ഗിരീഷ് കര്‍ണാടിന് വധഭീഷണി; കൽബുർഗിക്കുണ്ടായ അനുഭവമുണ്ടാകുമെന്ന് മുന്നറിയിപ്പ്
text_fieldsബംഗളുരു: എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ ഗിരീഷ് കര്‍ണാടിന് വധഭീഷണി. ഇന്‍ടോളറന്‍റ് ചന്ദ്ര എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് വധഭീഷണി ഉണ്ടായതെന്ന് ബംഗളുരു പൊലീസ് അറിയിച്ചു. ബംഗളുരുവിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്‍റ പേരിടണമെന്ന കര്‍ണാടിന്‍റെ പ്രസംഗം വിവാദമായിരുന്നു. കെംപഗൗഡക്ക് പകരം ടിപ്പുസുല്‍ത്താനെ അവരോധിച്ച് കന്നഡികരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചാൽ സാഹിത്യകാരനായ കല്‍ബുര്‍ഗിക്കുണ്ടായ അനുഭവം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ട്വീറ്റ് മാധ്യമങ്ങളിൽ വാര്‍ത്തയായതോടെ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ബംഗളൂരുവിലെ കര്‍ണാടിന്‍റെ വീടിന് മുന്നില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
ചൊവ്വാഴ്ച കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്‍റെ പേര് നല്‍കണമെന്ന് കർണാട് ആവശ്യപ്പെട്ടിരുന്നു. ബംഗളുരു വിധാന്‍സൗധയിലെ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ടിപ്പു ജയന്തി സംസ്ഥാനതല ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. തുടർന്ന് ബി.ജെ.പിയും വിവിധ കന്നട സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നതോടെ കർണാട് പരാമര്‍ശം പിന്‍വലിച്ചു. തന്‍റെ പ്രസംഗം ആരെയങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നതായും വിവാദം അവസാനിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
താന്‍ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളൊന്നുമില്ല. ബംഗളൂരു നഗരം നിര്‍മിച്ചത് കെംപഗൗഡയാണെന്നത് ശരിയാണ്. പക്ഷേ, അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയിട്ടില്ല. തന്‍റെ പരാമര്‍ശം വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുമെന്ന് വ്യക്തമായ ബോധ്യമുണ്ട്. എന്നിരുന്നാലും താനിത് പറയും എന്ന പ്രസംഗമാണ് വിവാദത്തിന് വഴിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.