ഇന്ത്യ-പാക് ബന്ധം മാറ്റിമറിച്ച ആ മൂന്നു മിനിറ്റ്...
text_fieldsന്യൂഡല്‍ഹി: ആഴ്ചകള്‍ക്കുമുമ്പ്, പാക് പ്രധാനമന്ത്രിയുമായി പാരിസില്‍വെച്ച് നരേന്ദ്ര മോദി ചര്‍ച്ച നടത്തുമ്പോള്‍, അത് ഇത്രയുംവലിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന് ആരും കരുതിയിരിക്കില്ല. യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ഇരുനേതാക്കളും പാരിസിലത്തെിയത്. കഷ്ടിച്ച് മൂന്നു മിനിറ്റാണ് ഉച്ചകോടിയുടെ ഇടവേളയില്‍ അവര്‍ സംസാരിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കാന്‍ മാത്രം എന്തായിരിക്കും അവര്‍ സംസാരിച്ചിട്ടുണ്ടാകുക?
ഉഭയകക്ഷിചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ചുതന്നെയായിരുന്നു ആ ചര്‍ച്ചയെന്ന് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പ്രമുഖ ഇംഗ്ളീഷ് പത്രമായ ദ ഹിന്ദുവിനോട് വെളിപ്പെടുത്തി. ‘വീണ്ടുമൊരു ചര്‍ച്ചക്ക് സമയമായിരിക്കുന്നു’വെന്ന ആമുഖത്തോടെയാണ് മോദി സംസാരം ആരംഭിച്ചത്. അതിനോട് അനുകൂലമായി പ്രതികരിച്ച ശെരീഫ്, നേരത്തേ, സുരക്ഷാ ഉപദേശകര്‍ തമ്മില്‍ നടത്താനിരുന്ന ചര്‍ച്ച മുടങ്ങിപ്പോയതിനെപ്പറ്റിയും സൂചിപ്പിച്ചു. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്‍ ഉപാധികളില്ലാതെതന്നെ ചര്‍ച്ച വേണമെന്ന അദ്ദേഹത്തിന്‍െറ നിര്‍ദേശം മോദി അംഗീകരിക്കുകയും ചെയ്തു.
സുഷമ സ്വരാജിനെ പാകിസ്താനിലേക്ക് അയക്കാന്‍ മോദി തീരുമാനിച്ചതും ഈ മൂന്നു മിനിറ്റ് ചര്‍ച്ച ഫലംകണ്ടതിനെ തുടര്‍ന്നാണെന്നും ഒൗദ്യോഗികവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇസ്ലാമാബാദില്‍ നടന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ ഉച്ചകോടിയിലേക്ക് പാകിസ്താന്‍ ഇന്ത്യയേയും ക്ഷണിച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കണമോയെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലായിരുന്നു.
ഇസ്ലാമാബാദിലെ ചര്‍ച്ചയും ഫലംകണ്ടതോടെയാണ് ഏതാനും ദിവസങ്ങള്‍ക്കുശേഷം നടന്ന ബാങ്കോകിലെ സുരക്ഷാ ഉപദേശകസമിതിതല ചര്‍ക്ക് വഴിയൊരുങ്ങിയത്.
ബാങ്കോക് ചര്‍ച്ചയുടെ വിവരങ്ങള്‍ തുടക്കത്തില്‍ രഹസ്യമാക്കിവെച്ചതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ ബഹളമുണ്ടായിരുന്നു. ബാങ്കോക് ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് മോദിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനവും.
സന്ദര്‍ശനം ശുഭസൂചന -സി.പി.എം
കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനം സി.പി.എം സ്വാഗതംചെയ്തു. മുടങ്ങിക്കിടന്ന ചര്‍ച്ച പുനരാരംഭിക്കുന്നത് നല്ല കാര്യമാണെന്നും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
മന്‍മോഹന്‍ സിങ്ങിന്‍െറ സ്വപ്നമാണ് മോദി നടപ്പാക്കിയത്. അഫ്ഗാനില്‍ പ്രാതല്‍, ലാഹോറില്‍ ഉച്ചഭക്ഷണം, രാത്രി ഭക്ഷണത്തിന് ഡല്‍ഹിയില്‍ എന്ന് ഒരിക്കല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ പാര്‍ലമെന്‍റില്‍ പറഞ്ഞിരുന്നു.
പാകിസ്താനുമായുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചയില്‍നിന്ന് ആദ്യം പിന്മാറിയത് മോദി സര്‍ക്കാറാണ്. തീവ്രവാദമല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യാനില്ളെന്ന് പറഞ്ഞ മോദി ഇപ്പോള്‍ കശ്മീര്‍ വിഷയത്തിലടക്കം ചര്‍ച്ചക്ക് തയാറായതും സന്ദര്‍ശനം നടത്തിയതും നല്ല സൂചനയാണ്. വി.ഐ.പികള്‍ക്ക് മാത്രമല്ല, ഇരുരാജ്യങ്ങളിലും ബന്ധുക്കളുള്ള സാധാരണക്കാര്‍ക്കും വന്നുപോകാനുള്ള സൗകര്യം വേണം.
ഗുലാം അലിക്കും വീണാ മാലിക്കിനുമൊക്കെ ഇന്ത്യയില്‍ വരാന്‍ കഴിയണം. കേന്ദ്രസര്‍ക്കാറിനെ പിന്തുണക്കുന്നവരുടെ അത്തരം നിലപാടുകളിലും മാറ്റംവേണമെന്ന് യെച്ചൂരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.