ബിഹാറിൽ കലാശക്കൊട്ട്; ഇരുകൂട്ടർക്കും ചങ്കിടിപ്പ്
text_fieldsന്യൂഡൽഹി: പ്രവചനം അസാധ്യമാക്കി ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിെൻറ അവസാനഘട്ട പ്രചാരണവും കൊടിയിറങ്ങി. തെരഞ്ഞെടുപ്പിെൻറ തുടക്കത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച ബി.ജെ.പിക്ക് ഇപ്പോൾ ചങ്കിടിപ്പാണ്. ജനതാദൾ–യു, ആർ.ജെ.ഡി, കോൺഗ്രസ് എന്നിവ ഉൾപ്പെട്ട മഹാസഖ്യത്തിനാകട്ടെ, ആദ്യ ഉത്കണ്ഠ മാറി വലിയ പ്രതീക്ഷയിലുമാണ്. പ്രബലന്മാരുടെ പോരിനിടയിൽ മറ്റു സഖ്യങ്ങളും പാർട്ടികളും അപ്രസക്തരായി.
അഞ്ചാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച നടക്കും. ഒമ്പതു ജില്ലകളിലെ 87 മണ്ഡലങ്ങളാണ് ഈ ഘട്ടത്തിൽ. തെരഞ്ഞെടുപ്പു ഫലം ഞായറാഴ്ചയാണ്.
യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തിരിച്ചടിയാണ് ലഭിച്ചത്. ഈ പ്രവണത ബിഹാറിൽ ആവർത്തിച്ചാൽ മോദിസർക്കാറിന് ഇനിയുള്ള കാലത്ത് കൂടുതൽ വിയർക്കേണ്ടിവരും. മറിച്ചായാൽ, ഇപ്പോൾ ദുർബലമായി നിൽക്കുന്ന പ്രതിപക്ഷത്തിെൻറ സ്ഥിതി പരിതാപകരമാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ പിന്തുണ ബിഹാറിൽ ഇക്കുറി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രി നിതീഷ് കുമാറിനാകട്ടെ, 10 വർഷത്തെ ഭരണത്തിൽ സ്വാഭാവികമായി ഉണ്ടാകേണ്ട ഭരണവിരുദ്ധ വികാരം നേരിടേണ്ടിവരുന്നില്ല. രണ്ടിനുമിടയിൽ ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗങ്ങളുടെ വിധിയെഴുത്തിലാണ് തെരഞ്ഞെടുപ്പിെൻറ ഗതി കിടക്കുന്നത്. ജാതിസമവാക്യങ്ങൾ പൊളിഞ്ഞിട്ടുണ്ട്. ഹിന്ദു ഐക്യത്തിന് വേണ്ടിയുള്ള ബി.ജെ.പി ശ്രമം വിജയിച്ചിട്ടില്ല. മുസ്ലിം, യാദവ, കുർമി വോട്ടുകൾ നിതീഷ്–ലാലു സഖ്യത്തിനു പിന്നിൽ ഉറച്ചുനിൽക്കുന്നു.
ലാലുവിെൻറ അപ്രമാദിത്വം ബിഹാറിൽ തിരിച്ചുവരുമോ എന്ന പേടി ബി.ജെ.പി അനുകൂല സവർണ വിഭാഗങ്ങൾക്കിടയിലുണ്ട്. ഇതെല്ലാമാണ് വിധിയെഴുത്തിൽ പ്രധാന ഘടകങ്ങളായി മാറാൻ പോവുന്നത്. പ്രവണതകൾക്ക് അനുസരിച്ച് വോട്ടുകൾ മാറിമറിയുന്ന രീതി ബിഹാർ തെരഞ്ഞെടുപ്പിൽ ഇത്തവണ ഉണ്ടാവില്ലെന്നും, വോട്ടു ചെയ്യേണ്ടതാർക്ക് എന്ന കാര്യം മുൻകൂട്ടി സമ്മതിദായകർ തീരുമാനിച്ചിരുന്നുവെന്നുമാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.