ഓൺലൈൻ ലോട്ടറി നിരോധം തുടരാമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: കേരള സര്‍ക്കാറിന്‍െറ ഓണ്‍ലൈന്‍ ലോട്ടറി നിരോധം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ശരിവെച്ചു. 2006 മേയ് 23ന് ഹൈകോടതി പുറപ്പെടുവിച്ച വിധി ചോദ്യംചെയ്ത് ഓള്‍ കേരള ഓണ്‍ലൈന്‍ ലോട്ടറി ഡീലേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജി തള്ളിയാണ് സുപ്രീംകോടതി വിധി.
കടലാസ് ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും തമ്മില്‍ വിവേചനം പാടുണ്ടോ എന്ന ചോദ്യമാണ് തങ്ങള്‍ക്ക് മുന്നിലുയര്‍ന്നതെന്ന് ബെഞ്ച് വിധിയില്‍ പറഞ്ഞു. 1998ലെ ലോട്ടറി നിയന്ത്രണ നിയമത്തിലെ അഞ്ചാം വകുപ്പ് സംസ്ഥാന സര്‍ക്കാറിന് നല്‍കിയ അധികാരമുപയോഗിച്ചാണ് വെന്‍ഡിങ് മെഷീന്‍, ഇലക്ട്രോണിക് മെഷീന്‍, ഇന്‍റര്‍നെറ്റ് എന്നിവ വഴി വില്‍ക്കുന്ന കമ്പ്യൂട്ടറൈസ്ഡ് ഓണ്‍ലൈന്‍ ലോട്ടറിക്ക് കേരള സര്‍ക്കാര്‍ 2005 ജനുവരി 13ന് നിരോധമേര്‍പ്പെടുത്തിയതെന്ന് ബെഞ്ച് തുടര്‍ന്നു. ഈ വകുപ്പുപ്രകാരം ഏപ്രിലില്‍ കടലാസ് ലോട്ടറി അനുവദിച്ച് ഉത്തരവിറക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍െറ നടപടി നിയമവിധേയവും ചട്ടപ്രകാരവുമാണെന്ന് വിധി വ്യക്തമാക്കി.
കാരണം, സംസ്ഥാനത്ത് ലോട്ടറി നടത്താനുള്ള അധികാരവും ഈ വകുപ്പ് നല്‍കുന്നുണ്ട്. കടലാസ് ലോട്ടറിയാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറിയാണെങ്കിലും സര്‍ക്കാര്‍ നടത്താത്തതാണെങ്കില്‍ നിരോധിക്കാന്‍ ഇതിലൂടെ കഴിയും.
2005 ജനുവരിയിലാണ് കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍, മെഷീനൈസ്ഡ് ലോട്ടറികള്‍ പൂര്‍ണമായി നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരെ അസോസിയേഷന്‍ നല്‍കിയ ഹരജി തള്ളിയ ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും സര്‍ക്കാറിന്‍െറ ഉത്തരവ് ശരിവെച്ചു.
സര്‍ക്കാര്‍ തലത്തില്‍ ലോട്ടറി നടത്തുന്ന സംസ്ഥാനത്തിന് മറ്റു സംസ്ഥാനങ്ങളുടെ ലോട്ടറികള്‍ നിരോധിക്കാന്‍ നിയമപരമായി സാധിക്കില്ളെന്നാണ് ലോട്ടറി വ്യാപാരികള്‍ വാദിച്ചത്. കടലാസ് ലോട്ടറിക്കും ഓണ്‍ലൈന്‍ ലോട്ടറിക്കും വ്യത്യസ്ത നിയമമില്ലാത്തതിനാല്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, 1998ല്‍ പാര്‍ലമെന്‍റ് പാസാക്കിയ നിയമപ്രകാരം കടലാസ് ലോട്ടറികളാണെങ്കിലും ഓണ്‍ലൈന്‍ ലോട്ടറികളാണെങ്കിലും നിരോധിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരമുണ്ടെന്ന് ബെഞ്ച് വിലയിരുത്തി. കടലാസ് ലോട്ടറിയും ഓണ്‍ലൈന്‍ ലോട്ടറിയും രണ്ടായി വേര്‍തിരിച്ചാണ് നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്.
അതാണ് കേരള സര്‍ക്കാര്‍ ഉപയോഗിച്ചിരിക്കുന്നത്. അതാണ് ഹൈകോടതി സിംഗ്ള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും വിലയിരുത്തിയിരിക്കുന്നതെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.