ്പെടുന്നതെന്തിനെന്നും ചോദിച്ചു.
ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി സംബന്ധിച്ച് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുംവരെ ജെയ്റ്റ്ലിയെ മന്ത്രിസ്ഥാനത്തുനിന്നു മാറ്റിനിര്‍ത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജെയ്റ്റ്ലി അധ്യക്ഷനായിരുന്ന അസോസിയേഷനില്‍ ഗുരുതര സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി കോണ്‍ഗ്രസ് വക്താവും മുന്‍ സ്പോര്‍ട്സ് മന്ത്രിയുമായ അജയ് മാക്കന്‍ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.