സ്കൂളിൽ ഭക്ഷണമുണ്ടാക്കുന്നതിന് വിലക്ക്: വിധവക്ക് കലക്ടറുടെ പിന്തുണ
text_fieldsഗോപാല്‍ഗഞ്ച് : വിധവയായതിനാൽ സ്കൂളിൽ ഉച്ചഭക്ഷണമുണ്ടാക്കുന്നതിന് വിലക്ക് നേരിട്ട സ്ത്രീക്ക് ജില്ലാ കളക്ടറുടെ സഹായം. ബിഹാറിലെ കല്യാൺപൂർ സ്വദേശിനിയായ സുനിത കൗറിനെയാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നതില്‍ നിന്ന് നാട്ടുകാര്‍ വിലക്കിയത്. വിധവകൾ ദുശകുനമാണെന്ന വിശ്വാസം മൂലമാണ് നാട്ടുകാർ സുനിതയെ ഭക്ഷണമുണ്ടാക്കുന്നതിൽ നിന്ന് തടഞ്ഞത്.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളുള്ള സുനിതക്ക് മാസം തോറും ആയിരം രൂപ ശമ്പളമുള്ള ഈ ജോലിയല്ലാതെ മറ്റു വരുമാന മാർഗങ്ങളില്ല. സുനിതയെ ജോലി തുടരാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാർ വ്യാഴാഴ്ച മുതൽ സ്കൂൾ തുറക്കുവാൻ സമ്മതിച്ചിരുന്നില്ല. വിലക്ക് സ്കൂൾ പൂട്ടിയിടുന്നതിൽ വരെയെത്തിയപ്പോൾ സുനിത പരാതിയുമായി ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടറെ സമീപിക്കുകയായിരുന്നു.
പ്രശ്നം പരിഹരിക്കാൻ കളക്ടർ രാഹുൽ കുമാർ ഉടൻതന്നെ നടപടികൾ സ്വീകരിച്ചു. മാത്രമല്ല, ജില്ലാ വിദ്യാഭ്യാസവകുപ്പ് ഓഫീസറുമായി സ്‌കൂളിൽ നേരിട്ടെത്തി, നാട്ടുകാരുമായി സംസാരിച്ച് പ്രശ്‌നം ഒത്തുതീർപ്പിലെത്തിക്കുകയും ചെയ്തു. സുനിത തയാറാക്കിയ ഉച്ചഭക്ഷണം വിദ്യാർഥികള്‍ക്കൊപ്പം സ്‌കൂള്‍ വരാന്തയിലിരുന്ന് കഴിച്ചുകൊണ്ടാണ് ഗ്രാമീണരെ അദ്ദേഹം ബോധവത്ക്കരിച്ചത്. വിധവകള്‍ അപശകുനമല്ലെന്നും അവരും സാധാരണ മനുഷ്യര്‍ തന്നെയാണെന്നും നാട്ടുകാരെ ബോധ്യപ്പെടുത്താൻ ഇതിലൂടെ കളക്ടർക്ക് കഴിഞ്ഞു. നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചതോടെ സുനിതക്ക് ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.