കുട്ടിക്കുറ്റവാളികളുടെ പ്രായം കുറക്കുന്നത് മനുഷ്യാവകാശ കമീഷന്‍ എതിര്‍ത്തിരുന്നു –മുന്‍ ചെയര്‍മാന്‍
text_fieldsന്യൂഡല്‍ഹി: പ്രായപരിധി കുറച്ച് ബാലാവകാശ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ദേശീയമനുഷ്യാവകാശ കമീഷന്‍ എതിര്‍പ്പറിയിച്ചിരുന്നതായി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍. ക്രൂരമായ കുറ്റങ്ങള്‍ ചെയ്യുന്ന 16 വയസ്സുള്ളവര്‍ക്കും മുതിര്‍ന്ന പ്രതികള്‍ക്കുള്ള ശിക്ഷ നല്‍കാന്‍ വ്യവസ്ഥചെയ്യുന്ന ബില്‍ ഐക്യരാഷ്ട്ര സഭയുടെ ബാലാവകാശങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് വിപരീത ഫലമാണ് നല്‍കുക. ചിന്തകള്‍ രൂപപ്പെടുകയും മനസ്സ് പാകപ്പെടുകയും ചെയ്തുവരുന്ന 16ാം വയസ്സില്‍ ഒരു വ്യക്തി കുട്ടിതന്നെയാണ്. ക്രിമിനല്‍ കോടതിയില്‍ വിചാരണക്കു ശേഷം ജയിലിലടച്ചാല്‍ അവനു മാനസാന്തരത്തിനുള്ള സാധ്യത അതോടെ അടയും. പിന്നെ അവന്‍ പുറത്തിറങ്ങുക കൊടും കുറ്റവാളി ആയാണ്. പ്രായം കുറക്കുന്നത് അപകടകരമാണെന്നും ആലോചനയോടെ വേണമെന്നും കമീഷന്‍ നിര്‍ദേശിച്ചിരുന്നു. വിദ്യാസമ്പന്നരായ കുടുംബത്തിലെ 16 വയസ്സുള്ള കുട്ടിയെ പാകതവന്ന ആളായി ഒരുപക്ഷേ കണക്കാക്കിയേക്കാം. എന്നാല്‍, പാവങ്ങളും സാധാരണക്കാരുമായ പൗരന്മാരുടെ അവസ്ഥ അതല്ല. ഏതാനും ചില സംസ്ഥാനങ്ങളിലൊഴികെ 16-18 വയസ്സിലെ കുറ്റാരോപിതരുടെ എണ്ണം വളരെ കുറവാണ്. കൂടുതല്‍ ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കുമായി ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമായിരുന്നു. എന്നാല്‍, രാജ്യസഭ പാസാക്കിയതോടെ അതു നിയമമായി. ജനവികാരംമൂലം പാര്‍ലമെന്‍റ് ബില്‍ തിരക്കിട്ട് പാസാക്കി എന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ നിയമങ്ങളും പൊതുജന അഭിപ്രായങ്ങളുടെ പ്രതിഫലനമാണെന്നും എന്നാല്‍, നിര്‍മിക്കുന്ന നിയമങ്ങള്‍ ന്യായയുക്തമാണോ എന്നാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.