‘പ്രശാന്ത് കിഷോർ’ ഇനി മമതയുടെ പ്രചാരണത്തിന് ചുക്കാൻപിടിക്കും
text_fieldsകൊൽക്കത്ത: നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്‍റെയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻപിടിച്ച പ്രശാന്ത് കിഷോർ ഇനി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കും തൃണമൂൽ കോൺഗ്രസിനും വേണ്ടി തന്ത്രങ്ങൾ മെനയും. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി പ്രശാന്ത് കിഷോറിനെ കൊൽക്കത്തയിലേക്ക് മമത ക്ഷണിച്ചതായി റിപ്പോർട്ട്. ഈയാഴ്ച അവസാനം മമതയും പ്രശാന്തും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുമെന്നാണ് വിവരം.
അടുത്ത വർഷമാണ് പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി അധികാരത്തിൽ തുടരാനുള്ള തന്ത്രങ്ങളാവും പ്രശാന്തും സംഘവും മെനയുക. അതേസമയം, പ്രശാന്ത് കിഷോറുമായി ഈ വിഷയം ചർച്ച ചെയ്തിട്ടില്ലെന്ന് മമത ദ് ടെലിഗ്രാഫ് ദിനപത്രത്തോട് പറഞ്ഞു.
നിതീഷ്കുമാറിെൻറ തെരഞ്ഞെടുപ്പ് വിജയത്തിന് കഴിഞ്ഞ മേയിലാണ് പ്രശാന്തും സംഘവും ഒരുക്കങ്ങൾ തുടങ്ങിയത്. വിവാദ വിഷയങ്ങളിൽ പ്രതികരിക്കാതെയും വികസന പ്രവർത്തനങ്ങളിൽ ഊന്നിയുമുള്ള പ്രചാരണമാണ് നടന്നത്. ഈ തന്ത്രങ്ങൾ ഫലപ്രദമാവുകയും തെരഞ്ഞെടുപ്പിൽ ജെ.ഡി.യു-ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യം 178 സീറ്റുകൾ നേടി നിതീഷ് കുമാർ ഭരണം നിലനിർത്തുകയും ചെയ്തു.
ആരോഗ്യ പ്രവർത്തകനായിരുന്ന പ്രശാന്ത് കിഷോർ 2011ൽ ആഫ്രിക്കയിൽ ഐക്യരാഷ്ട്രസഭക്കു വേണ്ടി ജോലി ചെയ്യവെയാണ് ഇന്ത്യയിൽ തിരിച്ചെത്തി മോദിയുടെ പ്രചാരണ സംഘത്തിന് രൂപം നൽകിയത്. 2012ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിലും കഴിഞ്ഞ വർഷത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും മോദിയുടെ പ്രചാരണത്തിന് യുവ പ്രഫഷനലുകളുടെ ഈ കൂട്ടായ്മ തന്ത്രപരമായ നേതൃത്വംവഹിച്ചു.
മോദിക്കുവേണ്ടി നവീനമായ പ്രചാരണ മാർഗമാണ് 37കാരനായ പ്രശാന്ത് കിഷോർ ആവിഷ്കരിച്ചത്. ‘ചായക്കോപ്പയിലെ ചർച്ച’ എന്ന പ്രചാരണം ഏറെ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. എം.ബി.എക്കാരും ഐ.ഐ.ടിക്കാരുമാണ് സംഘത്തിലുണ്ടായിരുന്ന മിക്കവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.