തമിഴ്നാട്ടിൽ മഴ തുടരുന്നു: 12 ശിശുക്കളെ വ്യോമസേന രക്ഷപ്പെടുത്തി; മരണം 95
text_fieldsചെന്നൈ: തമിഴ്നാട്ടിലെ മഴക്കെടുതിയിൽ അകപ്പെട്ടവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള രക്ഷാപ്രവർത്തനങ്ങൾ വ്യോമസേന ഊർജിതപ്പെടുത്തി. ചെന്നൈ നഗരത്തിലെ വെള്ളക്കെട്ടിൽ അകപ്പെട്ട 12 ശിശുക്കളും ആറ് സ്ത്രീകളും അടക്കം 22 പേരെ ഹെലികോപ്ടർ സഹായത്താൽ വ്യോമസേന സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നഗരത്തിലെ അശോക് നഗർ അടക്കമുള്ള മേഖലകളിൽ നിന്നാണ് ജനങ്ങളെ ഒഴിപ്പിച്ചത്.
കുടുങ്ങി കിടക്കുന്നവർക്കായി 100 ലിറ്റർ വെള്ളവും 150 പാക്കറ്റ് ഭക്ഷണപ്പൊതികളും ഹെലികോപ്ടർ വഴി വിതരണം ചെയ്തു. താംബരം ബേസ് ആസ്ഥാനമാക്കിയാണ് വ്യോമസേന രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കൂടുതൽ ഹെലികോപ്ടറുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാകാനുള്ള തയാറെടുപ്പിലാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിൽ മരണപ്പെട്ടവരുടെ എണ്ണം 95 ആയി. തിങ്കളാഴ്ച മാത്രം 11 പേർ മരണപ്പെട്ടു. നഗരത്തിൽ റോഡ്, റെയിൽ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. 24 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അടിയന്തര ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി ജയലളിത 500 കോടി രൂപ അനുവദിച്ചു. ദുരിതത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും കൃഷിനാശത്തിനും ഉള്ള നഷ്ടപരിഹാരത്തിനായി രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കാൻ ജയലളിത കഴിഞ്ഞയാഴ്ച നിർദേശം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.