ബിഹാര്‍: സംഘ്പരിവാറില്‍ ‘അടിയന്തരാവസ്ഥ’
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ കൂടുതല്‍ നേതാക്കള്‍ പരസ്യമായി രംഗത്തുവന്നതോടെ ബിഹാര്‍ തോല്‍വിയെക്കുറിച്ച് പ്രസ്താവന നടത്തുന്നത് ബി.ജെ.പി ദേശീയനേതൃത്വം വിലക്കി. പ്രസ്താവന നടത്തി വിപ്പ് ലംഘിച്ചാല്‍ അച്ചടക്കനടപടി നേരിടേണ്ടിവരുമെന്ന് നേതൃത്വം ഓര്‍മിപ്പിച്ചു. വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ബി.ജെ.പി നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി.
ബിഹാറിലെ കൂടുതല്‍ നേതാക്കള്‍ ദേശീയനേതൃത്വത്തിന്‍െറ ബിഹാര്‍തന്ത്രം പരസ്യമായി വിമര്‍ശിച്ച സാഹചര്യത്തിലാണ് ബി.ജെ.പി വിപ്പിറക്കിയത്. പാര്‍ട്ടിവക്താക്കള്‍ മാത്രം മാധ്യമങ്ങളോട് സംസാരിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് വര്‍ഗീയചേരിതിരിവുണ്ടാക്കുന്ന പ്രസ്താവനകള്‍ നിയന്ത്രിക്കാന്‍ ആര്‍.എസ്.എസ് തലവന്‍ നിര്‍ദേശിച്ചത്. ബിഹാറില്‍ പ്രയോഗിച്ച അതിതീവ്ര കാമ്പയിനിന്‍െറ കടുപ്പംകുറക്കണമെന്നും ഭാഗവത് നിര്‍ദേശിച്ചു. ആര്‍.എസ്.എസ് നേതാവ് കൃഷ്ണഗോപാലും കൂടിക്കാഴ്ചയില്‍ സംബന്ധിച്ചു.
ബി.ജെ.പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗം ബിഹാര്‍ തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ദേശീയനേതൃത്വത്തെയും ആര്‍.എസ്.എസ് തലവനെയും മാറ്റിനിര്‍ത്തിയതിനുപിറകെ നരേന്ദ്ര മോദിക്കും അമിത് ഷാക്കുമെതിരെ പരസ്യമായി കൂടുതല്‍ നേതാക്കള്‍ രംഗത്തുവന്നതാണ് വിപ്പ് നല്‍കാന്‍ കാരണം. ശത്രുഘ്നന്‍ സിന്‍ഹക്കും ഹുകുംസിങ് യാദവിനും പുറമെ ബിഹാറില്‍നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും ബേഗുസാരായില്‍നിന്നുള്ള എം.പിയുമായ ഭോലാ സിങ്ങും നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ ബി.ജെ.പി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്യ ശത്രുഘ്നന്‍ സിന്‍ഹയെ പട്ടിയോടുപമിച്ച് വിവാദത്തിലായി.
തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ മോദി ലാലുപ്രസാദ് യാദവിന്‍െറ നിലവാരത്തിലേക്ക് താഴ്ന്നുപോയെന്ന് ഭോലാ സിങ് കുറ്റപ്പെടുത്തി. തന്‍െറ പദവിയുടെ മര്യാദലംഘിച്ചാണ് ഇതുചെയ്തതെന്നും സിങ് വിമര്‍ശിച്ചു. നാലംഗസംഘം പോലെയായിരുന്നു അമിത് ഷായുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഷായെ കൂടാതെ സംസ്ഥാന നിയമസഭാ പ്രതിപക്ഷനേതാവ് നന്ദ്കിഷോര്‍ യാദവ്, ബി.ജെ.പി നിയമസഭാകക്ഷി നേതാവ് സുശീല്‍കുമാര്‍ മോദി, സംസ്ഥാന ബി.ജെ.പി പ്രസിഡന്‍റ് മംഗള്‍ പാണ്ഡെ എന്നിവരായിരുന്നു ഈ നാല്‍വര്‍സംഘത്തിലുണ്ടായിരുന്നത്. ആ നാലുപേരായിരുന്നു പോസ്റ്ററിലും ഹെലികോപ്ടിലുമുണ്ടായിരുന്നത്. ഒരു പാര്‍ട്ടിയെന്നതിലുപരി ഒരുസംഘത്തെ പോലെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. തന്നെ പോലൊരു സമര്‍പ്പിതനായ പ്രവര്‍ത്തകനെ തെരഞ്ഞെടുപ്പില്‍ അവഗണിച്ചു. കറപുരളാത്ത മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സ്ഥാപിക്കപ്പെട്ടപ്പോള്‍ മുസ്ലിം, യാദവവോട്ടുകള്‍ ലാലുപ്രസാദ് യാദവ് ഏകീകരിച്ചു. എന്നാല്‍, ഇതിന് പകരംവെക്കാനൊരു നേതൃത്വം ബി.ജെ.പിക്കില്ലായിരുന്നു. ഒരുഭാഗത്ത് വ്യവസ്ഥാപിതമായ നേതൃത്വം. മറുഭാഗത്ത് ബദല്‍നേതൃത്വമില്ലായ്മ. മദ്യ കോണ്‍ട്രാക്ടറുമൊത്ത് സ്റ്റേജ് പങ്കിട്ടാണ് മോദി മറുപക്ഷത്തെ ജന്തര്‍മന്തര്‍ കണ്‍സോര്‍ട്യം എന്ന് വിളിച്ചതെന്നും ഭോലാ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.