ലോകം പുതുവര്‍ഷത്തിലേക്ക്...
text_fieldsന്യൂഡല്‍ഹി: പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വൈവിധ്യങ്ങള്‍ ഒരുക്കി കാത്തു നില്‍ക്കുകയാണ് ലോകം. ദു:ഖങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വിട നല്‍കിയും സന്തോഷങ്ങളും നന്മകളും ആശംസിച്ചും പ്രതീക്ഷയോടെയുള്ള കാല്‍വെപ്പ്. വാക്കുകളില്‍ പുതുമ തൊട്ടെടുത്ത ആശംസാ കാര്‍ഡുകള്‍ പുറമെ വാട്സ് ആപ്, ഫേസ്ബുക്ക് മെസേജുകള്‍ കൂടി വന്നതോടെ പുതു വര്‍ഷാഘോഷങ്ങള്‍ക്ക് മാറ്റേറുകയാണ്. ഗ്രീറ്റിംഗ്സ് ആയി അയക്കാന്‍ പറ്റിയ മികച്ച ഫേസ്ബുക്ക്, വാട്സ് ആപ് സന്ദേശങ്ങളും ഫോട്ടോകളും വരെ ഇന്‍റര്‍നെറ്റ് ലോകത്ത് തയ്യാറായിട്ടുണ്ട്. വെടിക്കെട്ടിന് ഇത്തവണയും ഒരു മങ്ങലുമില്ല. അര്‍ധരാത്രിയോടെ ആകാശങ്ങളില്‍ വര്‍ണ പ്രപഞ്ചം വിരിയിക്കാന്‍ കാത്തു നില്‍ക്കുകയാണ് ആഘോഷക്കൂട്ടങ്ങള്‍.
ന്യൂ ഇയര്‍ പാക്കേജുകളുമായി റിസോര്‍ട്ടുകളും ഹോട്ടലുകളും അരയും തലയും മുറുക്കി രംഗത്തുണ്ട്. ഡാന്‍സ് പാര്‍ട്ടികള്‍ ആണ് അതില്‍ പ്രധാനം. ഒപ്പം പുതുമയും വൈവിധ്യവുമാര്‍ന്ന തീന്‍ വിഭവങ്ങളും.
2016ന്‍റെ ഭാവി പ്രവചനങ്ങളും അരങ്ങ് തകര്‍ക്കുന്നുണ്ട്. സാങ്കേതിക രംഗത്തെ പ്രവചനങ്ങളില്‍ ഒന്ന് ഐ.ഒ.എസ്,വിന്‍ഡോസ്,ആന്‍ഡ്രോയിഡുകളുടെ തകര്‍ച്ചയാണ്. ടെക്നലൈസിസ് റിസര്‍ച്ചിന്‍റെ സ്ഥാപകനും ചീഫ് അനലിസ്റ്റുമായ ബോബ് ഒ ഡൊന്നല്‍ ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്.
രാഷ്ട്രീയ രംഗത്തെ പ്രവചനങ്ങളില്‍ ഒന്ന് ഡൊണാള്‍ഡ് ട്രംപ് യു.എസിന്‍റെ റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാവില്ല എന്നതാണ്. പ്രമുഖ കോളമിസ്റ്റായ സ്റ്റീഫന്‍ എല്‍. കാര്‍ട്ടറുടേതാണ് ഈ പ്രവചനം.
പസഫിക് ദ്വീപായ കിരീബാത്തിയില്‍ ആണ് ഏറ്റവും ആദ്യം പുതുവര്‍ഷം എത്തുക. ആകാശ വര്‍ണങ്ങളോടെ ഏറ്റവും മനോഹരമായ വെടിക്കെട്ടുകള്‍ നടക്കുന്നത് ദുബൈയിലാണ്. ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയില്‍ നിരവധി റോഡുകള്‍ അടച്ചതായി പ്രഖ്യാപിച്ചു. ആഘോഷങ്ങള്‍ നടക്കുന്ന ബുര്‍ജ് ഖലീഫ,ബുര്‍ജ് അല്‍ അറബ്,ജുമൈരിയ ബീച്ച് റസിഡന്‍സ് എന്നിവിടങ്ങളില്‍ വന്‍ സുരക്ഷയുമൊരുക്കിയിട്ടുണ്ട്. രാത്രിയില്‍ ഉടനീളം വാഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആയിരക്കണക്കിന് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ആണ് അധികമായി സജ്ജമാക്കിയത്. ആസ്ത്രേിയയിലെ സിഡ്നിയാണ് ആഘോഷങ്ങളുടെ മറ്റൊരു പ്രധാന കേന്ദ്രം. ഇവിടെ സിഡ്നി ഹാര്‍ബറില്‍ ആയിരക്കണക്കിന് പേര്‍ ഒന്നിച്ചുചേരും.
എന്നാല്‍, ചിലയിടങ്ങളിലെങ്കിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയിട്ടുണ്ട്. ബെല്‍ജിയത്തിന്‍റെ തലസ്ഥാനമായ ബ്രസല്‍സില്‍ വെടിക്കെട്ടും പൊതു ആഘോഷങ്ങളും റദ്ദാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് ഇതെന്ന് അധികൃതര്‍ പറഞ്ഞു. പാരിസില്‍ കഴിഞ്ഞ മാസം നടന്ന ഭീകരാമ്രകണത്തിന്‍റെ പശ്ചാത്തലത്തില്‍ ബെല്‍ജിയത്തിലും കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.