പട്ടേൽ, ഇന്ദിര അനുസ്മരണം: കോൺഗ്രസ് –മോദി വാക്പോര്
text_fieldsന്യൂഡൽഹി: സർദാർ വല്ലഭ ഭായി പട്ടേലിെൻറ 140ാം ജന്മദിനം കേന്ദ്രസർക്കാർ ആഘോഷമാക്കി. എന്നാൽ, മുൻപ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ 31ാം രക്തസാക്ഷിദിനം വേണ്ടത്ര പരിഗണിച്ചില്ല.
പട്ടേൽ ജന്മദിനം ‘രാഷ്ട്രീയ ഏകതാ ദിവസ്’ ആയി പ്രഖ്യാപിച്ച കേന്ദ്രസർക്കാർ അതിെൻറ ഭാഗമായി രാജ്പഥിൽ സംഘടിപ്പിച്ച ‘റൺ ഫോർ യൂനിറ്റി’ കൂട്ടയോട്ടം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. പട്ടേലിനെ ഏറെ പ്രകീർത്തിച്ച മോദി പക്ഷേ, ഇന്ദിരയെ ഒറ്റവാക്കിൽ ഒതുക്കി. രാജ്യത്തിന് ജീവൻ ബലി നൽകിയ ഇന്ദിരയെ മറക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ അദ്ദേഹം പിന്നീട് പറഞ്ഞതത്രയും പട്ടേലിനെക്കുറിച്ചാണ്.
മാത്രമല്ല, കുടുംബത്തെ അധികാരപിൻഗാമിയായി വാഴിക്കാൻ ശ്രമിക്കാത്ത ആളായിരുന്നു പട്ടേലെന്ന് പറഞ്ഞ മോദി കോൺഗ്രസിലെ കുടുംബവാഴ്ചയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു. ആർ.എസ്.എസിനെ നിരോധിച്ച് പട്ടേൽ ഇറക്കിയ ഉത്തരവ് വായിക്കണമെന്ന് മോദിയെ ഉപദേശിച്ചാണ് കോൺഗ്രസ് തിരിച്ചടിച്ചത്.
കൂട്ടയോട്ടത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഏകതാ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത പ്രധാനമന്ത്രി ഐക്യമാണ് ഏറ്റവും വലിയ ശക്തിയെന്ന് പറഞ്ഞു. ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. വികസനത്തിൽ പുതിയ ഉയരം താണ്ടാനുള്ള മന്ത്രം ശാന്തിയും സഹവർത്തിത്വവുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുത്തു. പാർലമെൻറിലും പട്ടേൽ ചൗക്കിലെ പട്ടേൽ പ്രതിമയിലും പുഷ്പാർച്ചന നടത്തിയ മോദി ഇന്ദിരസമാധിയിൽ പോയില്ല. പട്ടേലിനെ അനുസ്മരിച്ച് കേന്ദ്ര സർക്കാർ പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു.
ഇന്ദിരയുടെ പേരിൽ കോൺഗ്രസ് സ്വന്തം നിലക്ക് പ്രമുഖ പത്രങ്ങളിൽ പരസ്യം നൽകി. ഇന്ദിരയെ അവഗണിച്ച കേന്ദ്രസർക്കാർ നിലപാട് പ്രധാനമന്ത്രിയുടെ തരംതാണ മനസ്സാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് വക്താവ് ആനന്ദ് ശർമ കുറ്റപ്പെടുത്തി. ആർ.എസ്.എസിനെ നിരോധിച്ച് പട്ടേൽ പുറത്തിറക്കിയ ഉത്തരവ് വായിച്ചാൽ മോദി ഇപ്പോൾ ഓടുന്നതിെൻറ എതിർദിശയിലേക്ക് ഓടേണ്ടി വരും. ഐക്യത്തിന് ഓടുകയല്ല, പ്രവർത്തിക്കുകയാണ് വേണ്ടത്. എഴുത്തുകാരുടെയും ശാസ്ത്രജ്ഞരുടെയും പ്രതിഷേധം കാണാത്ത പ്രധാനമന്ത്രിയാണ് ഐക്യത്തിന് കൂട്ടയോട്ടം നടത്തുന്നത്. നെഹ്റുവിനും ആസാദിനുമൊപ്പം രാഷ്ട്രം കെട്ടിപ്പടുത്ത കോൺഗ്രസ് നേതാവാണ് പട്ടേൽ. പട്ടേലിെൻറ പൈതൃകം ഏറ്റെടുക്കുന്നത് ആർ.എസ്.എസിന് സ്വന്തമായി രാഷ്ട്ര നായകർ ഇല്ലാത്തതിനാലാണെന്നും ശർമ കുറ്റപ്പെടുത്തി.
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വൈസ് പ്രസിഡൻറ് രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് തുടങ്ങിയവർ ഇന്ദിര ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ ശക്തിസ്ഥലിൽ പുഷ്പാർച്ചന നടത്തി. ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.