സുനന്ദയുടെ മരണം: ഡൽഹി പൊലീസ് ശശി തരൂരിന്‍റെ ഫോൺ ചോർത്തി
text_fieldsന്യൂഡൽഹി: സുനന്ദ പുഷ്കറിെൻറ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ശശി തരൂരിെൻറയും മറ്റും ഫോണുകൾ ഡൽഹി പൊലീസ് ചോർത്തി. ആഭ്യന്തരമന്ത്രാലയത്തിെൻറ അനുമതിയോടെയാണ് ഒരുമാസം കോൺഗ്രസ് നേതാവിെൻറയും മറ്റും ഫോൺ സംഭാഷണം റെക്കോഡ് ചെയ്തതെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. അതിനിടെ, കേസുമായി ബന്ധപ്പെട്ട് തരൂരിെൻറ നുണപരിശോധന ഉടനുണ്ടാകും. സുനന്ദയുടെ ആന്തരികാവയവങ്ങൾ വിശദപരിശോധനക്ക് വിധേയമാക്കിയ അമേരിക്കൻ അന്വേഷണ ഏജൻസി എഫ്.ബി.ഐയുടെ റിപ്പോർട്ട് ഏതാനും ദിവസംമുമ്പ് ഡൽഹി പൊലീസിന് ലഭിച്ചിട്ടുണ്ട്.
റിപ്പോർട്ട് വിശകലനം ചെയ്യാൻ സുനന്ദയുടെ പോസ്റ്റ്മോർട്ടം നടത്തിയ ഡൽഹി എയിംസ് ആശുപത്രിയിലെ മെഡിക്കൽ ബോർഡിന് നൽകിയിരിക്കുകയാണ്. എഫ്.ബി.ഐ റിപ്പോർട്ട് സംബന്ധിച്ച് മെഡിക്കൽ ബോർഡിെൻറ അഭിപ്രായംകൂടി ഉൾപ്പെടുത്തി പൊലീസ് ഉടൻ കോടതിക്ക് കൈമാറും. അതോടൊപ്പം തരൂരിനെ നുണപരിശോധനക്ക് വിധേയമാക്കാൻ കോടതിയുടെ അനുമതിയും തേടും. നുണപരിശോധനക്ക് വിധേയനാകാൻ തരൂർ സമ്മതമറിയിച്ചിട്ടുണ്ട്.
2014 ജനുവരിയിലാണ് ഡൽഹിയിലെ ആഡംബരഹോട്ടലിൽ സുനന്ദ പുഷ്കറിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം പെട്ടെന്നുള്ള അസ്വാഭാവികമരണമെന്ന് രേഖപ്പെടുത്തിയ പൊലീസ് ഒരു വർഷത്തിനുശേഷം സംഭവം കൊലപാതകമാണെന്ന് വിലയിരുത്തി കൊലക്കുറ്റത്തിന് കേസെടുത്തു. എന്നാൽ, ആരെയും പ്രതിചേർത്തിട്ടില്ല. തരൂരിനെ പലകുറി ചോദ്യംചെയ്ത പൊലീസ് തരൂരിെൻറ ഡ്രൈവറും വീട്ടുജോലിക്കാരും കുടുംബസുഹൃത്തും ഉൾപ്പെടെ ആറുപേരെ നുണപരിശോധനക്ക് വിധേയമാക്കി. സുനന്ദയുടെ മരണം വിഷം അകത്തുചെന്നാണെന്ന് സ്ഥിരീകരിക്കുന്ന എഫ്.ബി.ഐ റിപ്പോർട്ടിൽ സുനന്ദയുടെ ശരീരത്തിൽ കണ്ടെത്തിയ വിഷാംശം പൊളോണിയംപോലുള്ള റേഡിയോ ആക്ടിവ് പദാർഥമല്ലെന്ന് വ്യക്തമാക്കുന്നു. പരിശോധനയിൽ എളുപ്പം കണ്ടെത്താൻ സാധ്യമല്ലാത്ത വിഷാംശമാണ് പൊളോണിയംപോലുള്ള റേഡിയോ ആക്ടിവ് പദാർഥങ്ങൾ. അത്തരം വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന സംശയമുയർന്നതിനാണ് ആന്തരികാവയവം വിശദപരിശോധനക്ക് വിദേശത്തയച്ചത്.
പൊളോണിയം കണ്ടെത്താൻ സാധിച്ചില്ലെന്ന എഫ്.ബി.ഐ റിപ്പോർട്ട് സംശയത്തിെൻറ കരിനിഴലിൽ നിൽക്കുന്ന ശശി തരൂരിന് ആശ്വാസംപകരുന്നതാണ്. സുനന്ദയുടെ മരണം കൊലപാതകമാണെന്ന് വിലയിരുത്തിയ ഡൽഹി പൊലീസിന് പക്ഷേ, ഇതുവരെ അത് സ്ഥാപിക്കാനുള്ള തെളിവുശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. അന്വേഷണം നീളുന്നതും അതുകൊണ്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.