ഡി.ഡി.സി.എയിൽ ലൈംഗിക ചൂഷണവും നടന്നെന്ന് അരവിന്ദ് കെജ് രിവാൾ
text_fieldsന്യൂഡൽഹി: ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിൽ (ഡി.ഡി.സി.എ) സാമ്പത്തിക തിരിമറിക്കു പുറമെ ലൈംഗിക ചൂഷണങ്ങളും നടന്നു എന്ന വെളിപ്പെടുത്തലുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ. മകനെ ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ ഭാര്യയെ കാഴ്ചവെക്കാൻ ഡി.ഡി.സി.എ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടതായി ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞുവെന്ന് കെജ് രിവാൾ വ്യക്തമാക്കി. എന്നാൽ മാധ്യമപ്രവർത്തകൻെറ പേര് ഡൽഹി മുഖ്യമന്ത്രി പുറത്തുപറഞ്ഞില്ല. എൻ.ഡി.ടിവിയോടായിരുന്നു കെജ് രിവാളിൻെറ വെളിപ്പെടുത്തൽ.
എന്നാൽ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയാൽ സഹകരിക്കുമെന്ന് മാധ്യമപ്രവർത്തകൻ പറഞ്ഞിട്ടുണ്ടെന്ന് കെജ് രിവാൾ വ്യക്തമാക്കി. സാമ്പത്തിക ക്രമക്കേടുകൾക്കുപുറമെ മറ്റു പലകാര്യങ്ങളും ഡി.ഡി.സി.എയിൽ നടന്നിട്ടുണ്ട്. ഡി.ഡി.സി.എ അന്വേഷണത്തിൻെറ നിയമസാധുതയില്ലാതാക്കി അരുൺ ജെയ് റ്റ്ലിയെ സംരക്ഷിക്കണോ എന്ന് പ്രധാനമന്ത്രി തീരുമാനിക്കണമെന്നും കെജ് രിവാൾ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീരുവും മനോരോഗിയുമാണെന്ന് പറഞ്ഞതിൽ തനിക്ക് പശ്ചാത്താപം ഇല്ല. മോശം ഭാഷയാണ് ഉപയോഗിച്ചതെന്ന് അറിയാം. ആ പ്രയോഗം തൻെറ ഹൃദയത്തിൽ നിന്നും വന്നതാണ്. പ്രധാനമന്ത്രി സംസാരിക്കുന്നത് ആലങ്കാരികമായ ഭാഷയാണ്. എന്നാൽ അദ്ദേഹത്തിൻെറ പ്രവർത്തനങ്ങൾ നന്നാവുന്നില്ലെന്നും കെജ് രിവാൾ കുറ്റപ്പെടുത്തി.
താൻ സി.ബി.ഐയെ ഭയക്കുന്നില്ല. 100 സി.ബി.ഐ ഓഫീസർമാരെ തൻെറ ഓഫീസിലേക്ക് വിട്ട് ഫയലുകൾ പരിശോധിച്ചോളൂ. രജീന്ദ്ര കുമാറിനെതിരെയുള്ള അന്വേഷണത്തിൻെറ മറവിൽ ഡി.ഡി.സി.എ അഴിമതിയുടെ ഫയൽ പരിശോധിക്കാനാണ് സി.ബി.ഐ ശ്രമിച്ചത്. 14 വർഷം ഡി.ഡി.സി.എയുടെ മേധാവിയായിരുന്നു ജെയ്റ്റ് ലി. അദ്ദേഹം മേധാവിയായിരുന്ന സമയത്താണ് അഴിമതി നടന്നതെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.