ഇത് ‘നിലു’വിന്‍റെ ജയം
text_fields‘നിലു’. ബിഹാര്‍ രാഷ്ട്രീയത്തിലെ ബദ്ധവൈരികള്‍ ആയിരുന്ന നിതീഷ് -ലാലു സൗഹൃദത്തിന്‍്റെ പുതിയ പേരാണ് ഇത്. സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രധാന ശത്രുക്കളായിനിന്ന രണ്ടു മുന്‍മുഖ്യമന്ത്രിമാര്‍ തോളില്‍ കൈയിട്ടും കുശലം പറഞ്ഞും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കണക്കിന് പ്രഹരിച്ചും മുന്നേറുന്നത് തീവ്രമായ പ്രചാരണത്തിനിടയില്‍ കൗതുകം നിറഞ്ഞ കാഴ്ചയായിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായത് 17 മാസം മുമ്പാണെങ്കില്‍, ബദ്ധശത്രുക്കളായി നിന്ന ലാലുവും നിതീഷും കൈകോര്‍ത്തത് മറ്റു മാര്‍ഗങ്ങളില്ലാത്തവിധം അനിവാര്യമായ ഘട്ടത്തിലാണ്.
ബിഹാര്‍ രാഷ്ട്രീയത്തില്‍ കരുത്തരായ രണ്ടു നേതാക്കളെയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലര്‍ത്തിയടിക്കാന്‍ മോദിക്ക് കഴിഞ്ഞിരുന്നു.
15 വര്‍ഷം ബിഹാര്‍ അടക്കി ഭരിച്ച നേതാവാണ് ലാലുപ്രസാദ്. അദ്ദേഹത്തോട് ഉടക്കിയും നയങ്ങളെ എതിര്‍ത്തും വികസന പോരായ്മകള്‍ എടുത്തുപറഞ്ഞുമാണ് നിതീഷ് അധികാരം പിടിച്ചത്. നിതീഷിന്‍െറ ഭരണം 10 വര്‍ഷം മുന്നോട്ടു പോയപ്പോഴാണ് സാമുദായിക ധ്രുവീകരണത്തിലൂടെ രണ്ടു പേരെയും തുരത്താമെന്ന പ്രതീക്ഷയോടെ മോദി നേരിട്ട് ഇറങ്ങിയത്. എന്നാല്‍, മുന്‍വൈരാഗ്യങ്ങള്‍ മാറ്റിവെച്ച് പ്രധാന പ്രതിയോഗിയെ നേരിട്ടില്ളെങ്കില്‍ ആ പതനത്തില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ഒരിക്കലും കഴിയില്ളെന്ന് ലാലുവിനും നിതീഷിനും തുടര്‍ന്നുണ്ടായ തിരിച്ചറിവാണ് ബിഹാറിലെ ഈ തിളക്കമാര്‍ന്ന വിജയത്തിന്‍്റെ പിന്നിലുള്ള രസക്കൂട്ട്.
ഫാഷിസത്തിനെതിരെ ദേശീയ രാഷ്ട്രീയത്തില്‍ പരീക്ഷിക്കാവുന്ന കരുത്തുറ്റ സഖ്യത്തിന് പുതിയ വിത്തിടുക കൂടിയാണ് ‘നിലു’കൂട്ടുകെട്ട് ചെയ്തിരിക്കുന്നത്. ഇവര്‍ ഒന്നിക്കാനുള്ള തീരുമാനം വന്നപ്പോള്‍ മുതല്‍ ബി.ജെ.പിയുടെ ചങ്കില്‍ വെള്ളിടി വെട്ടിത്തുടങ്ങിയിരുന്നു. ഇതോടെ പ്രധാനമന്ത്രി നേരിട്ട് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കാന്‍ രംഗത്തിറങ്ങി. ഒപ്പം അമിത്ഷായും കൂടിയതോടെ അവര്‍ മനക്കോട്ടകള്‍ പലതും കെട്ടാന്‍ തുടങ്ങി.
എന്നാല്‍, പുതിയ കൂട്ടുകെട്ടിന്‍റെ ബലം ലഭിച്ചതോടെ തുടക്കത്തിലെ ആശങ്കകള്‍ മാറി, ലാലുവിനും നിതീഷിനും കോണ്‍ഗ്രസിനും പുതിയ ആത്മവിശ്വാസം കൈവന്നു. യാദവ-മുസ്ലിം-കുര്‍മി-മഹാദലിത് വിഭാഗങ്ങള്‍ തങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുന്നത് അവര്‍ കണ്ടു. അതിനുതക്ക വിഷയങ്ങള്‍ മോദിയും ബി.ജെ.പിയും അവര്‍ക്ക് സമ്മാനിക്കുകയും ചെയ്തു.
അതിലൊന്നായിരുന്നു മോഹന്‍ ഭാഗവതിന്‍്റെ സംവരണവുമായി ബന്ധപ്പെട്ട അഭിപ്രായപ്രകടനം. സംവരണ നയം പുനപരിശോധിക്കണമെന്ന ഭാഗവതിന്‍്റെ വാദം ദലിതുകളുടെ മനസ്സിനെ ബി.ജെ.പിയില്‍ നിന്നകറ്റി. ബി.ജെ.പി കളിച്ച ബീഫ് രാഷ്ട്രീയം മുസ്ലിംകളെയും ഒരു അഭയകേന്ദ്രം തേടാന്‍ നിര്‍ബന്ധിതരാക്കി.
പശുരാഷ്ട്രീയത്തിന്‍റെ മറവില്‍ യാദവ വോട്ടിനെ ഭിന്നിപ്പിക്കുകയായിരുന്നു ബി.ജെ.പിയുടെ അടുത്ത ലക്ഷ്യം. എന്നാല്‍, വളരെ തന്ത്രപരമായി ലാലു നിതീഷ് സഖ്യം ഇതിനെ നേരിട്ടു. നിതീഷിനെ പ്രതിരോധത്തിലാക്കാന്‍ വേണ്ടി വോട്ടെടുപ്പിന്‍്റെ തലേന്നുവരെ പശുരാഷ്ട്രീയം കളിക്കാന്‍ ബി.ജെ.പി തയാറായി. പശുവിന്‍്റെ പരസ്യം പത്രങ്ങളില്‍ നല്‍കിയായിരുന്നു ഇത്. എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ ഇടപെടലോടെ അതും ചീറ്റി. ബി.ജെ.പി-ആര്‍.എസ്.എസ് പ്രചരണം പല വിഷയങ്ങളില്‍ തട്ടിത്തടഞ്ഞതിനിടയില്‍ ബിഹാറിലെ തെരഞ്ഞെടുപ്പു പ്രചാരണരംഗത്ത് മുഖ്യമന്ത്രി നിതീഷ്കുമാറിന്‍െറയും ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്‍െറയും പക്കമേളം മുറുകി.
പ്രചാരണവേദികളില്‍ ലാലുവും നിതീഷും ഒത്തുവരാറുള്ളത് അപൂര്‍വമാണ്. ലാലുപ്രസാദ് നാക്കിന്‍െറ വീര്യം മുഴുവനെടുത്ത് നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും മറ്റുമെതിരെ ആഞ്ഞടിച്ചു. സൗമ്യനായ നിതീഷ്കുമാര്‍ ബിഹാറിന്‍െറ വികസനത്തെക്കുറിച്ച് ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. എതിരാളികള്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് അപ്പപ്പോള്‍ അതേ സ്ഥലത്ത് സ്റ്റേജ് കെട്ടി മറുപടി നല്‍കി. പുട്ടിനു പീരയെന്ന മട്ടില്‍ കോണ്‍ഗ്രസിന്‍െറ പ്രചാരണവും ഒപ്പത്തിനൊപ്പം മുന്നേറി. വികസന നായകനായി മോദിയെ അവതരിപ്പിച്ച ബി.ജെ.പിയെ അങ്ങനെ കടത്തിവെട്ടാന്‍ അവര്‍ക്കായി.
തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തോടെ നരേന്ദ്രമോദിക്കെതിരെ ദേശീയ തലത്തില്‍ കരുത്തനായ നേതാവായി മാറുകയാണ് നിതീഷ് കുമാര്‍. പാര്‍ലമെന്‍്റിന്‍്റെ ശീതകാലസമ്മേളനത്തില്‍ നിരവധി സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുണ്ടെന്നിരിക്കെ സഭകളില്‍ ശക്തമായ സാന്നിധ്യമായി പ്രതിപക്ഷം മാറും. ഇതോടെ കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നീക്കങ്ങള്‍ അത്ര സുഗമമാവില്ളെന്ന വിലയിരുത്തലുകളും വന്നു കഴിഞ്ഞു.
തെരഞ്ഞെടുപ്പില്‍ വിശാലസഖ്യം ജയിച്ചുവെങ്കിലും ലാലു നിതീഷിന് ഉണ്ടാക്കിവെക്കാന്‍ പോകുന്ന തലവേദനകള്‍ അത്ര ചെറുതാവില്ല. സ്ഥാനാര്‍ഥികള്‍ക്ക് സീറ്റു നല്‍കുന്നത് മിക്കവാറും പ്രശ്നരഹിതമായി നടത്തിയത് ആര്‍.ജെ.ഡിയും ജനതാദള്‍-യു വും ചൂണ്ടിക്കാട്ടുന്നു. ഈഗോ മാറ്റിവെച്ച് ഇരുമെയ്യും ഒരു മനവുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറായാല്‍ ഒരു പക്ഷെ, ബിഹാര്‍ ഇന്ത്യക്ക് വഴികാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.