റാം മാധവിന്‍റെ 'ഐ.എസ്' പരാമർശം വിവാദത്തിൽ
text_fieldsന്യൂഡല്‍ഹി: അൽ ജസീറ ചാനലിന്‍റെ ടോക്ക് ഷോക്കിടെ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് നടത്തിയ ഐ.എസ് പരാമർശം വിവാദമാകുന്നു. അൽജസീറയിലെ മാധ്യമപ്രവർത്തകൻ മെഹദി ഹസനോടാണ് മാധവ് 'നിങ്ങളുടെ ഐ.എസ്' എന്ന പരാമർശം നടത്തിയത്. അറുപതിലേറെ വര്‍ഷമായി പരിഹരിക്കപ്പെടാതെ കിടക്കുന്ന കശ്മീര്‍ പ്രശ്‌നം എങ്ങനെയാണ് മോദി സര്‍ക്കാര്‍ പരിഹരിക്കാന്‍ പോകുന്നതെന്ന് ഹസന്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്തിനാണ് ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നതെന്നും, ഇത് പരിഹരിച്ചു കൊണ്ടിരിക്കുകയാണെന്നും റാംമാധവ് മറുപടി നല്‍കി.
കശ്മീര്‍ പ്രശ്‌നത്തില്‍ ലോകത്തിന് ആശങ്കയുണ്ടെന്നും വിഷയം രമ്യമായി പരിഹരിക്കപ്പെട്ടില്ലെങ്കില്‍ രണ്ട് ആണവശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന് വഴി തുറക്കുമെന്നും മെഹദി ഹസന്‍ ചോദ്യമുയർത്തി. ആശങ്കപ്പെടാന്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങളുണ്ടെന്നും നിങ്ങളുടെ ഐ..എസിന് ആണവായുധങ്ങള്‍ കടത്താൻ സാധിക്കുമെന്നുമായിരുന്നു റാം മാധവിന്‍റെ മറുപടി. എന്നാൽ ഇത് മെഹ്ദി ഹസൻ ചോദ്യം ചെയ്തപ്പോൾ ഐ.എസ് എന്ന് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. അതോസമയം പരാമര്‍ശത്തെ വിമര്‍ശിച്ചു കൊണ്ട് മെഹദി ഹസന്‍ തന്നെ ട്വിറ്ററിലൂടെ രംഗത്ത് വന്നു.
ഇന്ത്യയും പാകിസ്താനും ബംഗ്ലാദേശും പുന:സംയോജിക്കുന്നതോടെ അഖണ്ഡ ഭാരതം യാഥാർഥ്യമാകുമെന്നും ടോക്ക് ഷോക്കിടയിൽ മുൻ ആർ.എസ്.എസ് വക്താവായിരുന്ന റാം മാധവ് പറഞ്ഞിരുന്നു. അധീനപ്പെടുത്തിയോ യുദ്ധത്തിലൂടെയോ അല്ല ജനങ്ങളുടെ യോജിപ്പിലൂടെ ആണ് അഖണ്ഡ ഭാരതം യാഥാർഥ്യമാവേണ്ടത്. 60 വർഷത്തിനിടെ ചരിത്രപരമായ കാരണങ്ങളാൽ വിഭജിക്കപ്പെട്ട ഭാഗങ്ങൾ പൊതുനന്മക്കായി ഒരു ദിവസം കൂടിച്ചേരുമെന്നാണ് ആർ.എസ്.എസിന്‍റെ വിശ്വാസമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാൽ അഖണ്ഡ ഭാരതം സാംസ്കാരികമായ ഒന്നാണെന്നും അതിനെ രാഷ്ട്രീയപരമായി കാണരുതെന്നും ആർ.എസ്.എസ് നേതാവ് രകേഷ് സിൻഹ പ്രതികരിച്ചു. റാം മാധവിന്റെ പ്രസ്താവന രാഷ്ട്രീയമാണ്. ഇക്കാര്യത്തിൽ ബി.ജെ.പി നേതൃത്വം റാം മാധവിനോട് വിശദീകരണം ചോദിക്കുന്നത് നന്നാവുമെന്നും സിൻഹ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.