സി.പി.എം പ്ലീനത്തിന് ഇന്ന് തുടക്കം; റിപ്പോര്‍ട്ടില്‍ അടിമുടി സ്വയം വിമര്‍ശം
text_fieldsകൊല്‍ക്കത്ത: ഞായറാഴ്ച കൊല്‍ക്കത്തയില്‍ ആരംഭിക്കുന്ന സി.പി.എം പാര്‍ട്ടി പ്ലീനത്തില്‍ ചര്‍ച്ചക്ക് വെക്കുന്ന രേഖയില്‍ അടിമുടി സ്വയം വിമര്‍ശം. പോളിറ്റ് ബ്യൂറോക്കും കേന്ദ്ര കമ്മിറ്റിക്കും പിഴച്ചുവെന്ന് വിലയിരുത്തുന്ന രേഖ, പാര്‍ട്ടിയെ ബാധിച്ച പ്രശ്നങ്ങള്‍ എണ്ണിപ്പറയുന്നു. ശനിയാഴ്ച കൊല്‍ക്കത്ത പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന പി.ബി, സി.സി യോഗങ്ങള്‍ പ്ളീനംരേഖക്ക് അന്തിമരൂപം നല്‍കി. ഈമാസം 31 വരെ നീളുന്ന പ്ളീനം രേഖ വിശദമായി ചര്‍ച്ചചെയ്ത് തിരുത്തല്‍ നടപടികള്‍ നിര്‍ദേശിക്കും. പ്ളീനത്തിന് തുടക്കംകുറിച്ച് ഞായറാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് മൈതാനത്ത് നടക്കുന്ന വന്‍റാലിയില്‍ 12 ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കും.
റിപ്പോര്‍ട്ടിലെ സുപ്രധാന ഭാഗങ്ങള്‍ ഇവയാണ്: അഴിമതി, ധാര്‍മികച്യുതി, അമിത മദ്യപാനം, റിയല്‍ എസ്റ്റേറ്റ് കച്ചവടം, സമരങ്ങളില്‍ പങ്കെടുക്കാതിരിക്കല്‍, പാര്‍ട്ടി ശത്രുക്കളുമായുള്ള ചങ്ങാത്തം എന്നിവ നേതാക്കളിലും അണികളിലും വ്യാപകമായി. അംഗത്വം പുതുക്കുമ്പോള്‍ ഇത്തരക്കാരെ തിരുത്തണം. പാര്‍ട്ടി അംഗങ്ങളില്‍ പലര്‍ക്കും വരുമാനത്തില്‍ കവിഞ്ഞ സ്വത്തുണ്ട്. വരവില്‍ കവിഞ്ഞ നിലയില്‍ ധാരാളമായി ചെലവഴിക്കുന്ന ആഡംബര ജീവിത ശൈലി നേതാക്കളില്‍ പലര്‍ക്കുമുണ്ട്.
പാര്‍ലമെന്‍ററി വ്യാമോഹം വ്യാപകമായതോടെ രാഷ്ട്രീയ സംഘടനാ ദൗത്യങ്ങള്‍ നടപ്പാക്കുന്നതില്‍ ശുഷ്കാന്തി നഷ്ടമായി. കേരളം, കര്‍ണാടക, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ വിഭാഗീയത ഏറെക്കാലമായി തുടരുന്നു. കേരളത്തില്‍ വിഭാഗീയത പരിഹരിക്കുന്നതില്‍ വലിയ വിജയം നേടി. എങ്കിലും അതിന്‍െറ അവശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. സ്വയം വിമര്‍ശം ഒട്ടും നടക്കുന്നില്ല. മേല്‍ക്കമ്മിറ്റികള്‍ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം കാണിക്കുന്നുവെന്ന പരാതി കേരളം പോലുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി തലങ്ങളില്‍നിന്നുപോലും ഉള്‍പാര്‍ട്ടി ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നു. ഗ്രൂപ് താല്‍പര്യങ്ങളുടെയും വിധേയത്വത്തിന്‍െറയും പേരില്‍ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നു. സ്വന്തം ഗ്രൂപ്പുകാരുടെ വീഴ്ച നേതൃത്വം മറച്ചുപിടിക്കുന്നു എന്നിവ മിക്ക ഘടകങ്ങളിലും പ്രകടമാണ്. പാര്‍ട്ടിയുടെ യശസ്സ് കെടുത്തുന്ന വഴിവിട്ട പോക്ക് ശ്രദ്ധയില്‍പെട്ടാലും സ്വന്തത്തെ ബാധിക്കുന്നതല്ളെങ്കില്‍ അത് കണ്ടില്ളെന്ന് നടിക്കുന്നു. വിഭാഗീയത, കരിയറിസം, വ്യക്തിനിഷ്ഠ പ്രവര്‍ത്തനം എന്നിവ ഏറിയും കുറഞ്ഞും പല സംസ്ഥാന ഘടകങ്ങളിലും നിലനില്‍ക്കുന്നു. അന്ധവിശ്വാസം, ജാതീയത, ആഡംബര കല്യാണം, സ്ത്രീകളോട് ബൂര്‍ഷ്വാ കാഴ്ചപ്പാട് എന്നിവയില്‍ പാര്‍ട്ടിക്കാരുടെ നില ഒട്ടും പുരോഗമനപരമല്ല.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയുടെ നേതൃത്വം ദുര്‍ബലമായി. ബഹുജന വര്‍ഗ സംഘടനകളിലെ നേതാക്കള്‍ക്ക് അണികളെ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനാകുന്നില്ല. പ്ളീനത്തിനുശേഷം എല്ലാ തലത്തിലുമുള്ള കമ്മിറ്റികള്‍ സ്വന്തം വീഴ്ചകള്‍ സംബന്ധിച്ച് ഗൗരവത്തിലുള്ള അവലോകനം നടത്തുകയും പരിഹാരം കാണുകയും വേണമെന്നും രേഖ നിര്‍ദേശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.