സി.പി.എം പ്ളീനം: സംഘടനാ റിപ്പോര്‍ട്ടിന് ഭേദഗതികളോടെ അംഗീകാരം
text_fields
ന്യൂഡല്‍ഹി: സി.പി.എമ്മിന്‍െറ സംഘടനാ സംവിധാനത്തില്‍ കാര്യമായ പൊളിച്ചെഴുത്ത് ഇല്ലാതെ പാര്‍ട്ടി പ്ളീനം സംഘടനാ റിപ്പോര്‍ട്ടിന് കേന്ദ്ര കമ്മിറ്റി തത്ത്വത്തില്‍ അംഗീകാരം നല്‍കി. പാര്‍ട്ടി നേതാക്കളിലും അണികളിലും പ്രത്യയശാസ്ത്ര അവബോധം കുറഞ്ഞു; സ്ഥാനമോഹമാണ് പലരെയും നയിക്കുന്നത്, സ്ഥാനത്ത് എത്തുന്നവര്‍ പിണിയാളുകളെ കൂടെനിര്‍ത്തി വളര്‍ത്തുന്നു തുടങ്ങിയ വിമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് സംഘടനാ റിപ്പോര്‍ട്ട്. ഈ കുറവുകള്‍ മാറ്റിയെടുക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് പക്ഷേ, നിലവിലുള്ള കേന്ദ്രീകൃത ജനാധിപത്യ സംഘടനാ സംവിധാനത്തില്‍ കാര്യമായ പരിഷ്കാരങ്ങള്‍ മുന്നോട്ടുവെക്കുന്നില്ല.
വെള്ളിയാഴ്ച മുതല്‍ നാലു ദിവസമായി പാര്‍ട്ടി ആസ്ഥാനത്ത് ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം സംഘടനാ റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ചചെയ്തു. പോളിറ്റ് ബ്യൂറോ തയാറാക്കിയ സംഘടനാ റിപ്പോര്‍ട്ട് സമഗ്രമല്ളെന്ന വിമര്‍ശം കേന്ദ്ര കമ്മിറ്റിയില്‍ ഉയര്‍ന്നു. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതികള്‍ സഹിതമാണ് ഒടുവില്‍ റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ചത്. പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റികളില്‍ ചര്‍ച്ചക്ക് നല്‍കും. റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കം സംബന്ധിച്ച് സംസ്ഥാന ഘടകങ്ങള്‍ മുന്നോട്ടുവെക്കുന്ന ഭേദഗതികള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ചചെയ്യാനായി പ്ളീനത്തിന് തലേദിവസം ഡിസംബര്‍ 26ന് കൊല്‍ക്കത്തയില്‍ പ്രത്യേക കേന്ദ്ര കമ്മിറ്റി യോഗം ചേരും. പ്രസ്തുത യോഗത്തില്‍ സംഘടനാ റിപ്പോര്‍ട്ടിനും പ്രമേയത്തിനും അന്തിമ അനുമതി നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഡിസംബര്‍ 27 മുതല്‍ 31 വരെ കൊല്‍ക്കത്തയിലാണ് പാര്‍ട്ടി പ്ളീനം നടക്കുക. കേരളത്തില്‍നിന്നുള്‍പ്പെടെ 465 പ്രതിനിധികളാണ് 37 വര്‍ഷത്തിനുശേഷം നടക്കുന്ന സി.പി.എം പ്ളീനത്തില്‍ പങ്കെടുക്കുന്നത്. ഇതിനായി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ, പൊതുസമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് പാര്‍ട്ടി നിയോഗിച്ച വിദഗ്ധ സമിതികള്‍ പഠനം നടത്തി.
കേരളത്തില്‍ സി.പി.എം ഐക്യത്തില്‍ –യെച്ചൂരി
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന്‍െറ നേതൃത്വത്തില്‍ കേരളത്തില്‍ സി.പി.എം ഐക്യത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേടിയ വിജയം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യവെയാണ് കോടിയേരിയുടെ നേതൃത്വത്തെ യെച്ചൂരി പുകഴ്ത്തിയത്. പാര്‍ട്ടിയെ ഒന്നിച്ചുകൊണ്ടുപോകാന്‍ കഴിയുന്നില്ളെന്ന ആക്ഷേപമാണ് പിണറായി വിജയന്‍െറ നേതൃത്വത്തിനെതിരെ വി.എസ്. അച്യുതാനന്ദന്‍ നിരന്തരം ഉന്നയിച്ചിരുന്ന ആക്ഷേപം. കോടിയേരി പാര്‍ട്ടിയെ ഐക്യത്തോടെ നയിച്ചുവെന്നും അത് വിജയം കണ്ടുവെന്നും എടുത്തുപറഞ്ഞ യെച്ചൂരി പരോക്ഷമായി വി.എസിനെ സാധൂകരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തിന് സംസ്ഥാന ഘടകത്തെ കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.