നിതീഷ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇന്ന്; തേജസ്വി ഉപമുഖ്യമന്ത്രിയാകും
text_fieldsപട്ന: ബിഹാറിൽ നിതീഷ് കുമാർ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഉച്ചക്ക് രണ്ട് മണിക്ക് പട്നയിലെ ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കുന്നത്. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്‍റെ മകൻ തേജസ്വി പ്രസാദ് യാദവ് ഉപമുഖ്യമന്ത്രിയാകും. ആർ.ജെ.ഡി, ജെ.ഡി.യു പാർട്ടികളെ പ്രതിനിധീകരിച്ച് 12 വീതവും കോൺഗ്രസിന്‍റെ നാലു പേരും മന്ത്രിമാരായി സത്യവാചകം ചൊല്ലും. തുടർച്ചയായ മൂന്നാം തവണയാണ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രിയാകുന്നത്. 26കാരനായ തേജസ്വി സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഉപമുഖ്യമന്ത്രിയാണ്.
കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം കോൺഗ്രസ് ഭരണത്തിലുള്ള ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ.സി.പി അധ്യക്ഷൻ ശരത് പവാർ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുല്ല, കോൺഗ്രസ് ലോക്സഭാ നിയമസഭാകക്ഷി നേതാവ് മല്ലികാർജുന ഖാർഗെ, ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിൻ എന്നീ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ വെങ്കയ്യ നായിഡു, രാജീവ് പ്രതാവ് റൂഡി എന്നിവരും ശിവസേനയെ പ്രതിനിധീകരിച്ച് മഹാരാഷ്ട്ര സർക്കാറിലെ രണ്ട് മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.