മോദി-ശരീഫ് കൂടിക്കാഴ്ച: സജ്ജന്‍ ജിന്‍ഡാല്‍ വീണ്ടും ഇടനിലക്കാരനായെന്ന് അഭ്യൂഹം
text_fieldsന്യൂഡല്‍ഹി: റഷ്യയില്‍നിന്ന് കാബൂളിലത്തെിയ ശേഷം പാകിസ്താനിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്.
ഒരു മണിക്കൂറിനു ശേഷം ഉരുക്ക് വ്യവസായിയായ സജ്ജന്‍ ജിന്‍ഡാലിന്‍െറ ട്വീറ്റുമത്തെി. ‘പാക് പ്രധാനമന്ത്രി നവാസ് ശരീഫിന് ജന്മദിനാശംസയേകാന്‍ ഞാന്‍ ലാഹോറിലുണ്ട്’ എന്നായിരുന്നു ആ ട്വീറ്റ്. മോദിയുടെ ‘അപ്രതീക്ഷിത’ സന്ദര്‍ശനത്തിന് പിന്നില്‍ സജ്ജന്‍ ജിന്‍ഡാലാണെന്ന അഭ്യൂഹത്തിന് ബലമേകുന്നതാണ് ഈ ട്വീറ്റുകള്‍.
ഒരു വര്‍ഷം മുമ്പ് മോദിയും നവാസ് ശരീഫും കാഠ്മണ്ഡുവില്‍ സാര്‍ക്ക് സമ്മേളനത്തിനിടെ രഹസ്യമായി ഒരു മണിക്കൂര്‍ ചര്‍ച്ചനടത്തിയതായി പ്രമുഖ ടി.വി ജേണലിസ്റ്റായ ബര്‍ഖാ ദത്തിന്‍െറ പുസ്തകത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അന്നത്തെ കൂടിക്കാഴ്ചക്ക് രഹസ്യമായ പാലമിട്ടത് സജ്ജനാണെന്ന് ബര്‍ഖ എഴുതിയിരുന്നു. മോദിയുടെ സത്യപ്രതിജ്ഞക്ക് ഡല്‍ഹിയിലത്തെിയ ശരീഫിന് സ്വന്തം വീട്ടില്‍ സജ്ജന്‍ വിരുന്നൊരുക്കിയിരുന്നു. പാകിസ്താനിലെ പ്രമുഖ പ്രതിപക്ഷ നേതാക്കളിലൊരാളായ ഇംറാന്‍ ഖാനടക്കമുള്ളവര്‍ ശരീഫിന്‍െറ ചായകുടിയെ അന്ന് ശക്തമായി വിമര്‍ശിച്ചിരുന്നു. അഫ്ഗാനിസ്താനില്‍നിന്ന് ഇരുമ്പയിര് പാകിസ്താനിലൂടെ റോഡ് മാര്‍ഗം ഇന്ത്യയിലേക്ക് കൊണ്ടുവരേണ്ടതിനാല്‍ പാക് ഭരണാധികാരികളുമായി ഇന്ത്യയിലെ ഉരുക്കു വ്യവസായികള്‍ ഊഷ്മളമായ ബന്ധം സൂക്ഷിക്കാറുണ്ട്. നവാസ് ശരീഫിന്‍െറ കുടുംബവും വന്‍കിട ഉരുക്കു വ്യവസായികളാണ്. 24 വന്‍കിട പഞ്ചസാര ഫാക്ടറികളും ശരീഫിനും കുടുംബത്തിനും സ്വന്തമായുണ്ട്.
കാഠ്മണ്ഡുവിലെ കൂടിക്കാഴ്ചക്ക് കളമൊരുക്കിയ വ്യവസായി പാകിസ്താനില്‍ രണ്ട് ദിവസം മുമ്പേ എത്തിയിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.