തടവുകാര്‍ക്ക് വധഭീഷണിയുണ്ടായിരുന്നെന്ന്
text_fieldsമംഗളൂരു : ജില്ലാ സബ് ജയിലില്‍ വിചാരണതടവുകാരായ മഡൂര്‍ ഇസ്ബുവും ഗണേഷ് ഷെട്ടിയും കൊല്ലപ്പെട്ട സംഭവത്തില്‍ തടവുകാര്‍ക്ക് വധഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കള്‍. കഴിഞ്ഞ രണ്ടു മാസമായി ജയിലിനുള്ളില്‍ കടുത്ത ഭീഷണിയിലായിരുന്നു ഇവരെന്ന് ഇസ്ബുവിന്‍െറ സഹോദരന്‍ മൊയ്തീന്‍ പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇതു സംബന്ധിച്ചുള്ള പരാതിയുമായി ഇസ്ബുവിന്‍െറ ഭാര്യയും മൊയ്തീനും സിറ്റി പൊലീസ് കമീഷണര്‍ എസ്. മുരുഗനെ കണ്ടിരുന്നു. ഇസ്ബുവിന്‍െറ അഭിഭാഷകനോടും ജയിലില്‍ വധഭീഷണിയുണ്ടെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ജയിലധികൃതര്‍ ഇത് കാര്യമാക്കിയില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജയിലില്‍ ഇരുഗ്രൂപ്പുകള്‍ തമ്മില്‍ ചെറിയ രീതിയില്‍ സംഘര്‍ഷമുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍, ജയിലധികൃതര്‍ ഒരു സുരക്ഷയും ഏര്‍പ്പെടുത്തിയില്ല. ജയിലിനുള്ളിലെ സുരക്ഷയില്‍ വന്ന വീഴ്ചയാണ് രണ്ടു പേരും കൊല്ലപ്പെടാന്‍ കാരണം. ജയിലിലെ ഉദ്യോഗസ്ഥരാണ് ഇവരെ കൊല്ലാന്‍ ആയുധങ്ങള്‍ എത്തിച്ചു കൊടുത്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.
മംഗളൂരു സബ്ജയിലില്‍ കഴിയുന്ന രണ്ട് വിചാരണ തടവുകാരെ ധാര്‍വാര്‍ഡ് ജയിലിലേക്ക് മാറ്റുന്നതിനായി ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് കുഴപ്പങ്ങള്‍ ഉണ്ടായതെന്ന് സിറ്റി കമീഷണര്‍ മുരുഗന്‍ പറഞ്ഞു. ഒരു ഗ്രൂപ് ഇതിനെ എതിര്‍ക്കുകയായിരുന്നു. ജയിലില്‍ ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്.
പ്രശ്നം വര്‍ഗീയവത്കരിക്കുന്നത് ശരിയല്ല. ജയിലില്‍ ഉണ്ടായ സുരക്ഷാ പിഴവുകളും വീഴ്ചകളും അന്വേഷിക്കാന്‍ ഉടന്‍ തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്ന് ഡെപ്യൂട്ടി കമീഷണര്‍ ഓഫ് പൊലീസ് (ക്രൈം) ഡോ. എം. സഞ്ജീവ് പാട്ടീല്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിന് ഇതേ പോലെ ജയിലില്‍ ഇരുഗ്രൂപ്പുകള്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു. അന്ന് മൂന്ന് തടവുകാര്‍ക്കും ആറു പൊലീസുകാര്‍ക്കും ഒരു എ.സി.പിക്കും പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.