എൽ.പി.ജി സബ്സിഡി വെട്ടിച്ചുരുക്കൽ: തീരുമാനം പാർലമെൻറ് സമ്മേളനത്തിനു ശേഷം
text_fieldsന്യൂഡൽഹി: 10 ലക്ഷം രൂപ വാർഷിക വരുമാനമുള്ളവരെ പാചകവാതക സബ്സിഡിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം കേന്ദ്ര സർക്കാർ വൈകാതെ നടപ്പാക്കും. പാർലമെൻറിെൻറ ശീതകാല സമ്മേളനം പൂർത്തിയാകുന്നതോടെ ഡിസംബറിൽ അല്ലെങ്കിൽ ജനുവരിയിൽ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന.
സാമ്പത്തിക ശേഷിയുള്ളവരെ പാചകവാതക സബ്സിഡിയിൽനിന്ന് ഒഴിവാക്കാൻ സമയമായെന്ന് നവംബർ ആദ്യം ഡൽഹിയിൽ നടന്ന ‘ഇക്കണോമിക് കോൺക്ലേവ്’ ചർച്ചക്കിടെ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 10 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർക്ക് പാചകവാതക സബ്സിഡി എടുത്തുകളയാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വെളിപ്പെടുത്തിയത്. സാമ്പത്തികശേഷിയുള്ളവർക്ക് പാചകവാതക സബ്സിഡിയുടെ ആവശ്യമെന്താണെന്നും അത് മുമ്പേ നിർത്തലാക്കേണ്ടതായിരുന്നുവെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
പാചകവാതക സബ്സിഡിയിൽനിന്ന് ഒരു വിഭാഗത്തെ ഒഴിവാക്കുകയെന്നത് എൻ.ഡി.എ സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചുവെന്നതിെൻറ സൂചനയാണ് മുതിർന്ന മന്ത്രിമാർ നൽകിയത്. കേന്ദ്രസർക്കാറിെൻറ പരസ്യപ്രചാരണത്തെ തുടർന്ന് ഇതുവരെ 45 ലക്ഷത്തോളം പേർ പാചകവാതക സബ്സിഡി സ്വയം ഉപേക്ഷിച്ചിട്ടുണ്ട്.
യഥാർഥത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നടത്തിയ പ്രചാരണം സബ്സിഡി വെട്ടിച്ചുരുക്കുന്നതിെൻറ തുടക്കമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് കേന്ദ്രസർക്കാറിെൻറ പുതിയ നീക്കം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞുനിൽക്കുന്ന സാഹചര്യം പാചകവാതക സബ്സിഡി ഭാഗികമായെങ്കിലൂം എടുത്തുകളയാനുള്ള സുവർണാവസരമായാണ് സർക്കാർ കാണുന്നത്. നിലവിൽ സിലിണ്ടർ ഒന്നിന് സർക്കാർ നൽകുന്ന സബ്സിഡി 200 രൂപയിലും താഴെയാണ്. ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളിൽ പോയ സമയത്ത് ഇത് 500 രൂപയിൽ മുകളിലായിരുന്നു.
ഇപ്പോൾ സബ്സിഡി എടുത്തുകളഞ്ഞാൽ അത് ബാധിക്കുന്നവർക്ക് വലിയ ഭാരം തോന്നില്ല. അതുകൊണ്ടുതന്നെ ജനരോഷവും കുറയും. എന്നാൽ, മേലിൽ ക്രൂഡ് വില ഉയർന്നാൽ, സബ്സിഡി നഷ്ടപ്പെട്ടവർ വിലക്കയറ്റത്തിന് അനുസൃതമായി ഉയർന്ന വില നൽകേണ്ടിവരും. പെട്രോൾ വില കുറഞ്ഞ അവസരം നോക്കിയാണ് നേരത്തേ യു.പി.എ സർക്കാർ സബ്സിഡി എടുത്തുമാറ്റി പെട്രോളിെൻറ വിലനിയന്ത്രണം നീക്കിയത്. യു.പി.എയെ അനുകരിച്ച് ഡീസലിെൻറ സബ്സിഡി അതേരീതിയിൽ എടുത്തുകളഞ്ഞ മോദി സർക്കാർ പാചകവാതകത്തിലും സമാന തന്ത്രം പ്രയോഗിക്കാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.