വാജ്പേയിയുടെ ഉപദേശം പോലും നരേന്ദ്ര മോദി ചെവിക്കൊണ്ടില്ലെന്ന് കോണ്‍ഗ്രസ്
text_fieldsന്യൂദല്‍ഹി: 1984ല്‍ ഇന്ദിരാ ഗാന്ധിയുടെ മരണത്തെ തുടര്‍ന്ന് ഉണ്ടായ കലാപം അമര്‍ച്ച ചെയ്യാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തെ വിളിച്ചിരുന്നുവെന്നും 2002ലെ ഗുജറാത്ത് കലാപം നടന്നപ്പോള്‍ അന്നത്തെ മോദി സര്‍ക്കാര്‍ നിശ്ശബ്ദരായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും കോണ്‍ഗ്രസ്. സ്വന്തം പാര്‍ട്ടി നേതാവും പ്രധാനമന്ത്രിയുമായിരുന്ന വാജ്പേയിയുടെ ഉപദേശം പോലും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി ചെവിക്കൊണ്ടില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആരോപിച്ചു. 1984ലെ സിഖ് വിരുദ്ധ കലാപം നടത്തിയവര്‍ സഹിഷ്ണുതയെ കുറിച്ച് ഗീര്‍വാണം നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെ പരിഹസിച്ചിരുന്നു.
മറ്റുള്ളവരെ പരിഹസിക്കുന്നതിനു മുമ്പ് മോദി സ്വന്തം വീട്ടുമുറ്റത്തേക്ക് നോക്കണമെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ഗുജറാത്ത് കലാപം അമര്‍ച്ചചെയ്യാന്‍ സൈന്യത്തെ വിളിച്ചില്ലെന്ന് മാത്രമല്ല, അക്രമം പ്രോല്‍സാഹിപ്പിക്കാന്‍ മോദിയും അദ്ദേഹത്തിന്‍റെ ആളുകളും എല്ലാ ശ്രമവും നടത്തുകയും ചെയ്തു. രാജ്യത്തെ ഇന്നത്തെ പ്രശ്നങ്ങള്‍ക്ക് മറുപടി പറയാന്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിക്ക് ഉത്തരവാദിത്തമുണ്ട്. 31 കൊല്ലം മുമ്പുണ്ടായ സംഭവത്തെ കുറിച്ച് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയിറക്കി പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാനാവില്ലെന്ന് കോണ്‍ഗ്രസ് വക്താവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.