പരിഷ്കരണം തുടരും; പാര്‍ലമെന്‍റ് സമ്മേളനം കലക്കരുത് –കേന്ദ്രം
text_fieldsന്യൂഡല്‍ഹി: ബിഹാര്‍ ഫലം വരുന്നതുവരെ കാത്തിരുന്നതിനൊടുവില്‍ പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളന തീയതികള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 23 വരെ ശീതകാല സമ്മേളനം ചേരുന്നതിനാണ് കേന്ദ്രമന്ത്രിസഭയുടെ പാര്‍ലമെന്‍ററികാര്യ സമിതിയുടെ തീരുമാനം. ബിഹാര്‍ ഫലത്തിന്‍െറ കൂടി പശ്ചാത്തലത്തില്‍ പ്രതിപക്ഷം സര്‍ക്കാറിനെതിരെ ആഞ്ഞടിക്കുമെന്ന് വ്യക്തമായിരിക്കേ, വര്‍ഷകാല സമ്മേളനംപോലെ പുതിയ സമ്മേളനവും അലങ്കോലപ്പെടാനാണ് സാധ്യത. ചരക്കു സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി അടക്കം പല നിയമനിര്‍മാണങ്ങള്‍ക്കും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നുണ്ട്.
ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിന്‍െറ പേരിലാണ് വര്‍ഷകാല സമ്മേളനം പൂര്‍ണമായി കലങ്ങിപ്പോയത്. വളരുന്ന അസഹിഷ്ണുതക്കെതിരായ പ്രതിഷേധം ശീതകാല സമ്മേളനത്തെ ബഹളത്തില്‍ മുക്കുമെന്ന് ഉറപ്പായിരുന്നു.
ബിഹാര്‍ ഫലം പ്രതിപക്ഷത്തിന്‍െറ മനോവീര്യം വര്‍ധിപ്പിച്ചത് സര്‍ക്കാറിന്‍െറ കാര്യപരിപാടിയെ സാരമായി ബാധിക്കും. ബിഹാര്‍ തെരഞ്ഞെടുപ്പു ഫലം പാര്‍ലമെന്‍റ് സ്തംഭിപ്പിക്കാന്‍ ഉപയോഗപ്പെടുത്തരുതെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി വെങ്കയ്യനായിഡുവും പറഞ്ഞു.
ബിഹാറിലെ ജനങ്ങളുടെ അഭിലാഷമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്; രാജ്യത്തിന്‍െറയല്ല. രാജ്യത്തിന്‍െറ ചിന്തയായി അതിനെ വ്യാഖ്യാനിക്കാതെ ശരിയായ അര്‍ഥത്തില്‍ കാണണം. പാര്‍ലമെന്‍റ് തടസ്സപ്പെടുത്താനുള്ളതായി ജനവിധിയെ വ്യാഖ്യാനിക്കുന്നത് സംസ്ഥാനത്തെ ജനങ്ങളുടെ വിവേകം ചോദ്യം ചെയ്യുന്നതായിരിക്കുമെന്നും വെങ്കയ്യ അഭിപ്രായപ്പെട്ടു. ബിഹാര്‍ ഫലം സാമ്പത്തിക പരിഷ്കരണ നടപടികളെ ബാധിക്കില്ളെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ഫലം സാമ്പത്തിക സമ്പദ്രംഗത്തിന് തിരിച്ചടിയായി കാണുന്നില്ല. ഘടനാപരമായ പരിഷ്കാരങ്ങള്‍ ത്വരിതവേഗത്തില്‍ തുടരും.
നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കേന്ദ്രസര്‍ക്കാറിനെതിരായ ഹിതപരിശോധനയല്ളെന്നും ജെയ്റ്റ്ലി പറഞ്ഞു. ചരക്കു സേവന നികുതി ബില്‍ പാസാക്കാന്‍ കഴിയുമെന്നാണ് പ്രത്യാശ. ഉപഭോക്തൃ സംസ്ഥാനമായ ബിഹാറിനും ഈ നികുതി സമ്പ്രദായം ഗുണകരമാണെന്നിരിക്കെ, സംസ്ഥാനം പിന്താങ്ങുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.