ഇന്ത്യ–പാക് ചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ മോദിയെ നീക്കണം -മണിശങ്കര്‍ അയ്യര്‍
text_fieldsന്യൂഡല്‍ഹി: ഇന്ത്യ-പാക് ചര്‍ച്ച പുനരാരംഭിക്കണമെങ്കില്‍ നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന മുന്‍ കേന്ദ്രമന്ത്രി മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം വിവാദമാകുന്നു.
പാക് ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചക്കിടെയാണ് അയ്യര്‍ വിവാദ പരാമര്‍ശം നടത്തിയത്. അയ്യരുടെ നിലപാടിനെതിരെ ബി.ജെ.പി രംഗത്തുവന്നു. പരാമര്‍ശം ദേശവിരുദ്ധവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് പറഞ്ഞ കേന്ദ്രമന്ത്രിമാരായ വെങ്കയ്യ നായിഡുവും പ്രകാശ് ജാവ്ദേകറും അയ്യര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടു.
മണിശങ്കര്‍ അയ്യര്‍ക്കൊപ്പം മുന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെതിരെയും നടപടി വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. കഴിഞ്ഞയാഴ്ച പാകിസ്താന്‍ സന്ദര്‍ശിച്ച സല്‍മാന്‍ ഖുര്‍ഷിദ് നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. പാകിസ്താന്‍ സമാധാനത്തിന്‍െറ പ്രാവുകളെ പറത്തുമ്പോള്‍ ഇന്ത്യ അവയെ വെടിവെച്ചിടുകയാണെന്നായിരുന്നു ഖുര്‍ഷിദിന്‍െറ പ്രസ്താവന. രണ്ടു പേരും രാജ്യദ്രോഹപരമായ നിലപാടുകളാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഇവരുടെ പരാമര്‍ശങ്ങള്‍ ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണെന്നും കേന്ദ്രമന്ത്രിമാര്‍ പറഞ്ഞു. ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ വന്ന മോദിയെ ഇകഴ്ത്തുന്നത് അവഹേളനമാണ്. വിദേശ മണ്ണില്‍ ഇന്ത്യയെ അപമാനിക്കുകയാണ് മണിശങ്കര്‍ അയ്യരും സല്‍മാന്‍ ഖുര്‍ഷിദും ചെയ്തത്.
ഇരുവരും പാകിസ്താന്‍െറ കുഴലൂത്തുകാരായി മാറിയിരിക്കുകയാണ്. പാകിസ്താന്‍െറ ഭാഗത്ത് ശരിയുണ്ടെങ്കില്‍ പതിറ്റാണ്ടുകളായി ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് എന്തുകൊണ്ടാണ് കശ്മീര്‍ പ്രശ്നം പരിഹരിക്കാതിരുന്നതെന്ന് വെങ്കയ്യ നായിഡു ചോദിച്ചു. ഇവരുടെ നിലപാടുകള്‍ ശരിവെക്കുന്നുണ്ടോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. അല്ലാത്തപക്ഷം സോണിയ ഗാന്ധി മാപ്പുപറയണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. പാരിസ് ആക്രമണത്തെക്കുറിച്ച് മണിശങ്കര്‍ അയ്യര്‍ പാക് ടി.വി ചാനലില്‍ നടത്തിയ അഭിപ്രായങ്ങള്‍ ഐ.എസിന്‍െറയോ താലിബാന്‍െറയോ വക്താക്കള്‍ സംസാരിക്കുന്നതുപോലെയാണെന്നും അയ്യരുടെ നിലപാടുകള്‍ ഇന്ത്യക്കാര്‍ക്കും രാഷ്ട്ര താല്‍പര്യത്തിനും എതിരാണെന്നും ബി.ജെ.പി വക്താവ് മീനാക്ഷി ലേഖി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എന്നാല്‍, വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് അവര്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എ.ഐ.സി.സി ആസ്ഥാനത്ത് നടത്തുന്ന വാര്‍ത്താസമ്മേളനത്തില്‍ പറയുന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് വക്താവ് അഭിഷേക് സിങ്വി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.