ബീഫ് സിനിമക്ക് ജെ.എൻ.യുവിൽ വിലക്ക്; വിലക്ക് ലംഘിച്ച് പ്രദർശനം
text_fieldsന്യൂഡൽഹി: തീന്മേശയിലെ ബീഫും അതിെൻറ രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെൻററിക്ക് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിലക്ക്. എന്നാൽ, വിലക്ക് ലംഘിച്ച് വിദ്യാർഥികൾ കാമ്പസിൽ ഡോക്യുമെൻററി പ്രദർശനം നടത്തി. ബിർസ അംബേദ്കർ സ്റ്റുഡൻറ്സ് അസോസിയേഷെൻറ നേതൃത്വത്തിലാണ് ‘കാസ്റ്റ് ഓൺ മെനു കാർഡ്’ എന്ന 21 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെൻററിയുടെ പ്രദർശനം ഒരുക്കിയത്. കാമ്പസിനുള്ളിലെ ഹോസ്റ്റൽ മുറ്റത്ത് പ്രദർശനത്തിന് സംഘാടകർ അനുമതി നേടിയിരുന്നു.
എന്നാൽ, അനുമതി റദ്ദാക്കിയതായി അവസാന നിമിഷം ഹോസ്റ്റൽ വാർഡൻ അറിയിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. ബീഫ് രാഷ്ട്രീയം വിവാദമായ പശ്ചാത്തലത്തിൽ ഉന്നതങ്ങളിൽനിന്നുള്ള താൽപര്യമനുസരിച്ചാണ് വിലക്ക് വന്നതെന്നും അവർ തുടർന്നു.
വിലക്ക് പാലിക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിദ്യാർഥികൾ നിശ്ചയിച്ച പ്രകാരം ഡോക്യൂമെൻററി പ്രദർശിപ്പിച്ചു. തുടർന്ന് ബീഫ് രാഷ്ട്രീയം വിഷയമാക്കി ചർച്ചയും നടന്നു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിലെ വിദ്യാർഥികളാണ് ‘കാസ്റ്റ് ഓൺ മെനു കാർഡ്’ ഡോക്യുമെൻററി തയാറാക്കിയത്.
ശനിയാഴ്ച നടന്ന ജീവിക ഏഷ്യ ലൈവ്ലിഹുഡ് ഡോക്യുമെൻററി ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതിനും ഡോക്യുമെൻററിക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.