'അവൾ രാത്രി എന്തിന് ടെന്നീസ് കളിക്കാൻ പോയി' കർണാടക മന്ത്രിയുടെ വിവാദ പരാമർശം
text_fieldsബംഗളൂരു: നഗരത്തിലെ കബണ്‍ പാര്‍ക്കില്‍ സുരക്ഷാ ജീവനക്കാരുടെ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തര മന്ത്രി. ജി. പരമേശ്വരയാണ് മാനഭംഗത്തിനിരയായ പെൺകുട്ടിക്കെതിരെ വിവാദ പരാമർശവുമായി രംഗത്തെത്തിയത്. സംഭവം നിർഭാഗ്യകരമാണ്. തുംകുറിൽ നിന്നുള്ള യുവതിയെ രാത്രി 9.30നാണ് ടെന്നീസ് ക്ലബിനടുത്ത് കണ്ടത്. ടെന്നീസ് പഠിക്കുന്നതിന് വേണ്ടിയാണ് യുവതി വന്നതെന്നാണ് ലഭിച്ച വിവരം. എന്നാൽ രാത്രി യുവതി എന്തിന് ടെന്നീസ് ക്ലബിനടുത്ത് വന്നുവെന്നും മന്ത്രി ചോദിച്ചു. എല്ലാ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാമര്‍ശം വിവാദമായതോടെ തിരുത്തുമായി മന്ത്രി രംഗത്തെത്തി. തന്‍റെ പരാമര്‍ശം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണുണ്ടായത്. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് 34കാരിയായ യുവതി കൂട്ടമാനഭംഗത്തിന്നിരയായത്. ടെന്നിസ് ക്ളബിൽ അംഗത്വമെടുക്കാൻ വന്ന യുവതിയെ സുരക്ഷാ ജീവനക്കാർ മാനഭംഗപ്പെടുത്തുകയായിരുന്നു. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു. അതേസമയം, മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തി. ആദ്യമായിട്ടല്ല മന്ത്രി ഇത്തരം പരാമർശം നടത്തുന്നതെന്നും അദ്ദേഹത്തിന് കഴിയില്ലെങ്കിൽ രാജിവെച്ച് പുറത്ത് പോകണമെന്നും കേന്ദ്ര മന്ത്രി മേനക ഗാന്ധി ആവശ്യപ്പെട്ടു.
ഒന്നര മാസത്തിനിടെ നഗരത്തിനുള്ളിലും നഗരപരിധിയിലുമായി മൂന്നു യുവതികളാണ് മാനഭംഗത്തിന് ഇരയായത്. നഗരത്തിലെ മാനഭംഗ കേസുകളില്‍ മന്ത്രിമാര്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നതും ആദ്യമായിട്ടല്ല. നിങ്ങളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്താല്‍ പ്രതിപക്ഷത്തിന് എന്ത് ചെയ്യാനാകുമെന്ന ബി.ജെ.പി മുതിര്‍ന്ന നേതാവ് ഈശ്വരപ്പയുടെ പരാമര്‍ശമാണ് ആദ്യം വിവാദമായത്. ഒക്ടോബര്‍ രണ്ടിന് അന്നത്തെ ആഭ്യന്തര മന്ത്രി കെ.ജെ. ജോര്‍ജ് നടത്തിയ പരാമര്‍ശവും വിവാദത്തിന് ഇടയാക്കി. രണ്ടു പേര്‍ ബലാത്സംഗം ചെയ്താല്‍ എങ്ങിനെ കൂട്ടബലാത്സംഗമാവും, മൂന്നോ നാലോ പേരുണ്ടെങ്കില്‍ മാത്രമേ കൂട്ടബലാത്സംഗമാവു എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.