സചിന്‍, രേഖ; മോശം പ്രകടനത്തില്‍ രാജ്യസഭയിലെ സൂപ്പര്‍താരങ്ങള്‍
text_fieldsന്യൂഡല്‍ഹി: സ്വന്തം ‘മണ്ഡല’ങ്ങളില്‍ സൂപ്പര്‍താരങ്ങളാണെങ്കിലും സചിന്‍ ടെണ്ടുല്‍കറും നടി രേഖയും രാജ്യസഭയില്‍ പൂര്‍ണ പരാജയമാണ്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടവരില്‍ ഏറ്റവും മോശം പ്രകടനം ഇവര്‍ രണ്ടുപേരുടേതുമാണ്. ഇരുവര്‍ക്കും ആറു ശതമാനത്തില്‍ താഴെയാണ് ഹാജര്‍നില. മൂന്നുവര്‍ഷമായിട്ടും രേഖ സഭയില്‍ വായ് തുറന്നിട്ടില്ല.
ചര്‍ച്ചയില്‍ പങ്കെടുക്കുകയോ ഒരു ചോദ്യംപോലും ചോദിക്കുകയോ ചെയ്തിട്ടില്ല. ഒരു ചര്‍ച്ചയിലും പങ്കെടുക്കാത്ത സചിന്‍ ഏഴുചോദ്യം ചോദിച്ചു. ജാവേദ് അക്തറാണ് മോശം പ്രകടനത്തില്‍ മൂന്നാം സ്ഥാനത്ത്.
യു.പി.എ സര്‍ക്കാറിന്‍െറ കാലത്ത് 2012 ഏപ്രില്‍ 27നാണ് സചിനും രേഖയും രാജ്യസഭാംഗങ്ങളായത്. സചിന് 5.5 ശതമാനം ഹാജറും രേഖക്ക് 5.1 ശതമാനം ഹാജറുമാണുള്ളത്. സചിനോടൊപ്പം നാമനിര്‍ദേശം ചെയ്യപ്പെട്ട വനിതാവ്യവസായി അനു ആഗ സഭയില്‍ കൃത്യമായി ഹാജരാകുകയും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. സാമ്പത്തികവിദഗ്ധന്‍ ബാല്‍ചന്ദ്ര മുഞ്ചേക്കറാണ് ഏറ്റവും കൃത്യമായി സഭയില്‍ വരുന്നയാള്‍, 89.10 ശതമാനം ഹാജര്‍. ചോദ്യം ചോദിച്ചതിലും (272) ചര്‍ച്ചയില്‍ പങ്കെടുത്തതിലും ഇദ്ദേഹമാണ് മുന്നില്‍. 178 ചോദ്യം ചോദിച്ച മണിശങ്കര്‍ അയ്യരാണ് രണ്ടാമത്. പ്രാദേശിക വികസന ഫണ്ട് ഏറ്റവും കൂടുതല്‍ ചെലവഴിച്ചതും ബാല്‍ചന്ദ്ര മുഞ്ചേക്കറാണ്്; 28.03 കോടി രൂപ. മണിശങ്കര്‍ അയ്യര്‍ 27.13 കോടി രൂപ ചെലവാക്കി. സചിന്‍ 14.95 കോടി രൂപയുടെ പദ്ധതികള്‍ക്ക് ശിപാര്‍ശ നല്‍കി.
രേഖയെ കൂടാതെ മുന്‍ അറ്റോണി ജനറല്‍ കെ. പരാശരന്‍, അനു ആഗ, നടിയും ഗായികയുമായ ബി. ജയശ്രീ, ജാവേദ് അക്തര്‍ എന്നിവര്‍ ഒരു ചോദ്യംപോലും ചോദിച്ചില്ല. ജയശ്രീ ഒരു ചര്‍ച്ചയില്‍പോലും പങ്കെടുത്തിട്ടില്ല.
രാജ്യസഭയില്‍ ഇപ്പോള്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളാണുള്ളത്. ഇതില്‍ ഭൂരിപക്ഷവും മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് ‘ഫാക്റ്റ്ലി’ എന്ന ജേണലിസം പോര്‍ട്ടല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.