സാമൂഹിക മാധ്യമങ്ങളിലൂടെ യുവാക്കള്‍ തീവ്രവാദത്തിലേക്ക് തിരിയുന്നത് ആശങ്കജനകം –രാജ്നാഥ് സിങ്
text_fieldsന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് ഓണ്‍ലൈന്‍ വേദികളിലൂടെയും യുവാക്കള്‍ തീവ്രവാദസംഘടനകളിലേക്ക് ആകര്‍ഷിക്കപ്പെടുന്ന സ്ഥിതി ആശങ്കജനകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഇന്‍റലിജന്‍സ് ബ്യൂറോ സംഘടിപ്പിച്ച സംസ്ഥാന ഡി.ജി.പിമാരുടെയും ഐ.ജിമാരുടെയും ത്രിദിന വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരസംഘടനയായ ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും കണ്ടത്തെിയിട്ടുണ്ട്. അയല്‍രാജ്യങ്ങളായ ബംഗ്ളാദേശിലും അഫ്ഗാനിസ്താനിലും ചുവടുറപ്പിക്കാന്‍ ഐ.എസ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ ഐ.എസിന്‍െറ പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ടെന്നത് വസ്തുതയാണ്. ഇന്ത്യയും ഇതില്‍നിന്ന് ഒഴിവായിട്ടില്ല. ഇത്തരം ഭീഷണികള്‍ നേരിടുന്നതിന് കൂട്ടായശ്രമം ആവശ്യമാണ്. പഞ്ചാബില്‍ ഖലിസ്ഥാനുവേണ്ടിയുള്ള വാദം പുനരുജ്ജീവിപ്പിക്കാന്‍ ബാഹ്യശക്തികള്‍ ശ്രമിക്കുകയാണ്. ജനങ്ങളുടെ വികാരം ചൂഷണം ചെയ്യാനും ശ്രമമുണ്ട്. എന്നാല്‍, ഇത്തരം ശ്രമങ്ങള്‍ക്ക് പഞ്ചാബ് ജനത തക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദിസംഘടനകളെ സുരക്ഷാസേന ശക്തമായി നേരിട്ടതിനാല്‍ ജമ്മു-കശ്മീരില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേതിനെക്കാള്‍ ഈ വര്‍ഷം സ്ഥിതി ഭേദമാണ്. കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ തമ്മിലുള്ള മികച്ച ഏകോപനമാണ് ഇന്നത്തെ ആവശ്യം. ഇടത് തീവ്രവാദസംഘടനകളുടെ ഭീഷണി നേരിടുന്ന സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.