അശോക് സിംഗാൾ: വി.എച്ച്.പിയുടെ വിട്ടുവീഴ്ചയില്ലാത്ത മുഖം
text_fieldsന്യൂഡൽഹി: വിശ്വഹിന്ദു പരിഷത്തിനെ ഗ്രാമഗ്രാമാന്തരങ്ങളിലേക്ക് എത്തിച്ച നേതാവായിരുന്നു അശോക് സിംഗാൾ. ആർ.എസ്.എസിലൂടെ പൊതുജീവിതത്തിന് തുടക്കംകുറിച്ച സിംഗാൾ 1980 മുതലാണ് വി.എച്ച്.പിയുടെ അന്തർദേശീയ നേതാവാകുന്നത്. 1984ൽ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുക്കാൻ ഡൽഹിയിൽ വിളിച്ചുചേർത്ത സന്യാസി സമ്മേളനത്തിെൻറ മുഖ്യ സംഘാടകൻ സിംഗാൾ ആയിരുന്നു. പിന്നീട് ഇന്നോളം സമരത്തിെൻറ മുഖ്യ ചാലകശക്തിയും ഇദ്ദേഹമായിരുന്നു.
തമിഴ്നാട്ടിലെ മീനാക്ഷിപുരം ദലിത് മതംമാറ്റ കാലത്ത് വി.എച്ച്.പിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവന്നതും സിംഗാളിെൻറ നീക്കങ്ങളായിരുന്നു. വെള്ളാപ്പള്ളി നടേശൻ ബി.ജെ.പി ബാന്ധവത്തിനായി ഡൽഹിയിലെത്തിയപ്പോൾ അമിത് ഷായോടൊപ്പം അദ്ദേഹത്തെ സ്വീകരിച്ചവരുടെ കൂട്ടത്തിൽ അശോക് സിംഗാളും ഉണ്ടായിരുന്നുവെന്നത് ശ്രദ്ധിക്കുക. മുസ്ലിംകളെയും ഇസ്ലാമിനെയുംകുറിച്ച് ശത്രുതാപരമായ, എന്നാൽ തുറന്നതുമായ നിലപാടായിരുന്നു സിംഗാളിേൻറത്. സിംഗാളും തൊഗാഡിയയും ചേർന്ന് ഒരിക്കൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഉയർന്നുകേട്ട വാദങ്ങൾ വിചിത്രമായിരുന്നു. മക്കയിലും മദീനയിലും ക്ഷേത്രമുണ്ടാക്കാൻ ഹിന്ദുക്കളെ മുസ്ലിംകൾ അനുവദിക്കുമോ? ഉസാമ ബിൻലാദിെൻറ പേരിൽ വേൾഡ് ട്രേഡ് സെൻറർ തകർന്ന സ്ഥലത്ത് സ്മാരകം പണിയാൻ അമേരിക്ക അനുവദിക്കുമോ? അതുപോലല്ലേ അയോധ്യയിൽ ബാബറുടെ പേരിൽ പള്ളി വേണമെന്ന മുസ്ലിംകളുടെ വാദം? മുഖത്ത് ചിരിയുടെ ലവലേശംപോലുമില്ലാതെ ഇത്തരം വിചിത്രവാദങ്ങൾ നിരത്തുന്ന ആ മനുഷ്യെൻറ ഉത്തമബോധ്യം എത്ര മറുചോദ്യങ്ങൾകൊണ്ടും നേരിടാൻ കഴിയാത്തതായിരുന്നു.
പക്ഷേ, അയോധ്യാ തർക്കത്തിന് പരിഹാരം കണ്ടെത്താൻ ഒരിക്കലെങ്കിലും സിംഗാൾ സ്വന്തമായി ചില പോംവഴികൾ തേടി. മൊറോകോ, ഈജിപ്ത്, മാലദ്വീപ് തുടങ്ങി 18ഓളം മുസ്ലിം രാജ്യങ്ങളിലെ പണ്ഡിതർ ഒപ്പിട്ട ഒരു ഫത്വയുമായി ഒരിക്കൽ സിംഗാൾ വാർത്താസമ്മേളനത്തിനെത്തി. വിഗ്രഹാരാധന നടക്കുന്നിടത്ത് പള്ളി പണിയുന്നത് അനുവദനീയമല്ല എന്നായിരുന്നു ഈ ഫത്വയിൽ ഉണ്ടായിരുന്നത്. ബാബരി മസ്ജിദ് വളപ്പിലുള്ള താൽക്കാലിക ക്ഷേത്രത്തിൽ വിഗ്രഹാരാധന നടക്കുന്ന സാഹചര്യത്തിൽ ഇനി അവിടെ പള്ളി പണിയരുതെന്നാണ് ഈ ഫത്വയിലൂടെ സിംഗാൾ സ്ഥാപിക്കാൻ ശ്രമിച്ചത്.
പാകിസ്താനിലെ ജംഇയ്യതുൽ ഇസ്ലാമിെൻറ തീപ്പൊരി നേതാവായ മൗലാനാ ഫസ്ലുർറഹ്മാൻ ഡൽഹിയിൽ വന്നപ്പോൾ സിംഗാൾ കൂടിക്കാഴ്ച നടത്തിയതും അന്ന് വലിയ വാർത്തയായി. അശോക് സിംഗാളിന് നരേന്ദ്ര മോദി നൽകേണ്ട ജന്മദിനസമ്മാനമാണ് രാമജന്മഭൂമി ക്ഷേത്രമെന്ന് ഈ ഒക്ടോബറിൽ ജന്മദിനം ആഘോഷിക്കവെ മോഹൻ ഭാഗവതും രാജ്നാഥ് സിങ്ങും നിരവധി നേതാക്കളും പങ്കെടുത്ത വേദിയിൽ ആവശ്യമുയർന്നു. അയോധ്യയിലെ രാമക്ഷേത്ര നിർമാണം മോദി സർക്കാറിെൻറ കാലത്ത് പൂർത്തിയാക്കണമെന്ന സാക്ഷി മഹാരാജിെൻറ പ്രസ്താവന സിംഗാളിെൻറ നിർദേശപ്രകാരമായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
രാമക്ഷേത്ര നിർമാണ പ്രക്ഷോഭം സജീവമാക്കുന്നതിന് കഴിഞ്ഞ ജൂണിൽ അയോധ്യയിൽ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സിംഗാൾ പക്ഷേ നരേന്ദ്ര മോദിയെക്കുറിച്ച് അങ്ങേയറ്റം നിരാശനായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തെൻറ ജീവിതകാലത്ത് അത് സംഭവിച്ചുകാണുമെന്ന പ്രതീക്ഷയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ആർ.എസ്.എസിെൻറ അടിസ്ഥാന വിഷയങ്ങൾ മാറ്റിവെച്ച് കച്ചവടം മുഖ്യ അജണ്ടയാക്കിയ മോദിയെ പരസ്യമായി വിമർശിക്കാതെ സിംഗാൾ യാത്രയായി. തൊഗാഡിയമാരും പ്രാചി–സാക്ഷിമാരുമുള്ള പുതിയ കാലത്ത് പാർട്ടിക്ക് അണികളെ കിട്ടുമായിരിക്കും. പക്ഷേ, പഴയ പ്രഭാവം ഇനി ഉണ്ടാകണമെന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.