അസഹിഷ്ണുതയുടെ ഇന്ത്യ
text_fieldsപോയ വര്‍ഷത്തെ ഇന്ത്യയെ അസഹിഷ്ണുതയുടെ ഇന്ത്യ എന്ന് രേഖപ്പെടുത്തുകയാണെങ്കില്‍ അതിന്‍റെ ഏറ്റവും പ്രകടനപരത പുറത്തുവന്ന രണ്ട് സംഭവങ്ങളാണ് എഴുത്തുകാരന്‍ എം.എം കല്‍ബുര്‍ഗിയുടെയും ദാദ്രിയിലെ മുഹമ്മദ് അഖ്ലാക്കിന്‍റെയും കൊലകള്‍. കന്നട എഴുത്തുകാരനും യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലറുമായ എം.എം കല്‍ബുര്‍ഗി തന്‍റെ രചനകളുടെ പേരില്‍ ആയിരുന്നു കൊല ചെയ്യപ്പെട്ടത്. ആഗസ്റ്റ് 30ന് രാവിലെ വീട്ടില്‍ അതിക്രമിച്ചു കടന്ന് തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തങ്ങളുടെ അക്കാദമി പുരസ്കാരങ്ങള്‍ തിരികെ നല്‍കിയും കേന്ദ്ര സാഹിത്യ അംഗത്വം രാജി വെച്ചും നിരവധി പ്രമുഖ എഴുത്തുകാരുടെ പ്രതിഷേധ പരമ്പരക്ക് ഈ സംഭവം തീ കൊളുത്തി.
കല്‍ബുര്‍ഗിയുടെ കൊല നടന്ന് തൊട്ടടുത്ത മാസം ആണ് ദാദ്രിയിലെ വീട്ടില്‍ ബീഫ് സൂക്ഷിച്ചു എന്ന് ആരോപിച്ച് ആള്‍ക്കൂട്ടം അഖ്ലാഖ് എന്ന 55കാരനെ തല്ലിക്കൊന്നത്. ദേശീയ തലത്തില്‍ പശു വാര്‍ത്താശ്രദ്ധ കവരുന്നത് ഈ സംഭവത്തോടെ ആണ്. ബീഫ് നിരോധത്തോട് പലയിടങ്ങളിലും ബീഫ് ഫെസ്റ്റുകള്‍ നടത്തി പ്രതിഷേധിച്ചു. ഇതിന്‍റെ പ്രതിഫലനമെന്നവണ്ണം യാഹൂ ഇന്ത്യയുടെ 2015ലെ പേഴ്സണാലിറ്റി ഓഫ് ദ ഇയര്‍ ആയി പശുവിനെ തെരഞ്ഞെടുത്തു. അസഹിഷ്ണുത വിഷയത്തിലും അവാര്‍ഡ് തിരിച്ചുകൊടുക്കല്‍ വിവാദത്തിലും പശു ചര്‍ച്ചാ കേന്ദ്രമായെന്നും, ഇതെല്ലാം പരിഗണിച്ചാണ് പശുവിനെ പേഴ്സണാലിറ്റി ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതെന്നും യാഹൂ വ്യക്തമാക്കി. എന്നാല്‍,അഖ്ലാഖിന്‍റെ വീട്ടില്‍ ഉണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ഇന്ത്യയില്‍ അസഹിഷ്ണുത വ്യാപിക്കുകയാണെന്നും ഇന്ത്യ വിടുന്നതിനെ കുറിച്ച് തന്‍റെ ഭാര്യ കിരണ്‍ റാവു പറഞ്ഞുവെന്നും ഒരു ചടങ്ങില്‍ നടന്‍ ആമിര്‍ഖാന്‍ പറഞ്ഞത് പിന്നീട് വന്‍ വിവാദമായി. ഒടുവില്‍ തന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന് പറയേണ്ട തരത്തിലേക്ക് നീങ്ങി വിമര്‍ശങ്ങള്‍.
ഷാരൂഖ് ഖാന്‍ ‘പാകിസ്താന്‍ ഏജന്‍റാണെന്നും ഷാരൂഖ് ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പാകിസ്താനിലേക്ക് അയക്കണമെന്നും വിഎച്ച്പി നേതാവ് സാധ്വി പ്രാചി പറഞ്ഞതും അസഹിഷ്ണുതയുടെ മറ്റൊരു മുഖമായി വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യയില്‍ അതിരൂക്ഷമായ അസഹിഷ്ണുതയാണ് നിലനില്‍ക്കുന്നതെന്ന് ഷാരൂഖ് ഖാന്‍റെ പ്രസ്താവനയാണ് അവരെ ചൊടിപ്പിച്ചത്. തന്‍റെ 50ാം ജന്മദിനത്തോടനുബന്ധിച്ച് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഷാരൂഖ് ഖാന്‍ അസഹിഷ്ണുതയ്ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.
വിഖ്യാത പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ ഗസല്‍ കച്ചരേി ശിവസേന ഭീഷണിയത്തെുടര്‍ന്ന് റദ്ദാക്കേണ്ടി വന്നതും അസഹിഷ്ണുതയുടെ പാരമ്യത ചൂണ്ടിക്കാട്ടുന്നതായി. മാട്ടുംഗയിലെ ഷണ്‍മുഖാനന്ദ ഹാളില്‍ നടത്താനിരുന്ന കച്ചേരി തടയുമെന്ന് ശിവസേന ഭീഷണി മുഴക്കിയിരുന്നു. അന്തരിച്ച പ്രശസ്ത ഗസല്‍ ഗായകന്‍ ജഗ്ജിത് സിങ്ങിനുള്ള സ്മരണാഞ്ജലിയായാണ് പരിപാടി നടത്താനിരുന്നത്.
രാഷ്ട്രീയ മാറ്റങ്ങള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലൂടെ ആപ് ശക്തമായി തിരിച്ചു വന്നതായിരുന്നു പോയ വര്‍ഷത്തിന്‍റെ തുടക്കത്തിലെ ഏറ്റവും സുപ്രധാന രാഷ്ട്രീയ വാര്‍ത്ത. 70ല്‍ 67 സീറ്റും തൂത്തുവാരി ആപ് സര്‍ക്കാര്‍ ഭരണത്തിലേറി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയായി. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ആപിന്‍റെ സ്ഥാപക നേതാക്കളായ ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍,യോഗേന്ദ്ര യാദവ് എന്നിവര്‍ പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതും കണ്ടു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ലിറ്റ്മസ് ടെസ്റ്റ് ആയി കരുതുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു കിട്ടിയ അടിയാണ് 2015ലെ ഏറ്റവും ചൂടുള്ള രാഷ്ട്രീയ വാര്‍ത്തയായത്. ഒക്ടോബര്‍ 12ന് നടന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് -ലാലു കൂട്ടുകെട്ടിന്‍റെ ‘വിശാല സഖ്യം’ 178 സീറ്റുകള്‍ നേടിയപ്പോള്‍ 58 സീറ്റുകള്‍ മാത്രം നേടി ബി.ജെ.പി നിലം പരിശാവുന്ന കാഴ്ചയായിരുന്നു അത്. നേരത്തെ തീരുമാനിച്ചതുപോലെ നിതീഷ് ബിഹാറിന്‍റെ മുഖ്യമന്ത്രിയായി.
അഴിമതി
മധ്യപ്രദേശ് സര്‍ക്കാറിന്‍റെ പ്രൊഫഷണല്‍ എക്സാമിനേഷന്‍ ബോര്‍ഡ് നടത്തിയ പരീക്ഷയില്‍ നടന്ന ക്രമക്കേട് (വ്യാപം അഴിമതി) വലിയ വാര്‍ത്തയായി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയും മകന്‍ രാഹുലും വിയര്‍ത്ത വര്‍ഷം കൂടിയായിരുന്നു ഇത്. ജവഹര്‍ലാല്‍ നെഹ്റു 1937ല്‍ സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്ന് കാണിച്ച് രാഹുലിനും സാേണിയക്കുമെതിരെ ബി.ജെ.പിയുടെ സുബ്രഹ്മണ്യം സ്വാമി പരാതി നല്‍കി. എന്നാല്‍, കേസില്‍ പാട്യാല കോടതിയില്‍ നിന്നും ഇരുവരും ജാമ്യം നേടി.
കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെട്ട ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതിയുടെ തെളിവുകള്‍ ബി.ജെ.പിയുടെ ലോക്സഭാ അംഗവും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ കീര്‍ത്തി ആസാദ് പുറത്തുവിട്ടതിനെ തുടര്‍ന്നുള്ള വിവാദങ്ങളോടെയാണ് 2015ന്‍റെ ദേശീയ രാഷ്ട്രീയം വിടവാങ്ങിയത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ ചെയ്യാത്ത ജോലികള്‍ക്ക് വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ തട്ടിയെടുത്തതിന്‍െറ വിവരങ്ങളാണ് പുറത്തുവന്നത്.
മോദിയുടെ യാത്രകള്‍
താന്‍ നടത്തിയ വിദേശ യാത്രകളുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെക്കോര്‍ഡ് സൃഷ്ടിച്ച വര്‍ഷം. ഇക്കാരണത്താല്‍ തന്നെ നവ മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ ആക്ഷേപ ഹാസ്യത്തിനും മോദി ഇരയായി. ഡസനോളം രാജ്യങ്ങള്‍ മോദി സന്ദര്‍ശിച്ചു. സ്വന്തം രാജ്യത്തെ അപൂര്‍വ സന്ദര്‍ശകന്‍ എന്നു മാധ്യമങ്ങള്‍ പരിഹസിക്കുന്നിടം വരെ അതു നീണ്ടു. എന്നാല്‍, രാജ്യാന്തര -നയതന്ത്ര വാര്‍ത്തകളില്‍ ഇടം നേടിയത് സുഷമയുടെ പാക് സന്ദര്‍ശനമാണ്. ‘ഏഷ്യയുടെ ഹൃദയം’ എന്ന തലക്കെട്ടില്‍ അഫ്ഗാന്‍ വിഷയത്തില്‍ പാകിസ്താനില്‍ നടന്ന സമ്മേളത്തില്‍ ഇന്ത്യ ഭാഗഭാക്കായി. വ്യാപാര വാണിജ്യ ബന്ധങ്ങള്‍ക്കായുള്ള കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.
അരുണ ഷാന്‍ബാഗ്
42 വര്‍ഷക്കാലം ജീവിതം നിര്‍ദയം വേദനിപ്പിച്ച അരുണ ഷാന്‍ബാഗ് എന്ന ‘പെണ്‍കുട്ടി’ വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് മടങ്ങിയത് 2015 മെയ് 18നായിരുന്നു. 1973 നവംബര്‍ 27ന് അരുണ ജോലി ചെയ്യുന്ന കെ.ഇ.എം ആശുപത്രിയില്‍ സോഹന്‍ലാല്‍ വാല്‍മീകി എന്ന ആശുപത്രി സ്റ്റാഫിനാല്‍ ക്രൂരമായി ബലാല്‍സംഗത്തിനിരയായി. ഇതെതുടര്‍ന്ന് കോമയിലേക്ക് വഴുതിവീണ അരുണയെ അതേ ആശുപത്രയിലെ സഹപ്രവര്‍ത്തകര്‍ ആയിരുന്നു ഇത്ര വര്‍ഷക്കാലം പരിചരിച്ചത്. അരുണക്ക് ദയാവധം നല്‍കണമെന്ന് ആവശ്യപ്പെട്ട് അവരുടെ സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായ പിങ്കി വിരാനി കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം കോടതി നിരാകരിച്ചതും നേരത്തെ വാര്‍ത്തയായിരുന്നു.
കലാമിന്‍റെ വിയോഗം
ജൂലൈ 27നായിരുന്നു മുന്‍ രാഷ്ട്രപതിയും ഇന്ത്യ കണ്ട പ്രമുഖ ശാസ്ത്രജ്ഞനുമായ എ.പി.ജെ അബ്ദുല്‍ കലാമിന്‍റെ വിയോഗം. ഷില്ളോങ്ങില്‍ ഐ.ഐ.എം വിദ്യാര്‍ഥികള്‍ക്ക് ക്ളാസ് എടുത്തുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ജൂലൈ 29ന് അദ്ദേഹത്തിന്‍റെ ജന്‍മനാടായ രാമേശ്വരത്ത് ഒൗദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
സല്‍മാന്‍ ഖാന്‍
അമിത വേഗതിയില്‍ ഓടിച്ച വാഹനമിടിച്ച് ഒരാള്‍ കൊല്ലപ്പെടാനിടയായ കേസില്‍ സല്‍മാന്‍ ഖാന്‍ കുറ്റവിമുക്തനായി. 2002ല്‍ നടന്ന സംഭവത്തില്‍ നീണ്ട നിയമ വ്യവഹാരങ്ങള്‍ക്കൊടുവില്‍ ആണ് ഡിസംബര്‍ 10ന് തെളിവിന്‍റെ അഭാവത്തില്‍ സല്‍മാന്‍ ഖാനെ മുംബൈ ഹൈകോടതി വെറുതെ വിട്ടത്. മുംബൈ സ്ഫോടനക്കേസില്‍ ശിക്ഷ വിധിക്കപ്പെട്ട യാക്കൂബ് മേമനെ തൂക്കിക്കൊല്ലരുതെന്ന് സല്‍മാന്‍ പറഞ്ഞത് നേരത്തെ വിവാദമായിരുന്നു.
യാക്കൂബ് മേമന്‍
1993ലെ മുംബൈ സ്ഫോടനക്കേസിലെ യാക്കൂബ് മേമനെ തൂക്കിക്കൊന്നു. രാഷ്ട്ര പതി തള്ളിയ ദയാഹരജി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതിയും തള്ളി. ജൂലൈ 30ന് നാഗ്പൂര്‍ ജയിലില്‍ വെച്ച് ശിക്ഷ നടപ്പാക്കി.
ഛോട്ടാ രാജന്‍
അധോലോക രാജാവ് ഛോട്ടാ രാജന്‍ ഇന്തോനേഷ്യന്‍ ദ്വീപായ ബാലിയില്‍ വെച്ച് ഇന്‍റര്‍പോളിന്‍റെ പിടിയിലായി. സിഡ്നിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന രാജന്‍ ബാലിയില്‍ എത്തിയപ്പോഴാണ് പിടിയില്‍ ആയത്. പിന്നീട് രാജനെ ഇന്ത്യയിലേക്ക് കൊണ്ടു വന്നു.
ചെന്നൈ പ്രളയം
നവംബറിന്‍റെ അവസാനത്തിലും ഡിസംബറിന്‍റെ തുടക്കത്തിലും വെള്ളത്തിനടിയില്‍ ആയിരുന്നു ചെന്നൈ നഗരം. ചെന്നൈയിലെ കനത്ത മഴയും പ്രളയവും ആയിരുന്നു 2015ല്‍ രാജ്യം കണ്ട പ്രകൃതി ദുരന്തം. 347 പേര്‍ മരിച്ചതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കെങ്കിലും 500റിലേറെ വരുമെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. കോടികളുടെ നാശനഷ്ടങ്ങളും സംഭവിച്ചു.
തയ്യാറാക്കിയത്: റജീന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.